മോഷണം കഴിഞ്ഞു, മദ്യക്കുപ്പികൾ മാടിവിളിച്ചു; ‘കുടിച്ച് പൂസായി’, മദ്യശാലയിൽ കിടന്നുറങ്ങി!
Mail This Article
ഹൈദരാബാദ്∙ തെലങ്കാനയിലെ മദ്യവിൽപ്പനശാലയിൽ മോഷണത്തിനു കയറിയ കള്ളൻ മദ്യം കുടിച്ച് ‘പൂസായി’ കിടന്നുറങ്ങി. മദ്യവിൽപ്പനശാലയുടെ മേൽക്കൂരയിലെ ഓടുകൾ നീക്കം ചെയ്തും സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാക്കിയുമായിരുന്നു മോഷണം. മേശ തുറന്ന് ഡ്രോയറുകളിൽനിന്ന് പണം മോഷ്ടിച്ചു. എല്ലാം പദ്ധതി അനുസരിച്ച് നടന്നെങ്കിലും മദ്യം കഴിച്ചതോടെ അനങ്ങാൻ പറ്റാതെയായി.
പുതുവത്സര ദിനത്തിനു മുന്നോടിയായുള്ള വൻ കൊള്ളയിൽ ആഹ്ലാദഭരിതനായ കള്ളൻ മദ്യം ആവോളം കുടിക്കുകയായിരുന്നു. ആദ്യം ഒരു ബ്രാൻഡ് കഴിച്ചു, പിന്നെ മറ്റൊന്ന്, അങ്ങനെ നിരവധി കുപ്പികൾ...ഇതെല്ലാം സിസിടിവിയിൽ പതിഞ്ഞു. വിവിധ കുപ്പികളിൽ നിന്നുള്ള മദ്യം വയറ്റിലാക്കിയതിനു പിന്നാലെ ബോധം നഷ്ടമായി. രാവിലെ കടയിലെത്തിയ ജീവനക്കാരാണ് കള്ളനെ കയ്യോടെ പൊക്കിയത്. ഇയാൾക്ക് ചുറ്റും പണവും മദ്യക്കുപ്പികളും ചിതറിക്കിടന്നു. ചെറിയ മുറിവ് മുഖത്തുണ്ടായിരുന്നു.
‘‘രാത്രി 10 മണിക്ക് ഞങ്ങൾ കടയടച്ചു. രാവിലെ 10 മണിക്ക് തുറന്നപ്പോൾ, കള്ളൻ അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്. മേൽക്കൂരയുടെ ഓടുകൾ നീക്കി ഇറങ്ങിയ കള്ളൻ പണപ്പെട്ടിയിൽനിന്ന് പണമെടുത്തിരുന്നു. അയാളെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷിക്കുന്നുണ്ട്’’ – മദ്യവിൽപ്പനശാലയിലെ ജീവനക്കാർ പറഞ്ഞു. അമിതമായി മദ്യപിച്ചിരിക്കുന്ന മോഷ്ടാവിന്റെ മറ്റ് വിവരങ്ങൾ ലഭ്യമല്ല.