സൈറൺ മുഴക്കിയിട്ടും ഹോണടിച്ചിട്ടും മാറിയില്ല; 22 കി.മീ ആംബുലൻസിന് തടസ്സം: സ്കൂട്ടർ കസ്റ്റഡിയിൽ
Mail This Article
കോഴിക്കോട്∙ ആംബുലൻസിനു തടസ്സം സൃഷ്ടിച്ച് യാത്ര ചെയ്ത സ്കൂട്ടർ ആർടിഒ പിടിച്ചടുത്തു. ചെലവൂർ സ്വദേശി സി.െക. ജസ്നാസാണ് സ്കൂട്ടർ ഓടിച്ചത്. ഇന്നു രാവിലെ ഇയാളുടെ വീട്ടിൽനിന്നാണ് ആർടിഒ സ്കൂട്ടർ കസ്റ്റഡിയിലെടുത്തത്. ഇയാളോടു മൂന്നു മണിക്ക് ഹാജരാകാൻ അറിയിച്ചിട്ടുണ്ടെന്നും റീജനൽ ട്രാൻസ്‌പോർട്ട് ഓഫിസർ പി.എ. നസീർ അറിയിച്ചു.
ഇന്നലെ രാത്രി 8നു വയനാട്ടിൽനിന്നു അടിയന്തര ചികിത്സ നടത്തേണ്ട രോഗിയുമായി കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപ്രതിയിലേക്കു വന്ന ആംബുലൻസിനു മുന്നിൽ 9.15 ഓടെയാണു തടസ്സം സൃഷ്ടിച്ച് സ്കൂട്ടർ 22 കിലോമീറ്ററിലധികം ഓടിയത്.
9.15ന് അടിവാരത്തുനിന്നു മുന്നിൽ കയറിയ സ്കൂട്ടർ കാരന്തൂർ വരെ ആംബുലൻസിനു മുന്നിൽ വഴി മാറാതെ ഓടി. സൈറൺ മുഴക്കിയിട്ടും ഹോൺ അടിച്ചിട്ടും സ്കൂട്ടർ യാത്രക്കാരൻ മാറിയില്ലെന്ന് ആംബുലൻസ് ഡ്രൈവർ പറഞ്ഞു. സ്കൂട്ടർ ഡ്രൈവർ ഇടയ്ക്കു കൈ കൊണ്ടു ആംഗ്യം കാണിച്ചതായും ആംബുലൻസ് ഡ്രൈവർ പറഞ്ഞു.
ഒടുവിൽ കാരന്തൂർ ജംക്ഷനിൽ 11.10ന് എത്തിയപ്പോൾ റോഡിൽ തിരക്കായി. ഇതിനിടയിൽ ആംബുലൻസ് മെഡിക്കൽ കോളജ് റോഡിലേക്കു കയറി ബൈക്ക് യാത്രക്കാരനിൽനിന്നു രക്ഷപ്പെടുകയായിരുന്നു. ഒരുമണിക്കൂർ വൈകിയാണ് ആംബുലൻസ് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ എത്തിയത്. ആംബുലൻസ് ഡ്രൈവർക്കൊപ്പമുള്ളവരാണ് സ്കൂട്ടർ യാത്രക്കാരന്റെ അപകടകരമായ യാത്രയുടെ വിഡിയോ ചിത്രീകരിച്ചത്.