ഐ.സി.ബാലകൃഷ്ണന് എതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം; ഒറ്റപ്പെടുത്തില്ലെന്ന് കോൺഗ്രസ്
Mail This Article
കൽപറ്റ ∙ വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയനും മകനും ആത്മഹത്യ ചെയ്ത സംഭവത്തിൽ വിവാദം കൊഴുക്കുന്നു. ഐ.സി.ബാലകൃഷ്ണൻ എംഎൽഎയ്ക്കെതിരെ സിപിഎം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോൾ പ്രതിരോധം തീർത്ത് വയനാട് ഡിസിസിയും രംഗത്തെത്തി. ബത്തേരി അർബൻ ബാങ്ക് നിയമനത്തിന് കോഴ ഇടപാട് നടത്തിയെന്നു നേരത്തേതന്നെ ഐ.സി.ബാലകൃഷ്ണൻ, എൻ.എം.വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ ആരോപണം ഉയർന്നിരുന്നു. കെപിസിസി നടത്തിയ അന്വേഷണത്തിൽ ഇവർക്ക് പങ്കില്ലെന്നാണ് തെളിഞ്ഞത്. പങ്കുണ്ടെന്ന് തെളിഞ്ഞവരെ പുറത്താക്കി. കോൺഗ്രസ് പുറത്താക്കിയ ബാങ്ക് ചെയർമാനെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാനാക്കുകയും പിന്നീട് സിപിഎം പാനലിൽ മത്സരിപ്പിക്കുകയുമായിരുന്നു. എന്നാൽ കോൺഗ്രസ് തന്നെയാണ് വീണ്ടും അധികാരത്തിൽ എത്തിയത്. എൻ.എം.വിജയന്റെ മരണത്തോടെ വീണ്ടും അർബൻ ബാങ്കിലെ കോഴ ഇടപാട് ഉയർന്നു വന്നിരിക്കുകയാണ്.
പരാതി നൽകി ബാലകൃഷ്ണൻ
എൻ.എം.വിജയന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജരേഖ പ്രചരിപ്പിക്കുന്നവർക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഐ.സി.ബാലകൃഷ്ണൻ എംഎൽഎ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. പണംവാങ്ങാൻ താൻ ആർക്കും നിർദേശം നൽകിയില്ല. എൻ.എം.വിജയൻ എഴുതിയതായി പറയുന്ന കത്തും ഒപ്പിട്ട കരാറും വ്യാജമാണ്. മാധ്യമങ്ങളിലൂടെ വ്യാജ രേഖ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി വേണം. തന്റെ പേര് ഉപയോഗിച്ച് ആരെങ്കിലും പണം കൈപ്പറ്റിയെങ്കിൽ അക്കാര്യവും അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
‘ഒറ്റപ്പെടുത്താൻ അനുവദിക്കില്ല’
എൻ.എം.വിജയന്റെ മരണവുമായി ബന്ധപ്പെട്ട് ഐ.സി.ബാലകൃഷ്ണൻ എംഎൽഎയെയും കോൺഗ്രസിനെയും ഒറ്റപ്പെടുത്താനുള്ള സിപിഎം നീക്കം അനുവദിക്കില്ലെന്നു വയനാട് ഡിസിസി. മരണവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആദ്യം ആവശ്യപ്പെട്ടത് കോൺഗ്രസും ഐ.സി.ബാലകൃഷ്ണനുമാണെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വിജയന്റെ ആത്‍മഹത്യ അർബൻ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ടാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം ഗൂഢാലോചനയുടെ ഭാഗമാണ്. അർബൻ ബാങ്കുമായി ബന്ധപ്പെട്ട വിവാദം ഉയർന്നു വന്ന 2021ൽ അന്വേഷിക്കുന്നതിന് ഡിസിസിയും കെപിസിസിയും സമിതിയെ നിയോഗിച്ചു. ആ സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ അന്നത്തെ അർബൻ ബാങ്ക് ചെയർമാൻ അടക്കമുള്ളവരെ പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്‌തിരുന്നു. അഴിമതിയുടെ പേരിൽ കോൺഗ്രസ് പുറത്താക്കിയ മുൻ ചെയർമാനെ സിപിഎം അതേ ബാങ്കിന്‍റെ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ ചെയർമാനായക്കുകയും തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ സിപിഎം പാനലിൽ മത്സരിപ്പിക്കുകയും ചെയ്തു.
അന്വേഷണം നടക്കുന്ന സമയത്ത് വിജയനെതിരെ പരാതി ലഭിക്കുകയോ, ഇപ്പോൾ പ്രചരിക്കുന്ന തരത്തിലുള്ള കരാർ സമിതിയുടെ പരിഗണനയ്ക്ക് വരികയോ ചെയ്തില്ല. ഓരോ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം വർധിപ്പിക്കുകയാണ് ഐ.സി.ബാലകൃഷ്ണൻ ചെയ്തിട്ടുള്ളത്. ഇക്കാര്യത്തിലുള്ള സിപിഎമ്മിന്‍റെ അസഹിഷ്ണുതയാണ് അനാവശ്യ വിവാദങ്ങളുണ്ടാക്കി അപമാനിക്കാൻ ശ്രമിക്കുന്നതെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
എംഎൽഎ ഓഫിസിലേക്ക് മാർച്ച്
എൻ.എം.വിജയന്റെയും മകന്റെയും മരണത്തിൽ ഐ.സി.ബാലകൃഷ്ണൻ എംഎൽഎയ്ക്ക് പങ്കുണ്ടെന്നാരോപിച്ചും എംഎൽഎ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടും എംഎൽഎ ഓഫിസിലേക്കു സിപിഎം മാർച്ച് നടത്തി. സിപിഎം ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉദ്ഘാടനം ചെയ്തു. എൻ.എം.വിജയന്റെയും മകന്റെയും മരണത്തിനു കെപിസിസിക്കും എംഎൽഎയ്ക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്നും ആത്മഹത്യപ്രേരണാക്കുറ്റത്തിന് കേസെടുക്കണമെന്നും റഫീഖ് ആവശ്യപ്പെട്ടു.
‘ആത്മഹത്യയല്ല, കൊലപാതകം’
എൻ.എം.വിജയന്റെയും മകന്റെയും മരണം ആത്മഹത്യയല്ലെന്നും ഇരട്ടക്കൊലയാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്. വിജയന്റെ കുടുംബത്തെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. സംഭവത്തിൽ ഐ.സി.ബാലകൃഷ്ണൻ എംഎൽഎ ഒന്നാം പ്രതിയാണ്. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ രണ്ടാം പ്രതിയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മൂന്നാം പ്രതിയുമാണ്. കെപിസിസി നേതൃത്വം കോഴപ്പണം വാങ്ങിയ ഐ.സി.ബാലകൃഷ്ണനെ സംരക്ഷിക്കുന്ന നിലപാടാണു സ്വീകരിച്ചത്. കോഴപ്പണത്തിന്റെ പങ്ക് കെപിസിസി നേതൃത്വം പറ്റിയതിനാലാണ് ഈ വിഷയത്തിൽ സംഘടനാപരമായ നിലപാട് സ്വീകരിക്കാൻ മടിച്ചതെന്നും സനോജ് ആരോപിച്ചു.