‘നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമായ എല്ലാ സഹായവും ചെയ്യും’: വധശിക്ഷ ശരിവച്ചതിനു പിന്നാലെ കേന്ദ്രം
Mail This Article
കൊച്ചി ∙ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമാകുന്ന എല്ലാ സഹായങ്ങളും ചെയ്യുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. നിമിഷപ്രിയയുടെ വധശിക്ഷ യെമൻ പ്രസിഡന്റ് ശരിവച്ചെന്നതടക്കമുള്ള റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ പ്രതികരണം.
‘‘യെമനിൽ നിമിഷപ്രിയ ശിക്ഷിക്കപ്പെട്ട കാര്യത്തെക്കുറിച്ച് മന്ത്രാലയത്തിന് അറിവുണ്ട്. നിമിഷപ്രിയയുടെ കുടുംബം സാധ്യമാകുന്ന വഴികൾ തേടുന്നതായും മനസിലാക്കുന്നു. ഈ വിഷയത്തിൽ സർക്കാർ സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യും’’– വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
തലാൽ അബ്ദുമഹ്ദിയെന്ന യുവാവു കൊല്ലപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട് യെമൻ തലസ്ഥാനമായ സനായിലെ ജയിലിൽ 2017 മുതൽ കഴിയുകയാണു പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനി നിമിഷപ്രിയ. നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച് ചർച്ചകളും വിവാദങ്ങളും നടക്കുന്നതിനിടെയാണ് കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ പ്രതികരണം നടത്തിയിരിക്കുന്നത്. നിമിഷപ്രിയയുടെ മോചനത്തിന്റെ ഭാഗമായി ചർച്ചകൾക്ക് തുടക്കമിടാൻ 40,000 യുഎസ് ഡോളറായിരുന്നു കൈമാറേണ്ടിയിരുന്നത്. എന്നാൽ ഇതിന്റെ ആദ്യഗഡുവായി 19,871 ഡോളർ മാത്രമേ കൈമാറാൻ കഴിഞ്ഞുള്ളൂ. രണ്ടാ ഘട്ട തുക സമാഹരിക്കാനുള്ള ശ്രമങ്ങൾ എവിടെയും എത്തിയില്ല.
2015 ൽ സനായിൽ തലാലിന്റെ സ്പോൺസർഷിപ്പിൽ നിമിഷപ്രിയ ക്ലിനിക് ആരംഭിച്ചിരുന്നു. സഹപ്രവർത്തകയുമായി ചേർന്നു തലാലിനെ വധിച്ചെന്ന കേസിൽ 2017 ജൂലൈയിലാണു നിമിഷ അറസ്റ്റിലായത്. 2020 ൽ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. വിധിക്കെതിരായ അപ്പീലുകൾ വിവിധ കോടതികൾ തള്ളിയിരുന്നു.