ആഘോഷത്തിൽ കോഴിക്കോട് ബീച്ച്; ഹോട്ടലുകളും റിസോർട്ടുകളും കേന്ദ്രീകരിച്ച് വയനാട്ടിലെ പുതുവത്സരം
Mail This Article
കോഴിക്കോട്∙ ഹോട്ടലുകളും റിസോർട്ടുകളും കേന്ദ്രീകരിച്ച് കോഴിക്കോട്, വയനാട് ജില്ലകളിലെ പുതുവത്സരാഘോഷം. പൊതുസ്ഥലങ്ങളിൽ ആഘോഷത്തിനു നിയന്ത്രണങ്ങളുള്ളതിനാൽ സ്വകാര്യ കേന്ദ്രങ്ങളിൽ ആഘോഷിക്കുന്നവരാണു കൂടുതൽ. ഹോട്ടലുകളും റസിഡന്റ്സ് അസോസിയേഷനുകളും പ്രത്യേകം പരിപാടികൾ നടത്തുന്നുണ്ട്. കോഴിക്കോട് ബീച്ചിലാണു പ്രധാന ആഘോഷം. എന്നാൽ ജനുവരി ഒന്നിനു പുലർച്ചെ ഒരു മണി വരെ മാത്രമേ ബീച്ചിൽ നിൽക്കാനാവൂ. ജില്ലയിൽ മറ്റ് ബീച്ചുകളിലൊന്നും സാധാരണ ആഘോഷം നടക്കാറില്ല. മാളുകളും ഹോട്ടലുകളും കേന്ദ്രീകരിച്ചാണ് നഗരത്തിലെ ആഘോഷം.
വയനാട്ടിൽ പുതുവത്സര ആഘോഷം നടക്കുന്നത് പ്രധാനമായും റിസോർട്ടുകളിലാണ്. ചെറുതും വലുതുമായ റിസോർട്ടുകളിൽ പ്രത്യേകം പരിപാടികൾ നടത്താറുണ്ട്. ഒരുപാട് ആളുകൾ ഒത്തുചേരുന്ന പരിപാടികൾ ജില്ലയിൽ കുറവാണ്. വയനാട് ചുരം വ്യൂ പോയിന്റിലും നിയന്ത്രണങ്ങളുണ്ട്. രാത്രി 10 മണിക്കുശേഷം വ്യൂ പോയിന്റിൽ ആളുകൾ കൂട്ടം കൂടാൻ പാടില്ല. വന്യമൃഗ ശല്യമുൾപ്പെടെയുള്ളതിനാൽ വയനാട്ടിൽ രാത്രിയിൽ കൂട്ടംകൂടുന്നതിനു നിയന്ത്രണമുണ്ട്.
∙ ചുരത്തിലെ കുരുക്ക്
പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപടിയുമായി പൊലീസ്. ചൊവ്വാഴ്ച വൈകിട്ട് മുതൽ പുതുവത്സര ദിനമായ ബുധനാഴ്ച പുലർച്ചെ വരെ ചുരംപാതയോരത്ത് വാഹന പാർക്കിങ് നിരോധിച്ചു. ചുരം വ്യൂപോയന്റിൽ രാത്രി പത്തു മണി വരെ മാത്രമേ സഞ്ചാരികളെ ഇറങ്ങി നിൽക്കാൻ അനുവദിക്കൂ. ചുരം പാതയോരത്തെ തട്ടുകടകൾ ഉൾപ്പെടെ ചൊവ്വാഴ്ച രാത്രി 9ന് അടയ്ക്കണം.
ഭാരവാഹനങ്ങൾക്ക് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മുതൽ രാത്രി 12 വരെ നിരോധനം ഏർപ്പെടുത്തി. നിയന്ത്രണമുള്ള സമയത്ത് ചുരം പാതയിലേക്കെത്തുന്ന ചരക്കുലോറികൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ അടിവാരത്തും ലക്കിടിയിലും പിടിച്ചിടും. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും താമരശ്ശേരി പൊലീസ് അറിയിച്ചു.