10 വർഷത്തിനു ശേഷം ഒരു പ്രതിപക്ഷ നേതാവ്; ജമ്മു കശ്മീർ പോളിങ് ബൂത്തിൽ: പൊളിറ്റിക്കൽ ത്രില്ലറുകളുടെ ‘2024’
Mail This Article
‘അടുത്ത 5 വർഷങ്ങളുടെ തലവിധി കുറിച്ച വർഷം’– 2024നെ ഒറ്റ വാചകത്തിൽ ഇങ്ങനെ അടയാളപ്പെടുത്താം. സസ്പെൻസുകളും ട്വിസ്റ്റുകളും നിറഞ്ഞ ഒരു പൊളിറ്റിക്കൽ ത്രില്ലറായിരുന്നു 2024. അധികാരക്കസേരകൾ ആടിയുലഞ്ഞ, ഭരണാധികാരികൾ വൻ തിരിച്ചടികൾ നേരിട്ട, വലിയ ഉയിർത്തെഴുന്നേൽപ്പുകൾ കണ്ട വർഷമെന്നു കൂടി വിശേഷിപ്പിക്കാം ഈ വർഷത്തെ. നരേന്ദ്ര മോദി മൂന്നാമതും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി. പതിറ്റാണ്ടിനു ശേഷം ജമ്മു കശ്മീർ ജനത പോളിങ് ബൂത്തിലെത്തി. 10 വർഷത്തെ ഇടവേളയ്ക്കു ശേഷം ലോക്‌സഭയ്ക്കു പ്രതിപക്ഷനേതാവിനെ ലഭിച്ചു– അങ്ങനെ രാജ്യത്തിന്റെ രാഷ്ട്രീയത്തിൽ നിർണായകമായ ഒരുപിടി സംഭവങ്ങൾക്ക് തുടക്കം കുറിച്ചാണ് 2024 കടന്നുപോകുന്നത്. അതിൽ പ്രധാനപ്പെട്ട ചിലത്:
1. ലോക്സഭാ തിരഞ്ഞെടുപ്പ്
അടിമുടി ഒരു പൊളിറ്റിക്കൽ ത്രില്ലർ– ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനെ ഒറ്റവാക്കിൽ അങ്ങനെ വിശേഷിപ്പിക്കാം. 400 സീറ്റു നേടും എന്ന അവകാശവാദത്തോടെ തിരഞ്ഞെടുപ്പു ഗോദയിൽ ഇറങ്ങിയ ബിജെപിക്ക് ഭരണം പിടിക്കാനായെങ്കിലും നിരാശപ്പെടേണ്ടി വന്നു.
ബിജെപിയുടെ ആത്മവിശ്വാസത്തിനുമേൽ കരിനിഴൽവീണ കാഴ്ചയായിരുന്നു ഫലം പുറത്തുവന്നപ്പോൾ കണ്ടത്. 240 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. കേവല ഭൂരിപക്ഷത്തിനു വേണ്ട 272 ആർക്കും കിട്ടാതെ വന്നതോടെ കൂട്ടുകക്ഷി ഭരണത്തിലേക്കു കാര്യങ്ങളെത്തി. തുടർച്ചയായി മൂന്നാമതും നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പ്രതീക്ഷകൾക്കു മങ്ങലേറ്റെങ്കിലും കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആദ്യമായി അക്കൗണ്ട് തുറക്കാനായെന്നതു ബിജെപിക്ക് നേട്ടമായി.
2. 10 വർഷത്തെ ഇടവേളയ്ക്കുശേഷം പ്രതിപക്ഷ നേതാവ്
പത്തു വർഷത്തെ ഇടവേളയ്ക്കു ശേഷം ലോക്‌സഭയ്ക്കു പ്രതിപക്ഷനേതാവിനെ ലഭിച്ചു. നരേന്ദ്ര മോദി സർക്കാരിനെതിരെ പാർലമെന്റിൽ പ്രതിപക്ഷത്തെ നയിക്കാൻ രാഹുൽ ഗാന്ധി നിയോഗിക്കപ്പെട്ടു. രാഹുലിന്റെ രാഷ്ട്രീയ ജീവിതത്തിലെ നിർണായകമായ നേതൃസ്ഥാനമെന്നു പറയാം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോൺഗ്രസിന് 99 സീറ്റുകൾ ലഭിച്ചതോടെയാണു പ്രതിപക്ഷപദവിയിൽ രാഹുൽ ഗാന്ധി എത്തിയത്. ജൂണ്‍ 25 നു രാഹുല്‍ പ്രതിപക്ഷനേതാവായി ചുമതലയേറ്റു. 2014, 2019 തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് ആകെ സീറ്റിന്റെ 10% അംഗബലമില്ലാതിരുന്നതിനാൽ പാർട്ടിയുടെ ലോക്സഭാ കക്ഷിനേതാവിന് പ്രതിപക്ഷ നേതാവ് എന്ന ഔദ്യോഗിക പദവി ലഭിച്ചിരുന്നില്ല.
