ADVERTISEMENT

മുംബൈ∙ കേരളത്തെ മിനി പാക്കിസ്ഥാനെന്നു വിളിച്ച് മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി നിതീഷ് റാണെ. അതുകൊണ്ടാണ് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. പ്രിയങ്ക ഗാന്ധിക്ക് വോട്ടു ചെയ്തത് കേരളത്തിലെ ഭീകരർ മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു. പുണെയിലെ സാസ്വദിലെ ഒരു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാമർശം വിവാദമായി. 

ഛത്രപതി ശിവാജി, അഫ്സൽ ഖാനെ പരാജയപ്പെടുത്തിയതിന്റെ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ചടങ്ങിലായിരുന്നു പരാമർശം. പ്രസംഗത്തിൽ കേരളത്തിൽനിന്നുള്ള ഹൈന്ദവ പ്രവർത്തകരെ അദ്ദേഹം പ്രശംസിച്ചു. ‘‘കേരളത്തിലെ നമ്മുടെ സുഹൃത്തുക്കൾ അഭിനന്ദനം അർഹിക്കുന്നു. 12,000 ഹിന്ദു പെൺകുട്ടികളെയാണ് അവർ രക്ഷിച്ചത്. ഒരു സഹോദരിയെ രക്ഷിക്കണമെങ്കിൽപ്പോലും എത്രത്തോളം ശ്രമകരമാണെന്നതു ഞങ്ങളെപ്പോലുള്ള ഹൈന്ദവ പ്രവർത്തകരോടു ചോദിക്കണം. എന്നിട്ടും കേരളത്തിൽനിന്നുള്ള സംഘം ഇതു നേടി. 

കേരളം ഒരു മിനി പാക്കിസ്ഥാനാണ്. അതുകൊണ്ടാണ് രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്കയും അവിടെനിന്നു ജയിച്ചത്. അവർക്ക് വോട്ട് ചെയ്തവരെല്ലാം ഭീകരരാണ്. ഞാൻ സത്യമാണു പറയുന്നത്. ഭീകരരുടെ പിന്തുണയോടെ മാത്രമാണ് ഇവരെല്ലാം എംപിമാരാകുന്നത്. 

മറ്റു മതങ്ങളുടെ ഘോഷയാത്രയ്ക്ക് അനുമതി നൽകുന്നതുപോലെ ഹൈന്ദവ ആഘോഷങ്ങൾക്കും അനുമതി നൽകണം. ഞങ്ങളുടെ ഘോഷയാത്രകൾക്കു പത്തുമണിവരെ പോകാമെങ്കിൽ അവരുടേതും പോകാം. ഞങ്ങൾ വെറുതേ സംസാരിക്കുന്നവരല്ല, ചെയ്യുന്നവരാണ്. അനധികൃതമായി ചെയ്യുന്നവരെ ഒരു പാഠം പഠിപ്പിക്കണമെങ്കിൽ ഒരു ഫോൺ കോളിൽ സർക്കാർ എങ്ങനെയാണു പ്രവർത്തിക്കുന്നതെന്നു ഞാൻ കാണിച്ചുതരാം. 

ഹിന്ദുത്വപ്രവർത്തകരെ നിങ്ങൾ ഒറ്റയ്ക്കല്ല. സർക്കാർ എന്ന നിലയിൽ ഞങ്ങൾ നിങ്ങൾക്ക് ഒപ്പമുണ്ട്. കാവി–ധരിച്ച മുഖ്യമന്ത്രിയാണ് ഈ സംസ്ഥാനത്തിന് ഉള്ളത്. ഹിന്ദുത്വ പ്രവർത്തകർക്ക് ഒന്നിലും പേടിവേണ്ട. ഹിന്ദുക്കൾക്കെതിരെയോ മതത്തിന് എതിരെയോ ആരെങ്കിലും പ്രവർത്തിച്ചാൽ ഞങ്ങൾ വെറുതേ വിടില്ല’’ – റാണെ പറഞ്ഞു.

അതേസമയം, റാണയിൽനിന്ന് വേറെന്തു പ്രതീക്ഷിക്കാനാകുമെന്ന് കോൺഗ്രസ് നേതാവ് അതുൽ ലോൺഡെ പാട്ടിൽ ചോദിച്ചു. ‘‘ഈ രാജ്യത്തെ ഒരു സംസ്ഥാനത്തെ ഒരാൾ പാക്കിസ്ഥാനെന്നു വിളിക്കുമ്പോൾ അങ്ങനെയൊരാൾ എങ്ങനെ കാബിനറ്റ് മന്ത്രിയായി തുടരുമെന്നാണ് പ്രധാനമന്ത്രി മോദിയോടും ദേവേന്ദ്ര ഫഡ്നാവിസിനോടും എനിക്ക് ചോദിക്കാനുള്ളത്. നമ്മൾ ഐക്യത്തിന്റെ പ്രതിജ്ഞ ചൊല്ലുന്നവരാണ്. ദേശസ്നേഹത്തെക്കുറിച്ച് പ്രസംഗിക്കുന്നവരുടെ മന്ത്രിസഭയിൽ ഇങ്ങനൊരാളില്ലെന്ന് ഇരുവരും ഉറപ്പുവരുത്തുമെന്നു കരുതുന്നു.’’ – അദ്ദേഹം പറഞ്ഞു.

English Summary:

Nitesh Rane’s ‘Mini Pakistan’ Remark On Kerala Sparks Political Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com