‘ഗിന്നസ് ചൂണ്ട’യിൽ കൊളുത്തിയത് 12,000 വീട്ടുകാർ; നാട്ടുകാരുടെ ചെലവിൽ കോടിപതിയായി ‘മൃദംഗനാദം’
Mail This Article
കൊച്ചി ∙ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ഉമ തോമസ് എംഎൽഎയ്ക്കു ഗുരുതര പരുക്കേൽക്കാനിടയായ ‘മൃദംഗനാദ’ത്തിനു പിന്നിൽ നയാപൈസ ചെലവില്ലാതെ കോടികൾ വാരാനുള്ള കൗശലമെന്നു സംശയം. നൃത്തപരിപാടിയിൽ പങ്കെടുത്തവരിൽനിന്ന് പണം വാങ്ങുകയും അങ്ങനെ എത്തിയവരെ ചേർത്ത് സംഘനൃത്തം നടത്തി ഗിന്നസ് ബുക്കിൽ പേരു വരുത്തുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ സംഘാടകർ ചെയ്തത്. സംസ്ഥാനത്തെ മികച്ച കമ്പനികളിൽനിന്നു സ്പോൺസർഷിപ് ഇനത്തിലും നല്ല തുക കൈപ്പറ്റി എന്നാണ് സൂചന.
വളരെ ലളിതമായിരുന്നു സംഘാടകരുടെ പദ്ധതി. സംസ്ഥാനത്തുടനീളമുള്ള നൃത്താധ്യാപകരെ വലിയൊരു നൃത്തപരിപാടി സംഘടിപ്പിക്കുന്ന കാര്യമറിയിക്കുന്നു. പതിനായിരത്തിലേറെ പേരെ അണിനിരത്തി തമിഴ്‌നാട് സ്വന്തമാക്കിയ ഗിന്നസ് റെക്കോർഡ് കേരളത്തിനു കിട്ടുന്നതിനു വേണ്ടി ഭരതനാട്യം അഭ്യസിക്കുന്ന കുട്ടികളെ അയയ്ക്കണം, ഗിന്നസ് റെക്കോർഡ് നേടിയ സംഘത്തിൽ ഉണ്ടായിരുന്നു എന്ന സർട്ടിഫിക്കറ്റ് ഇവർക്കു നൽകും എന്നതായിരുന്നു ഓഫർ. നല്ല കാര്യമെന്നു കേട്ടതോടെ മിക്കവരും സമ്മതിച്ചു. സംഘാടകർ ഒരു കാര്യം കൂടി അറിയിച്ചു, പങ്കെടുക്കുന്ന കുട്ടികൾ ചെറിയ തുക റജിസ്ട്രേഷൻ ഫീസായി നൽകണം. നൃത്താധ്യാപകർ ഇക്കാര്യം ശിഷ്യരുടെ മാതാപിതാക്കളെ അറിയിച്ചു. മക്കൾക്കു ചെറിയ പ്രായത്തിൽ ഇത്തരമൊരു പരിപാടിയിൽ പങ്കെടുക്കാൻ അവസരം കിട്ടുന്നതിന്റെ പേരിൽ എല്ലാവരും സമ്മതിച്ചു.
പിന്നെയാണു സംഘാടകർ റജിസ്ട്രേഷൻ ഫീസ് വെളിപ്പെടുത്തിയത്. 2000 രൂപ മുതൽ 5000 രൂപ വരെയാണ് റജിസ്ട്രേഷന് മാത്രം വേണ്ടത്. 1000 രൂപ മുതൽ 1600 രൂപ വരെ ഭരതനാട്യത്തിനുള്ള വസ്ത്രങ്ങൾക്കു വേണം. മേയ്ക്അപ് അടക്കമുള്ള ബാക്കി ചെലവുകൾ പങ്കെടുക്കുന്നവർ വഹിക്കണം. ഇതിനു പുറമെ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ളവർ അവിടെനിന്ന് കൊച്ചിയിലേക്ക് വന്നു പോകാനും താമസിക്കാനുമുള്ള ചെലവുകളും സ്വന്തമായി എടുക്കണം. മാതാപിതാക്കൾക്കു സ്റ്റേഡിയത്തിൽ കയറി മക്കളുടെ നൃത്തം കാണമെങ്കിൽ പ്രത്യേകം ടിക്കറ്റെടുക്കണമെന്നും നിർദേശിച്ചു. 149, 299 എന്നിങ്ങനെ 2 ടിക്കറ്റുകളാണ് എടുക്കേണ്ടിയിരുന്നത്.
സംഘാടകരായ മൃദംഗവിഷന്‍ നൃത്തപരിപാടി സംഘടിപ്പിക്കാൻ തീരുമാനിക്കുന്നു, ഇത് ഇവന്റ് മാനേജ്മെന്റ് കമ്പനിയെ അറിയിക്കുന്നു, ഈ കമ്പനി മന്ത്രിയും എംപിയും എംഎൽഎയും സിറ്റി പൊലീസ് കമ്മീഷണറും അടക്കമുള്ളവരെ ക്ഷണിക്കുന്നു, സ്റ്റേഡിയം ബുക് ചെയ്യുന്നു. പരിപാടിയുടെ നടത്തിപ്പിനും സുരക്ഷാ കാര്യങ്ങൾക്കുമായി ചെലവാകുക ഏതാനും ലക്ഷങ്ങൾ മാത്രം. സംഘാടകർക്കു പണം അങ്ങോട്ടു നൽകിയും സ്വന്തം ചെലവിലും സ്റ്റേഡിയത്തിൽ വന്ന് നർത്തകർ നൃത്തം ചെയ്തു പോകുമ്പോൾ സംഘാടർക്കു ലഭിക്കുന്നതു കോടിക്കണക്കിനു രൂപ. ഒപ്പം ഗിന്നസ് റെക്കോർഡും. പ്രമുഖ ബ്രാന്‍ഡുകളിൽനിന്ന് ലഭിക്കുന്ന സ്പോൺസർഷിപ് വരുമാനം വേറെ.
2 കുട്ടികളെ പങ്കെടുപ്പിക്കുന്നതിന് 15,000 രൂപയോളം ചെലവ് വന്ന മാതാപിതാക്കളുണ്ട്. കൊച്ചിയിലെത്തിയ ഇവരെ സ്റ്റേഡിയത്തിലേക്കു കൊണ്ടുപോകുമ്പോൾ 4 മണിക്കൂറോളം ബസിൽ ഇരുത്തിയെന്നും പരാതി ഉയർന്നു. ഏതു വിധത്തിലാണ് 12,000 ആളുകളെ ഏകോപിപ്പിക്കുക തുടങ്ങിയ കാര്യങ്ങളിൽ തുടക്കത്തിൽ അനിശ്ചിതത്വം ഉണ്ടായിരുന്നു എന്നും റിപ്പോർട്ടുണ്ട്. ഒരേ വാതിലിൽ കൂടിയാണ് ഇത്രയും പേരെ മൈതാനത്തേക്ക് കയറ്റിയതും തിരിച്ചിറക്കിയതും. ഉമ തോമസിനുണ്ടായ അപകടത്തിനു പുറമെ വലിയ അപകടങ്ങൾക്കുവരെ സാധ്യതയുണ്ടായിരുന്നത്ര സുരക്ഷാ വീഴ്ചയാണ് ഇവിടെ സംഭവിച്ചതെന്നാണു വിലയിരുത്തൽ.