എന്‍.എം.വിജയനു സാമ്പത്തിക ബാധ്യതയെന്ന് ഡയറിയിൽ; ആത്മഹത്യക്കുറിപ്പ് കണ്ടെത്താനായില്ല
Mail This Article
ബത്തേരി∙ ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം.വിജയനു സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. 2021ലെയും 2023ലെയും ഡയറിക്കുറിപ്പുകളില്‍ സാമ്പത്തിക ബാധ്യത രേഖപ്പെടുത്തിയിട്ടുണ്ട്. വിവിധ ബാങ്കുകളില്‍നിന്നു വായ്പയും സ്വര്‍ണപ്പണയ വായ്പയും എടുത്തിരുന്നു. ബാങ്കുകളില്‍നിന്നു വിശദാംശങ്ങള്‍ ശേഖരിക്കാന്‍ പൊലീസ് ശ്രമം തുടങ്ങി.
മകന്റെയും മരുമകളുടെയും ഉള്‍പ്പെടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആത്മഹത്യ സംബന്ധിച്ച കാരണം അറിയില്ലെന്നാണ് ഇവർ മൊഴി നൽകിയതെന്നാണു വിവരം. പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പങ്കുവയ്ക്കാറില്ല. കുടുംബപ്രശ്‌നങ്ങള്‍ ഇല്ല എന്നും മൊഴിയിലുണ്ട്. വീട്ടില്‍നിന്ന് ഡയറികള്‍ ഉള്‍പ്പെടെ പരിശോധനയ്ക്കായി ശേഖരിച്ചു. വീട്ടിലെ പരിശോധനയില്‍ ആത്മഹത്യക്കുറിപ്പ് കണ്ടെത്താനായില്ല. വിജയന്റെയും മകന്റെയും മരണത്തില്‍ അന്വേഷണസംഘം ഇതുവരെ 6 പേരുടെ മൊഴി രേഖപ്പെടുത്തി.
സംഭവത്തിൽ ആരോപണം നേരിടുന്ന ഐ.സി.ബാലകൃഷ്ണൻ എംഎൽഎ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി ബത്തേരി മണ്ഡലം കമ്മിറ്റി എംഎൽഎ ഓഫിസ് മാർച്ച് നടത്തി. ഇന്നലെ സിപിഎമ്മും എംഎൽഎ ഓഫിസ് മാർച്ച് നടത്തിയിരുന്നു. ബാലകൃഷ്ണനെതിരെ ശക്തമായ പ്രതിഷേധമാണു സിപിഎം നടത്തുന്നത്. വിജയനെയും മകന്‍ ജിജേഷിനെയും വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കണ്ടെത്തിയതിനു പിന്നാലെയാണ് ബാങ്ക് നിയമനവിവാദം ഉയര്‍ന്നത്. വിജയനും ഉദ്യോഗാര്‍ഥിയുടെ പിതാവും തമ്മിലുള്ള കരാര്‍ രേഖ പുറത്തുവന്നു.
ബാങ്ക് നിയമനത്തിനായി ഉദ്യോഗാര്‍ഥിയുടെ പിതാവില്‍നിന്ന് 30 ലക്ഷം രൂപ വാങ്ങിയതായാണ് കരാര്‍. വിജയനാണു രേഖയില്‍ ഒപ്പിട്ടിരിക്കുന്നത്. അന്നത്തെ ഡിസിസി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണന്റെ പേരും കരാറിൽ പരാമർശിക്കുന്നുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന ബത്തേരി അര്‍ബന്‍ ബാങ്കിലോ, പൂതാടി, മടക്കിമല എന്നീ സ്ഥലങ്ങളിലെ ബാങ്കിലോ നിയമനം നൽകാമെന്നാണ് കരാറിൽ പറയുന്നത്. ബാലകൃഷ്ണന്റെ നിര്‍ദേശപ്രകാരമാണ് പണം കൈപ്പറ്റുന്നതെന്നും രേഖയിലുണ്ട്.