ബാറുകാർ മദ്യം വിളമ്പിയാൽ പോരാ, ഡ്രൈവറെയും നൽകണം: ‘നിർദേശം മാത്രം, അടിച്ചേൽപ്പിക്കാനാകില്ല’
Mail This Article
കോട്ടയം∙ മദ്യപിക്കാൻ വണ്ടിയിലെത്തിയവർക്ക് ബാറുകാർ ഡ്രൈവറെ നൽകണമെന്ന മോട്ടർ വാഹന വകുപ്പിന്റെ ഉത്തരവ് നിർദേശ രൂപത്തിലുള്ളത്. വാഹനാപകടം ഒഴിവാക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള സർക്കുലർ; നിയമപരമായി നിലനിൽപ്പില്ല. നിർദേശങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ബാറുകൾക്കെതിരെ നിയമനടപടിയും സാധ്യമല്ല. ഡ്രൈവറെ നൽകണമെന്ന നിർദേശം പാലിക്കാൻ പ്രായോഗിക തടസ്സങ്ങളുണ്ടെന്നു ബാറുകാരും പറയുന്നു.
പ്രഫഷനൽ ഡ്രൈവർമാരുടെ സേവനം ബാർ വളപ്പിൽ ലഭ്യമാക്കണമെന്നാണ് ആർടിഒ (എൻഫോഴ്സ്മെന്റ്) കൊച്ചിയിലെ ബാർ ഹോട്ടൽ മാനേജർമാർക്കു നൽകിയ ഉത്തരവിൽ നിർദേശിച്ചിട്ടുള്ളത്. പുതുവത്സരത്തിന്റെ തിരക്കിനിടെ, മദ്യപിക്കുന്ന എല്ലാവർക്കും ഡ്രൈവർമാരെ നൽകുന്നതിനു പരിമിതികളുണ്ടെന്ന് ബാർ മാനേജർമാർ പറഞ്ഞു. ഡ്രൈവർമാരെ നൽകാമെന്ന് പറഞ്ഞാലും പലരും അംഗീകരിക്കാത്ത സ്ഥിതിയുണ്ട്. നിർബന്ധിച്ച് നിബന്ധനകൾ അടിച്ചേൽപ്പിക്കാനാകില്ലെന്നും അവർ വ്യക്തമാക്കി.
നിർദേശം മാത്രമാണിതെന്നും, നിയമപരമായി നിലനിൽപ്പില്ലെന്നും ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു. അപകടം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ കൊച്ചിയിൽ മാത്രം ഇറക്കിയ സർക്കുലറാണെന്നും അവർ വ്യക്തമാക്കി. ഉപഭോക്താക്കൾ ഡ്രൈവറുടെ സേവനം നിരസിക്കുകയും മദ്യപിച്ചു വാഹനമോടിക്കാൻ ശ്രമിക്കുകയും ചെയ്താൽ ഹോട്ടൽ അധികൃതർ ഉടൻ അടുത്തുള്ള പൊലീസ് സ്റ്റേഷനെയോ ആർടിഒ (എൻഫോഴ്സ്മെന്റ്) ഓഫിസിനെയോ അറിയിക്കണമെന്നും ഇന്നലെ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നുണ്ട്. ഇതും പ്രായോഗികമല്ല.
ആരൊക്കെയാണു ഡ്രൈവറുടെ സേവനം തേടിയത് എന്നതുൾപ്പെടെയുള്ള വിശദാംശങ്ങൾ രേഖപ്പെടുത്തിയ റജിസ്റ്റർ സൂക്ഷിക്കണമെന്നാണു നിർദേശം. സൂക്ഷിച്ചില്ലെങ്കിൽ നിയമനടപടി സാധ്യമല്ല. നിരത്തുകളിൽ വാഹന പരിശോധന ശക്തമാക്കുകയാണ് അപകടങ്ങൾ കുറയ്ക്കാനുള്ള പ്രധാന മാർഗം. ബാറുകൾക്കുള്ള ലൈസൻസ് നിബന്ധനകളിൽ, മദ്യപിക്കുന്നവർക്ക് ഡ്രൈവറെ നൽകണമെന്ന നിർദേശമില്ല. ഡ്രൈവറുടെ സേവനം ഉപയോഗിക്കാത്തവർക്ക് മദ്യം നൽകാതിരിക്കാനും നിയമമില്ല. പ്രായപൂർത്തി ആകാത്തവർക്ക് മദ്യം നൽകാനാകില്ല. സ്ഥിരബുദ്ധി ഇല്ലാത്തവർക്കും യൂണിഫോമിലുള്ളവർക്കും മദ്യം നൽകുന്നതിനും നിയമതടസ്സമുണ്ട്.