3. മഹാരാഷ്ട്രയിൽ മഹായുതി
ലോക്സഭാ തിരഞ്ഞെടുപ്പിൽ തിളങ്ങാനായില്ലെങ്കിലും മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ മിന്നുന്ന പ്രകടനമായിരുന്നു ബിജെപി കാഴ്ചവച്ചത്. അതും ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കു പിന്നാലെ. 288 അംഗ സഭയിൽ, ഭരണസഖ്യമായ മഹായുതി 235 സീറ്റ് നേടി. 132 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. ഏക്നാഥ് ഷിൻഡെയുടെ ശിവസേന 57 സീറ്റുകളും എൻസിപി 41 സീറ്റുകളും നേടി. ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ ബിജെപിയുടെ കൈകളിലേക്കു മുഖ്യമന്ത്രിക്കസേര എത്തി. വലിയ ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സംഖ്യത്തിന് കനത്ത തിരിച്ചടിയേറ്റു. 16 സീറ്റുകളിലേക്ക് കോൺഗ്രസ് ചുരുങ്ങി. ശരദ് പവാറിന്റെ എൻസിപി 10 ഉം ഉദ്ധവ് താക്കറെയുടെ ശിവസേന 20 സീറ്റുകളുമാണ് തിരഞ്ഞെടുപ്പിൽ നേടിയത്.
4. ജമ്മു കശ്മീരിൽ ഇന്ത്യ സഖ്യം
പതിറ്റാണ്ടിനു ശേഷം ജമ്മുകശ്മീർ പോളിങ് ബൂത്തിലെത്തിയ വർഷമായിരുന്നു 2024. അതിനൊപ്പം തന്നെ, സംസ്ഥാനത്തിന്റെ പ്രത്യേകപദവി എടുത്തു മാറ്റിയ ശേഷമുള്ള ആദ്യതിരഞ്ഞെടുപ്പ്, ലഡാക്കിനെ ജമ്മു കശ്മീരിൽനിന്നു വേർതിരിച്ച ശേഷമുള്ള ആദ്യതിരഞ്ഞെടുപ്പ്, സംസ്ഥാനപദവി മാറ്റി കേന്ദ്രഭരണപ്രദേശമാക്കിയ ശേഷമുള്ള ആദ്യതിരഞ്ഞെടുപ്പ്- ഇങ്ങനെ ഒരുപാട് സവിശേഷതകൾ നിറഞ്ഞ തിരഞ്ഞെടുപ്പായിരുന്നു കശ്മീരിലേത്. ജമ്മു മേഖലയിലേറെയും ബിജെപിക്കൊപ്പം നിന്നപ്പോൾ കശ്മീർ ബിജെപി വിരുദ്ധ പക്ഷത്തേക്കു ചായുകയായിരുന്നു. പിഡിപിക്കു ശക്തി ചോർന്നപ്പോൾ, നാഷനൽ കോൺഫറൻസ് (എൻസി) മികച്ച വിജയം നേടി. എന്നാൽ ജമ്മു മേഖലയിൽ കോൺഗ്രസിന് മുന്നേറാനായില്ല.
നാഷനൽ കോൺഫറൻസ്–കോൺഗ്രസ് സഖ്യം യഥാക്രമം 51, 32 സീറ്റുകളിലാണു മത്സരിച്ചത്. 5 സീറ്റുകളിൽ ഇരുകക്ഷികളും സൗഹൃദ മത്സരവും നടത്തി. സിപിഎമ്മിനും നാഷനൽ പാന്തേഴ്സ് പാർട്ടിക്കും ഓരോ സീറ്റു വീതം നൽകി. 90 അംഗ നിയമസഭയിൽ കശ്മീരിൽ 40 സീറ്റിലും ജമ്മുവിൽ 7 സീറ്റിലുമാണ് എൻസി മത്സരിച്ചത്. കോൺഗ്രസ് കശ്മീരിൽ 7 സീറ്റിലും ജമ്മുവിൽ 25 സീറ്റിലും മത്സരിച്ചു. കശ്മീരിൽ ബിജെപി 19 സ്ഥാനാർഥികളെയും ജമ്മുവിൽ 43 സ്ഥാനാർഥികളെയും നിർത്തി. ജമ്മുവിലെ 7 സീറ്റടക്കം നാഷനൽ കോൺഫറൻസ് 42 സീറ്റുകളാണു നേടിയത്. കോൺഗ്രസിന് 6 സീറ്റ് കിട്ടി. ഇതോടെ ഇരുപാർട്ടികളും ചേർന്നു സർക്കാരുണ്ടാക്കാനുള്ള 48 സീറ്റ് സ്വന്തമാക്കുകയായിരുന്നു. 2014 ൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന പിഡിപി 3 സീറ്റിൽ ഒതുങ്ങി.
