മുള്ളരിങ്ങാട്ടെ ചെറുപ്പക്കാരന്റെ മരണത്തിന് വനം വകുപ്പ് മറുപടി പറഞ്ഞേ മതിയാകൂ: സതീശൻ
Mail This Article
തിരുവനന്തപുരം∙ വന്യജീവി ആക്രമണം തുടരുമ്പോഴും സംസ്ഥാന സര്‍ക്കാരും വനംവകുപ്പും ഒരു നടപടിയും സ്വീകരിക്കാതിരിക്കുന്നതു പ്രതിഷേധാര്‍ഹമാണെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. കഴിഞ്ഞ ദിവസം ഇടുക്കി ജില്ലയിലുണ്ടായ കാട്ടാന ആക്രമണത്തില്‍ മുള്ളരിങ്ങാട് അമേല്‍തൊട്ടിയില്‍ 22 വയസുകാരനായ അമര്‍ ഇലാഹി കൊല്ലപ്പെട്ടതിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘‘വനം വകുപ്പ് ഈ ചെറുപ്പക്കാരന്റെ മരണത്തിന് മറുപടി പറഞ്ഞേ മതിയാകൂ. മുള്ളരിങ്ങാട് മേഖലയില്‍ ആനശല്യമുണ്ടെന്നു നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും വനാതിര്‍ത്തിയില്‍ ട്രെഞ്ചുകളോ ഫെന്‍സിങ്ങോ നിർമിക്കാന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ജനവാസ മേഖലകളില്‍നിന്ന് ആനകളെ തുരത്തുന്നതിനുള്ള നടപടികളും ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പരാതിപ്പെട്ടിട്ടുണ്ട്. 2016 മുതല്‍ 2024 ജൂണ്‍ മാസം വരെ മാത്രം 968 പേര്‍ മരിച്ചിട്ടുണ്ടെന്നാണു നിയമസഭയില്‍ സര്‍ക്കാര്‍ മറുപടി നല്‍കിയിരിക്കുന്നത്.
വന്യജീവി ആക്രമണങ്ങളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കാന്‍ ഒരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാരാണ് ഇപ്പോള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്ന നിയമ നിർമാണവുമായി മുന്നോട്ടു പോകുന്നത്. ഇതു ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ട സര്‍ക്കാര്‍ ആ കടമ നിറവേറ്റാന്‍ ഇനിയും തയാറായില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തിയുള്ള പ്രക്ഷോഭത്തിനു യുഡിഎഫ് നേതൃത്വം നല്‍കും’’ – സതീശൻ പ്രസ്താവനയിൽ പറഞ്ഞു.