അബ്ദുൽ റഹീമിന്‍റെ കേസ് റിയാദ് കോടതി അഞ്ചാം തവണയും മാറ്റി; മോചനം നീളും
Mail This Article
റിയാദ്∙ സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്‍റെ കേസ് റിയാദ് കോടതി അഞ്ചാം തവണയും മാറ്റിവച്ചു. ഈ മാസം 12ന് നടക്കേണ്ടിയിരുന്ന സിറ്റിങ് സാങ്കേതിക തടസ്സങ്ങൾ മൂലമാണു കോടതി ഇന്നത്തേക്കു മാറ്റിയത്. ഇന്നു രാവിലെയായിരുന്നു സിറ്റിങ് നിശ്ചയിച്ചിരുന്നത്. സിറ്റിങ്ങിൽ എല്ലാം തീർപ്പാക്കി ഉത്തരവിന്‍റെ പകർപ്പ് ഗവർണറേറ്റിലേക്കും ജയിലിലേക്കും നൽകുമെന്നാണു പ്രതീക്ഷിച്ചിരുന്നത്. തീരുമാനം അനുകൂലമായാൽ ആഭ്യന്തര മന്ത്രാലയത്തിന്‍റെ കീഴിലുള്ള പാസ്പോർട്ട് വിഭാഗത്തിന് ഫൈനൽ എക്സിറ്റ് നടപടികൾ പൂർത്തിയാക്കാനായേനെ.
റഹീമിന്‍റെ മടക്കയാത്രക്കുള്ള രേഖകൾ എംബസി തയ്യാറാക്കിയിട്ടുണ്ട്. സൗദി പൗരൻ അനസ് അൽ ശഹ്റിയുടെ മരണവുമായി ബന്ധപ്പെട്ടാണ് റഹീമിന് സൗദിയിലെ കോടതി വധശിക്ഷ വിധിച്ചത്. 2006 ഡിസംബർ 25നാണ് കേസിനാസ്പദമായ സംഭവം. സൗദി പൗരനായ അനസ് ബിൻ ഫായിസ് അബ്ദുല്ല അൽ ശഹ്റിയുടെ സ്പോൺസർഷിപ്പിൽ ഹൗസ് ഡ്രൈവറായാണ് റഹീം സൗദിയിൽ എത്തിയത്. വാഹനാപകടത്തെ തുടർന്ന് ഇരിക്കാനും നടക്കാനും കഴിയാതെ തളർന്ന അനസ് അൽ ശഹ്റി എന്ന 18കാരനെ പരിചരിക്കലായിരുന്നു റഹീമിന്‍റെ ജോലി.
കഴുത്തിനു താഴെ ചലനശേഷി നഷ്ടമായ അനസ് ബിൻ ഫായിസ് ജീവൻ നിലനിർത്തിയതു വൈദ്യോപകരണങ്ങളുടെ സഹായത്തോടെയായിരുന്നു. യാത്രക്കിടെ സിഗ്നലിൽ കാർ നിർത്തിയതുമായി ബന്ധപ്പെട്ട് അനസും റഹീമും തമ്മിൽ തർക്കമുണ്ടാകുകയും ഇതിനിടെ റഹീമിന്‍റെ കൈ തട്ടി അനസിന്‍റെ ദേഹത്ത് ഘടിപ്പിച്ച വയർ ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. ഇതാണ് അനസിന്‍റെ മരണത്തിൽ കലാശിച്ചത്.