5. ഹരിയാനയിൽ ബിജെപിക്ക് ഹാട്രിക്
ഭരണവിരുദ്ധ വികാരമെന്ന പ്രവചനങ്ങളെ കാറ്റിൽ പറത്തിയാണ് ഹരിയാനയിൽ ബിജെപി മൂന്നാം തവണയും അധികാരത്തിൽ എത്തിയത്. കോൺഗ്രസിന്റെ വിജയ പ്രതീക്ഷകളൊക്കെ തകിടം മറിഞ്ഞ കാഴ്ച. 48 സീറ്റുകള്‍ നേടി ഹരിയാനയില്‍ ബിജെപി ഹാട്രിക് അടിച്ചു. കോണ്‍ഗ്രസിന് 37 സീറ്റുകളാണ് ലഭിച്ചത്. ഐഎന്‍എൽഡിക്ക് രണ്ടു സീറ്റുകള്‍ ലഭിച്ചു. ജയിച്ച മൂന്ന് സ്വതന്ത്രര്‍ ബിജെപിക്ക് പിന്തുണ നല്‍കി. ഒബിസി നേതാവായ നായബ് സിങ് സെയ്‌നിയെ ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥിയായി അവതരിപ്പിച്ചതും വിജയത്തെ സ്വാധീനിച്ചെന്നു പറയാം.
6. അരവിന്ദ് കേജ്‍രിവാളിന്റെ രാജി
സെപ്റ്റംബർ 17നാണ് അരവിന്ദ് കേജ്‍രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ചത്. മദ്യനയ അഴിമതിക്കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്നു ജയിൽമോചിതനായ ആംആദ്മി പാർട്ടി കൺവീനർ കൂടിയായ കേജ്‌രിവാൾ അപ്രതീക്ഷിതമായി രാജിപ്രഖ്യാപനം നടത്തുകയായിരുന്നു. ജാമ്യം കിട്ടിയെങ്കിലും അഴിമതിയാരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണു ഭരണത്തിൽനിന്ന് ഒഴിയാനും പാർട്ടി നേതൃത്വത്തിൽ ശക്തമാകാനും കേജ്‌രിവാൾ തീരുമാനിച്ചത്. മദ്യനയ അഴിമതിക്കേസിനു പുറമേ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി മോടിപിടിപ്പിച്ചതുമായി ബന്ധപ്പെട്ടും ആരോപണമുണ്ടായിരുന്നു.
7. ഹേമന്ത് സോറൻ
ജാർഖണ്ഡ് മുക്തി മോർച്ച നേതാവും മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ വലിയ തിരിച്ചടിയും വൻ വിജയവും നുണഞ്ഞ വർഷമായിരുന്നു 2024. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ പുതുവർഷത്തിൽത്തന്നെ മുഖ്യമന്ത്രി ജയിലിലായി. എന്നാൽ അവിടെനിന്നും ഉജ്ജ്വലമായ തിരിച്ചുവരവു നടത്തി മുഖ്യമന്ത്രിക്കസേരയിൽ ഇരുപ്പുറപ്പിച്ചു. അഴിമതി കേസിൽ ഇ.ഡിയുടെ ചോദ്യം ചെയ്യലിനിടെയായിരുന്നു ഹേമന്ത് സോറന്റെ രാജി. പിന്നാലെ സോറൻ അറസ്റ്റിലായി. തുടർന്നു മുതിർന്ന നേതാവ് ചംപയ് സോറൻ മുഖ്യമന്ത്രിയായി. എന്നാൽ ജയിൽ മോചിതനായെത്തിയ ഹേമന്ത് സോറൻ വീണ്ടും മുഖ്യമന്ത്രിയായതടെ ചംപയ് സോറൻ ബിജെപിയിലേക്ക് കൂടുമാറ്റം നടത്തി. മാസങ്ങള്‍ക്കു ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹേമന്ത് സോറന്‍ വീണ്ടും മുഖ്യമന്ത്രിയാകുകയും ചെയ്തു.
