ഒടുവിൽ മൃദംഗനാദം സംഘാടകർക്കെതിരെ ജാമ്യമില്ലാകുറ്റം; കീഴടങ്ങണമെന്നു ഹൈക്കോടതി
Mail This Article
കൊച്ചി ∙ കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിയിലെ സുരക്ഷാവീഴ്ചയിൽ സംഘാടകർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയതോടെ കീഴടങ്ങാൻ കോടതി നിർദേശം. ജനുവരി രണ്ടിന് ഉച്ചയ്ക്കു ശേഷം രണ്ടിന് അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ കീഴടങ്ങാനാണ് ഹൈക്കോടതി നിർദേശിച്ചത്. ‘മൃദംഗനാദം’ എന്ന നൃത്ത പരിപാടിക്കിടെ സ്റ്റേജിൽ നിന്നു വീണ് തൃക്കാക്കര എംഎൽഎ ഉമ തോമസിന് ഗുരുതര പരുക്കേറ്റിരുന്നു. സംഘാടകർക്കെതിരെ കേസെടുത്ത സാഹചര്യത്തിൽ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കീഴടങ്ങാൻ നിർദേശം നല്‍കിയത്.
സംഘാടകരായ മൃദംഗവിഷൻ ഉടമ നിഗോഷ് കുമാർ, നടത്തിപ്പുകാരായ ഓസ്കർ ഇവന്റ്സ് പ്രൊപ്രൈറ്റർ പി.എസ്.ജെനീഷ് എന്നിവരോടാണ് ജസ്റ്റിസ് പി.കൃഷ്ണകുമാർ കീഴടങ്ങാൻ നിർദേശിച്ചത്. നേരത്തേ പ്രതികൾക്കെതിരെ ജാമ്യം ലഭിക്കാവുന്ന ചെറിയ വകുപ്പുകൾ ചുമത്തിയത് വിവാദമായിരുന്നു. തുടർന്നാണ് ജാമ്യമില്ലാ വകുപ്പുകൾ കൂടി ചുമത്തിയത്. രാവിലെ ജാമ്യഹർജി പരിഗണിച്ചപ്പോൾ പിന്നീട് പരിഗണിക്കാനും സർക്കാരിനോട് മറുപടി നൽകാനും കോടതി ആവശ്യപ്പെട്ടിരുന്നു. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ആണല്ലോ എന്ന് പരാമർശിച്ചാണു ഹർജികൾ മാറ്റിയത്.
എന്നാൽ ഉച്ച കഴിഞ്ഞ് കോടതി ചേർന്നപ്പോൾ, പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പായ ബിഎൻഎസ് 10 കൂടി ചുമത്തിയ കാര്യം അഭിഭാഷകൻ അറിയിച്ചു. തുടർന്നാണ് കീഴടങ്ങാനുള്ള നിർദേശം കോടതി നല്‍കിയത്. അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുള്ളതിനാൽ, ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് പ്രതികൾ ആവശ്യപ്പെട്ടെങ്കിലും പ്രോസിക്യൂഷൻ എതിർത്തു. ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിട്ടുള്ളതെന്നും കേസിൽ പൊതുജന താൽപര്യമുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. തുടർന്ന് ഇടക്കാലാശ്വാസം നൽകാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
ഉമ തോമസ് അപകടത്തിൽപ്പെട്ട നൃത്തപരിപാടിയുടെ പേരിലെടുത്ത കേസിൽ അറസ്റ്റിലായ 3 പ്രതികൾക്കും ഇടക്കാല ജാമ്യം. ജനുവരി 3 വരെയാണ് ഇടക്കാല ജാമ്യം. എറണാകുളം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണു ജാമ്യം നൽകിയത്. നേരത്തേ ഇവർക്കു സ്റ്റേഷൻ ജാമ്യം അനുവദിച്ചിരുന്നു.