ADVERTISEMENT

കൊച്ചി ∙ തൃക്കാക്കര എംഎൽഎ ഉമ തോമസിന്റെ വീഴ്ചയ്ക്ക് കാരണമായ സ്റ്റേജ് നിർമിച്ചതിൽ അടിമുടി അപാകത. സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശമുള്ള ജിസിഡിഎയിൽ നിന്ന് അനുമതി വാങ്ങാതെയാണ് ഇവിടെ സ്റ്റേജ് നിർമിച്ചത്. ഉമ തോമസിനു പുറമെ വേദിയിലുണ്ടായിരുന്നത് മന്ത്രി സജി ചെറിയാൻ, ഹൈബി ഈഡൻ എംപി, സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ, ജിസിഡിഎ ചെയർമാൻ കെ.ചന്ദ്രൻ പിള്ള അടക്കമുള്ളവർ. നിലവിളക്ക് കൊളുത്താൻ മാത്രമുള്ള സംവിധാനമേ ഇവിടെ ഒരുക്കൂ എന്നായിരുന്നു സംഘാടകർ ജിസിഡിഎയെ അറിയിച്ചിരുന്നത്. എന്നാൽ വിഐപികൾക്ക് അടക്കം നിൽക്കാവുന്ന വിധത്തിൽ വലിയ സ്റ്റേജ് തന്നെ ചട്ടങ്ങൾ ലംഘിച്ച് സംഘാടകർ നിർമിക്കുകയായിരുന്നു. സംഘാടകർക്കെതിരെ പൊലീസ് കേസിനു പുറമെ ജിസിഡിഎയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഉമ തോമസിനുണ്ടായ അപകടത്തിനു പുറമെ വലിയ അപകടങ്ങൾക്കും സാധ്യതയുണ്ടായിരുന്നു. മൃദംഗനാദം എന്ന നൃത്ത സന്ധ്യയിൽ പങ്കെടുത്ത 12,000 നർത്തകിമാരേയും സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചതും പുറത്തിറക്കിയതും ഒരേ ഗേറ്റ് വഴിയായിരുന്നു. മൈതാനത്തേക്ക് നേരിട്ടു കടക്കാനുള്ള മറ്റു വാതിലുകളെല്ലാം അടച്ച നിലയിലായിരുന്നു. എന്തെങ്കിലും അപകടം സംഭവിച്ചിരുന്നെങ്കിൽ പുറത്തിറങ്ങാനായി മറ്റു വഴികൾ ഉണ്ടായിരുന്നില്ല എന്നതും സംഘാടനത്തിലെ പിഴവായി ചൂണ്ടിക്കാട്ടപ്പെട്ടുന്നു. 

ഐഎസ്എൽ ഉൾപ്പെടെ നടക്കുമ്പോൾ കനത്ത സുരക്ഷ ഒരുക്കുന്ന സ്റ്റേഡിയത്തിലാണ് ഒന്നാം നിലയിലെ 13 നിര കസേരകൾക്ക് മുകളിൽ സ്റ്റേജ് നിര്‍മിച്ചത്. ഈ കസേരകൾക്ക് മുകളിൽ കമ്പികൾ ഉറപ്പിച്ച ശേഷം അതിൽ പലക ഇട്ടായിരുന്നു സ്റ്റേജ് നിർമാണം. നിർമാണ സമയത്തു തന്നെ ഇത് പാടില്ലെന്നു ചൂണ്ടിക്കാട്ടിയതായി ഇന്നു രാവിലെ സ്റ്റേഡിയത്തിൽ പരിശോധന നടത്തിയ ജിസി‍ഡിഎ എൻജിനീയർമാർ പറയുന്നു. എന്നാൽ, നിലവിളക്ക് കൊളുത്താൻ മാത്രമേ ഇത് ഉപയോഗിക്കൂ എന്നായിരുന്നു സംഘാടകർ അറിയിച്ചത്.

