ADVERTISEMENT

ലോക്സഭയിൽ ഹാട്രിക് വിജയം നേടിയെങ്കിലും യുപിയിലെ തിരഞ്ഞെടുപ്പു നഷ്ടം ബിജെപിക്ക് വലിയ കഷ്ടമായെന്നു പറയാം. 400 സീറ്റ് ലഭിക്കുമെന്ന് ബിജെപി ഉറപ്പിച്ചത് യുപിയിലെ 80 ൽ 75 സീറ്റ് മുന്നിൽ കണ്ടാണ്. ലഭിച്ചത് 33 സീറ്റ് മാത്രം. 303ൽ നിന്ന് 240 സീറ്റിലേക്ക് ബിജെപി ചുരുങ്ങി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും യുപിയിലെ തിരിച്ചടി ഒറ്റയ്ക്ക് ഭരിക്കാമെന്ന ആത്മവിശ്വാസത്തിനേറ്റ തിരിച്ചടിയായി. അയോധ്യ ക്ഷേത്ര നിർമാണം തിരഞ്ഞെടുപ്പിൽ പ്രയോജനപ്പെട്ടില്ല. അയോധ്യ ഉൾപ്പെട്ട ഫൈസാബാദ് മണ്ഡലത്തിൽപോലും ബിജെപി പരാജയപ്പെട്ടു.

ബിജെപിയെന്നാൽ മോദിയും തീരുമാനങ്ങൾ മോദിയുടേതുമായിരുന്നു. ഭരണത്തുടർച്ച മോദിയുടെ ചുമലിലേറിയാണെങ്കിലും ആ ഗ്യാരന്റിയുടെ തിളക്കം കുറയുകയാണ്. തിരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ പ്രഭാവം മങ്ങുന്നത് പാർട്ടിക്കൊപ്പം മോദിക്കുമാണ്. സർക്കാർ രൂപീകരണത്തിനു ഘടകകക്ഷികളെ ആശ്രയിക്കേണ്ടിവന്നത് നരേന്ദ്ര മോദിക്കും ബിജെപിക്കും ദീർഘകാലാടിസ്ഥാനത്തിൽ തിരിച്ചടിയാണ്. വലിയ തീരുമാനങ്ങളുടെ ആളായാണ് നരേന്ദ്ര മോദി വിലയിരുത്തപ്പെടുന്നത്. അത്തരം തീരുമാനങ്ങൾ ഇനി അനായാസം സാധ്യമാകണമെന്നില്ല. ‘ഒരു രാജ്യം ഒന്നിച്ച് തിരഞ്ഞെടുപ്പ്’ ബില്ലിന്റെ അവതരണ വേളയിൽ അക്കാര്യം വ്യക്തമായി.

ചർച്ചകളിലൂടെ നിയമനിർമാണം എന്ന കാഴ്ചപ്പാടിനു പകരം സഭയിലെ ഭൂരിപക്ഷത്തെ ശക്തിയായി കണ്ടുകൊണ്ടുള്ള നിയമനിർമാണമാണ് ബിജെപി സർക്കാർ നടത്തിയിരുന്നത്. ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലാതായതോടെ സഭയിൽ ചർച്ച ചെയ്ത് ബില്ലുകൾ കമ്മിറ്റികൾക്കു വിടേണ്ട സാഹചര്യമാണ്. പ്രതിപക്ഷ നിരയിൽ എണ്ണം കൂടിയപ്പോൾ പാർലമെന്ററി നിയമനിർമാണം മോദിസർക്കാരിന് എളുപ്പമല്ലാതായി മാറുന്നു. അതിന്റേതായ വെല്ലുവിളികൾ മോദിക്കു മുന്നിലുണ്ട്. ഭരണഘടനാ ഭേദഗതിക്ക് 400 സീറ്റു നേടുമെന്നത് ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ആദ്യഘട്ട പ്രചാരണ ആയുധമായിരുന്നു. ആ സ്വപ്നം തകർന്നു. ഭരണഘടനാ ഭേദഗതി കൊണ്ടു വന്ന് നിയമമാക്കാൻ സഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണം. ഭരണഘടനാ ഭേദഗതി നിലവിലെ സാഹചര്യത്തിൽ എളുപ്പമല്ലാതായി. വ്യക്തിപരമായി മോദിയുടെയും നഷ്ടമാണിത്. ഭൂരിപക്ഷം കൂടിയതോടെ പ്രതിപക്ഷ മുന്നണിയുടെ ശക്തി വർധിച്ചു. ഭരണപക്ഷത്തിനു കുറച്ചെങ്കിലും വെല്ലുവിളി ഉയർത്താൻ സാധിക്കുന്ന സാഹചര്യം.

ഭരണത്തിലെ ‘മധുവിധു’ കാലം അവസാനിച്ചിട്ടില്ല. സഖ്യകക്ഷികൾ എപ്പോൾ വേണമെങ്കിലും പ്രശ്നങ്ങൾ സൃഷ്ടിച്ച് ബാധ്യതയാകാം. ഘടകക്ഷികളുടെ സമ്മർദങ്ങൾ ബജറ്റില്‍ ഉൾപ്പെടെ പ്രതിഫലിക്കാം. അതിനെല്ലാം പ്രധാനമന്ത്രിക്ക് ഒരുപരിധി വരെ വഴങ്ങേണ്ടിവരും. പഴയതുപോലെ തീരുമാനങ്ങൾ അടിച്ചേൽപിക്കാനാകില്ല. പുതുവർഷത്തിലേക്കു കടക്കുമ്പോഴും ജമ്മുകശ്മീരിലെ പ്രശ്നങ്ങൾ ബാക്കി നിൽക്കുന്നു. സംസ്ഥാന പദവി തിരികെ നൽകണമെന്നു സുപ്രീംകോടതി പറഞ്ഞിട്ട് ഒരു വർഷമാകുന്നു. ഇതുവരെ നൽകാനായിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ ജമ്മുവിൽ തിരിച്ചടിയുണ്ടായി. ഹരിയാനയിലും മഹാരാഷ്ട്രയിലും ജയിച്ചെങ്കിലും ജാർഖണ്ഡിലും ജമ്മുവിലും പരാജയപ്പെട്ടു.

