ഉമാ തോമസിന്റെ പരുക്ക്: മുൻകൂർ ജാമ്യം തേടി സംഘാടകനും നടത്തിപ്പുകാരനും ഹൈക്കോടതിയിൽ
Mail This Article
കൊച്ചി ∙ തൃക്കാക്കര എംഎൽഎ ഉമാ തോമസ് വീണു ഗുരുതര പരുക്കേൽക്കാനിടയായതിൽ കേസെടുത്തതിനു പിന്നാലെ മുൻകൂർ ജാമ്യം തേടി സംഘാടകനും നടത്തിപ്പുകാരനും ഹൈക്കോടതിയിൽ. ‘മൃദംഗനാദം’ എന്ന േപരിൽ കലൂര്‍ സ്റ്റേഡിയത്തിൽ നടന്ന ഭരതനാട്യ പരിപാടിയുടെ സംഘാടകരായ ‘മൃദംഗവിഷൻ’ എംഡി വയനാട് മേപ്പാടി സ്വദേശി എം.നിഗോഷ് കുമാറും പരിപാടിയുടെ നടത്തിപ്പുകാരായ ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിന്റെ ഉടമ പി.എസ്.ജനീഷുമാണു ഹൈക്കോടതിയെ സമീപിച്ചത്. ഹർജി നാളെ പരിഗണിച്ചേക്കും. ജനീഷിനെ നേരത്തേ െപാലീസ് ചോദ്യം ചെയ്തിരുന്നു.
ഉമാ തോമസിന് അപകടമുണ്ടായതിനു പിന്നാലെ പാലാരിവട്ടം പൊലീസ് സംഘാടകർക്കും പരിപാടിയുടെ നടത്തിപ്പുകാര്‍ക്കുമെതിരെ കേസെടുത്തിരുന്നു. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന പ്രവൃത്തി, കഠിനമായ ദേഹോപദ്രവം ഏല്‍പ്പിക്കുക തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. പരിപാടിയുടെ നടത്തിപ്പില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നു വെവ്വേറെ നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇരുവരും പറഞ്ഞു. എല്ലാ സുരക്ഷാ മുന്‍കരുതലും സ്വീകരിച്ചുവെന്നാണു നിഗോഷ് കുമാറും ജനീഷും പറയുന്നത്. ചുമത്തിയ വകുപ്പുകൾ നിലനിൽക്കില്ലെന്നും നിരപരാധിയാണെന്നും മുൻകൂർ ജാമ്യാപേക്ഷയിലുണ്ട്.
12,000 ഭരതനാട്യം നർത്തകിമാർ ഒന്നിച്ചു നൃത്തം ചെയ്യുന്നതായിരുന്നു പരിപാടി. ചലച്ചിത്രതാരം ദിവ്യ ഉണ്ണിയായിരുന്നു പരിപാടിയുടെ ബ്രാൻഡ് അംബാസഡർ. നൃത്തപരിപാടിക്കു നേതൃത്വം നൽകിയതും ദിവ്യയാണ്. ഉമാ തോമസ് എംഎൽഎയുടെ മണ്ഡലത്തിലാണു സ്റ്റേഡിയം ഉൾപ്പെടുന്ന പ്രദേശം. പരിപാടിക്ക് എത്തിയ ഉമ, ഗാലറിയിൽ നിർമിച്ച വേദിയിൽനിന്നു താഴേക്ക് വീഴുകയായിരുന്നു. വേദിയിൽ സുരക്ഷിതമായി നടക്കാനുള്ള സ്ഥലമോ കൈപ്പിടിയോ ഇല്ലാതിരുന്നതാണ് അപകടത്തിനു കാരണം. ഗുരുതരമായി പരുക്കേറ്റ ഉമാ തോമസ് അപകടനില തരണം ചെയ്തിട്ടില്ല.