സ്റ്റേഡിയത്തിന്റെ ഗ്രൗണ്ടിലാണ് ആദ്യം വിളക്ക് കൊളുത്താൻ തീരുമാനിച്ചതെന്നും ഇത് അനുവദിക്കാതിരുന്നതിനാലാണ് വേദിയിലേക്ക് മാറ്റിയതെന്നുമായിരുന്നു സംഘാടകരുടെ ആദ്യ വിശദീകരണം. അതുകൊണ്ടു തന്നെ വിഐപികളെ ഉൾപ്പെടെ ഉൾക്കൊള്ളിക്കാൻ ആദ്യം മുതലേ ഉദ്ദേശിച്ചുള്ളതായിരുന്നു വേദി എന്നു വ്യക്തമാണ്. 

ഒന്നാം നിലയിൽ നിന്നു രണ്ടര–മൂന്നു മീറ്ററോളം ഉയരത്തിൽ കെട്ടിയുണ്ടാക്കിയ വേദിയിലെ ചെറിയ സ്ഥലത്ത് രണ്ടു നിര സീറ്റുകളാണ് ഇട്ടിരുന്നത്. താഴെ വിഐപി ഗേറ്റിലൂടെ കയറി വരുന്നവർ താഴെ വന്ന ശേഷം ഒന്നാം നിലയിലേക്കുള്ള ഗോവണി വഴി കയറി എത്തിയ ശേഷം വീണ്ടും 2 പടികൾ കൂടി കയറിയാലേ വേദിയിലെത്തൂ. ബുദ്ധിമുട്ടിയാണ് ഉമ തോമസും ചന്ദ്രൻ പിള്ളയും അടക്കമുള്ളവർ ഇതിലേക്ക് കയറിയതും. രണ്ടു നിര സീറ്റുകൾ ഇട്ടതിനു ശേഷം ഒരാൾക്ക് നടന്നു പോകാവുന്നത്ര സ്ഥലമാണ് മുന്നിൽ ഉണ്ടായിരുന്നത്. ഈ സ്ഥലവും കസേരയിട്ടിരിക്കുന്നതും തമ്മില്‍ വേർതിരിച്ചത് ആകട്ടെ ക്യൂ ബാരിയറും.

11 അടി ഉയരത്തിലുള്ള വേദിയിലാണ് ‘സുരക്ഷയ്ക്കായി’ റിബൺ ഘടിപ്പിച്ച ബാരിക്കേഡ് ഉണ്ടായിരുന്നത്. വേദിയിൽ കയറി മൂന്നാമത്തെ സീറ്റിലിരുന്ന ഉമ തോമസ് കുറച്ചു കഴിഞ്ഞ് വേദിയുടെ നടുവിലേക്ക് നീങ്ങുന്നതിനിടെ വേച്ചു പോവുകയും ബാരിക്കേഡിൽ പിടിക്കുകയുമായിരുന്നു. ഉറപ്പില്ലാത്ത ബാരിക്കേഡ് മറിഞ്ഞ് അതിനൊപ്പം അവർ താഴേക്കു പതിക്കുകയും ചെയ്തു. 

ഉമ തോമസ് വീണയുടൻ സംഘാടകർ വേദിയിലെ കസേരകൾ ഒരു നിരയാക്കി മാറ്റി. 2 വരി കസേര ഇട്ടാൽ നടക്കാൻ സ്ഥലമില്ല എന്നു സംഘാടകർക്ക് ബോധ്യം വന്നത് അപ്പോൾ മാത്രമാണ്. എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും പാലിച്ച് കായിക മത്സരങ്ങൾ നടക്കുമ്പോഴാണ് അനുമതി പോലുമില്ലാതെ വേദി നിർമിച്ചതും അതിൽ മന്ത്രിമാർ ഉള്‍പ്പെടെയുള്ള ജനപ്രതിനികളെ അടക്കം ഉൾ‍ക്കൊള്ളിച്ച് പരിപാടി നടത്തിയതും. പൊലീസ് കേസെടുത്ത സാഹചര്യത്തിൽ സംഘാടകർ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. പരിപാടി നടത്താൻ തങ്ങൾ ഒരു ഈവന്റ് മാനേജ്മെന്റ് കമ്മിറ്റിയെ ഏൽപ്പിച്ചിരുന്നു എന്നാണ് ഇവരുടെ പ്രാഥമികവാദം.

English Summary:

Kochi Stage Collapse: MLA Uma Thomas's fall from a poorly constructed stage in Kochi sparks a GCDA investigation and police case.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com