ക്യാംപസിൽ പുലി; മൈസൂരുവിലെ ഇൻഫോസിസ് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം
Mail This Article
മൈസൂരു∙ ഐടി ഭീമൻ ഇൻഫോസിസിന്റെ മൈസൂരു ക്യാംപസിൽ പുലി. ഇതിനുപിന്നാലെ ജീവനക്കാർക്കു വർക്ക് ഫ്രം ഹോം സൗകര്യം അനുവദിച്ചു. ഇൻഫോസിസ് ക്യാംപസിൽ രാവിലെയാണു പുലിയെ കണ്ടത്. കെട്ടിടത്തിന്റെ അണ്ടർഗ്രൗണ്ട് പാർക്കിങ് സോണിലെ പുലിയുടെ ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിലുമുണ്ട്. ഇതിനുപിന്നാലെതന്നെ ക്യാംപസിനുള്ളിൽ ആരും കടക്കരുതെന്ന് നിർദേശം നൽകിയെന്ന് എച്ച്ആർ വിഭാഗം അറിയിച്ചു.
വനംവകുപ്പിന്റെ 50 അംഗ സംഘം പുലർച്ചെ നാലുമണിയോടെ സ്ഥലത്തെത്തി. പുലിയെ പിടിക്കാനായി കൂടുകളും സ്ഥാപിച്ചു. ഡ്രോൺ ക്യാമറകൾ ഉപയോഗിച്ച് പുലിയുടെ നീക്കങ്ങൾ അറിയാനുള്ള ശ്രമം നടത്തി. രാത്രിയിലേക്ക് തെർമൽ ഡ്രോണുകളും ഉപയോഗിച്ചേക്കും. ഇതാദ്യമായല്ല ഇൻഫോസിസ് ക്യാംപസിൽ പുലിയെ കാണുന്നത്. 2011ലും സമാന സംഭവം ഉണ്ടായിരുന്നു.
സംരക്ഷിത വനത്തിനോടു ചേർന്നാണു ക്യാംപസ് സ്ഥിതി ചെയ്യുന്നത്. ഇൻഫോസിസിന്റെ മൈസൂരു ക്യാംപസിൽ 15,000ൽപ്പരം ജീവനക്കാരുണ്ട്. ഇൻഫോസിസിന്റെ രാജ്യത്തെ ഏറ്റവും വലിയ പരിശീലന കേന്ദ്രമാണ് മൈസൂരുവിലേത്. 370 ഏക്കർ വിസ്തൃതിയുള്ള സ്ഥലത്ത് 10,000ൽ അധികം വിദ്യാർഥികൾ പരിശീലനം നടത്തുന്നുണ്ട്. ക്യാംപസിലുള്ള ഗ്ലോബൽ എജ്യുക്കേഷൻ സെന്ററിൽ 4,000 ട്രെയിനികളാണ് ഉള്ളത്.