8. നവീൻ പട്നായിക് യുഗത്തിന് അന്ത്യം
ഒഡീഷയിലെ നവീൻ പട്നായിക്കിന്റെ തേരോട്ടത്തിന് അന്ത്യം കുറിച്ച വർഷം കൂടിയാണ് 2024. 24 വർഷം മുഖ്യമന്ത്രിപദത്തിൽ ഇരുന്ന നവീൻ പട്നായിക് ഭരണം അവസാനിപ്പിച്ച് പടിയിറങ്ങിയ വർഷം. ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ടതോടെയാണു രണ്ടര പതിറ്റാണ്ടു നീണ്ട ഭരണം ബിജെഡി അധ്യക്ഷൻ പട്നായിക് അവസാനിപ്പിച്ചത്. 147 അംഗ നിയമസഭയിൽ 51 സീറ്റുകളാണ് ബിജെഡി നേടിയത്. കോൺഗ്രസ് 14, സിപിഎം 1, മൂന്ന് സീറ്റുകൾ സ്വതന്ത്രരും നേടി. 78 സീറ്റുകൾ നേടിയ ബിജെപി അധികാരത്തിലെത്തി.
9. രത്തൻ ടാറ്റ
ലോകം കീഴടക്കാൻ ടാറ്റയ്ക്കു കരുത്തേകിയ രത്തൻ ടാറ്റ (86) ഓർമയായി. ടാറ്റ സൺസ് മുൻ ചെയർമാനായ രത്തൻ ടാറ്റ ഇമെരിറ്റസ് ചെയർമാനായി പ്രവർത്തിച്ചുവരുന്നതിനിടെ ഒക്ടോബർ ഒൻപതിനാണു മരണം. നവൽ എച്ച്.ടാറ്റയുടെയും സൂനുവിന്റെയും മകനായി 1937 ഡിസംബർ 28നായിരുന്നു രത്തൻ ടാറ്റയുടെ ജനനം. യുഎസിൽ ആർക്കിടെക്ടായിരുന്ന അദ്ദേഹം വീട്ടുകാരുടെ നിർബന്ധത്തെത്തുടർന്ന് ഇന്ത്യയിലേക്കു മടങ്ങുകയായിരുന്നു. 1962ൽ ടാറ്റ സ്റ്റീലിൽ ട്രെയ്നിയായി ജോലിയിൽ പ്രവേശിച്ചു. 1981ൽ ടാറ്റ ഇൻഡസ്ട്രീസ് ചെയർമാനായി. ജെ.ആർ.ഡി. ടാറ്റയുടെ പിൻഗാമിയായി 1991ൽ ടാറ്റയുടെ തലപ്പത്തെത്തി. ടാറ്റയെ ലോകോത്തര ബ്രാൻഡാക്കി മാറ്റുന്നതിൽ വലിയ സംഭാവനകൾ നൽകിയ രത്തൻ പുതിയ സാങ്കേതിക മേഖലകളിലേക്കു ടാറ്റ കമ്പനികളെ നയിച്ചു.
10. മൻമോഹൻ – സൗമ്യമുഖം ഇനി ഓർമ
പ്രതിസന്ധികളുടെ കയത്തിൽനിന്ന് ഇന്ത്യയെ പ്രതീക്ഷയുടെ കരയിലേക്കു നയിച്ച മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് ഓർമയായ വർഷം കൂടിയാണ് കടന്നുപോകുന്നത്. പറച്ചിലിനെക്കാൾ പ്രവൃത്തിയിൽ വിശ്വസിച്ച, രാജ്യപുരോഗതിക്കായി കഠിന തീരുമാനങ്ങൾ ഉറച്ച മനസ്സോടെ കൈക്കൊണ്ടയാളായിരുന്നു ഉദാരവൽക്കരണത്തിന്റെ ഉപജ്ഞാതാവായി വിശേഷിപ്പിക്കപ്പെടുന്ന മൻമോഹൻ. സാമ്പത്തിക ശാസ്ത്രജ്ഞൻ കൂടിയായിരുന്ന അദ്ദേഹം ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യമുഖമായിരുന്നു. 2024 അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കവേ ഡിംസബർ 26ന്, 92ാം വയസ്സിലാണ് മൻമോഹൻ സിങ്ങിന്റെ അന്ത്യം.