ഡൽഹി, ബിഹാർ തിര‍ഞ്ഞെടുപ്പുകൾ അടുത്ത വർഷമാണ്. ഡൽഹിയിൽ എഎപി വലിയ വെല്ലുവിളിയാണ്. കേജ്‌രിവാൾ ജനകീയനായ മുഖ്യമന്ത്രി സ്ഥാനാർഥിയായി നിറഞ്ഞു നിൽക്കുമ്പോൾ ബിജെപിക്ക് അങ്ങനെ ഒരു സ്ഥാനാർഥിയെ ഉയർത്തിക്കാട്ടാനില്ല. ബിഹാറിൽ സഖ്യകക്ഷി ഭരണമാണ്. നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് നിർണയ ചർച്ചകൾ തർക്കത്തിലേക്കു നയിക്കാം. ഭരണം കിട്ടിയാൽ നിതീഷ് കുമാർ തുടരണോ എന്ന കാര്യത്തിലും നയപരമായ തീരുമാനത്തിന് പ്രാധാന്യമേറെയാണ്. വിജയ പരാജയങ്ങളും ഘടകകക്ഷി ബന്ധത്തിലെ കരുത്തുമെല്ലാം മോദിയുടെ വ്യക്തിപ്രഭാവത്തിന്റെ മാറ്റുരയ്ക്കലാകും.

ഫെബ്രുവരിയോടെ ബിജെപിക്ക് പുതിയ ദേശീയ അധ്യക്ഷൻ വരണം. ജനുവരിയോടെ പകുതി സംസ്ഥാനങ്ങളിലെങ്കിലും അധ്യക്ഷൻമാരെ തിരഞ്ഞെടുക്കണം. കേന്ദ്രം ശക്തമായപ്പോൾ സംസ്ഥാനങ്ങളിൽ പ്രമുഖ നേതാക്കളില്ലാതായി. അതെല്ലാം സംഘടനാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കാം. ആർഎസ്എസ് നിയന്ത്രണം ഏറ്റെടുക്കാനാണ് സാധ്യത. ആർഎസ്എസിന്റെ ശതാബ്ദി വർഷമാണ് 2025. ആർഎസ്എസുമായുള്ള ബന്ധത്തിൽ ഉലച്ചിൽ തട്ടാതെ പോകേണ്ടതിന്റെ പ്രധാന ഉത്തരവാദിത്തവും പ്രധാനമന്ത്രിക്കാണ്. മോദിയുടെ വിരമിക്കൽ ചർച്ചകളെക്കുറിച്ചുള്ള അഭ്യൂഹങ്ങളും പാർട്ടിയിൽ നിലനിൽക്കുന്നുണ്ട്.

പുതിയ ക്ഷേത്ര–മസ്ജിദ് പ്രശ്നങ്ങളെ എങ്ങനെ രാഷ്ട്രീയമായി കൈകാര്യം ചെയ്യുമെന്നത് മോദിയുടെയും പാർട്ടിയുടെയും വരും വർഷങ്ങളിലെ പ്രശ്നമാണ്. പുതിയ സംഘർഷങ്ങൾ വേണ്ട എന്ന നിലപാടുള്ളവർ ബിജെപിയിലും ആർഎസ്എസിലുമുണ്ട്. ഇത്തരം പോരാട്ടങ്ങളില്ലാതെ, സംഘപരിവാർ ആശയത്തിലൂന്നിയ രാഷ്ട്രീയ നയങ്ങൾ എങ്ങനെ കൊണ്ടുപോകും എന്നത് ചോദ്യമായി നിൽക്കുന്നു. കാര്യമായ സാമ്പത്തിക നേട്ടം ഉണ്ടാക്കാനാകാത്തത് മോദി സർക്കാരിനു തിരിച്ചടിയാണ്. ബജറ്റുകളിൽ കാര്യമായ പ്രഖ്യാപനങ്ങളില്ല. കൈകാര്യം ചെയ്യാൻ ആവശ്യത്തിനു പണമില്ല. വിലക്കയറ്റമുണ്ട്. കർഷക പ്രശ്നങ്ങളുണ്ട്. നികുതി പരിഷ്ക്കാരങ്ങളിലൂടെ മാറ്റങ്ങൾ വരുത്തുമെന്ന് പറയുന്നുണ്ട്. അതിലും പരിമിതിയുണ്ട്. ചൈനയുമായുള്ള പ്രശ്നം പൂർണമായി പരിഹരിക്കാൻ ഇതുവരെ കഴിഞ്ഞില്ല. തിരഞ്ഞെടുപ്പിൽ തിരിച്ചടിയായ നയങ്ങൾ തിരുത്തേണ്ടതുണ്ട ഉത്തരവാദിത്തവും മോദിക്കാണ്.

English Summary:

BJP Election Analysis: Uttar Pradesh election losses dealt a major blow to the BJP, significantly impacting Narendra Modi’s political standing. The reduced parliamentary majority necessitates coalition governance, posing challenges for policy implementation and future elections.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com