മൃദംഗനാദത്തിൽ അടിമുടി നിറഞ്ഞ് ദുരൂഹത; പുതുവത്സര പിറവിയുടെ ആവേശത്തിൽ ലോകം - പ്രധാന വാർത്തകൾ
Mail This Article
‘മൃദംഗനാദം’ നൃത്ത പരിപാടിക്കിടെ സ്റ്റേജിൽ നിന്നു വീണ് തൃക്കാക്കര എംഎൽഎ ഉമ തോമസിന് ഗുരുതര പരുക്കേറ്റതോടെ പരിപാടിയുടെ സംഘാടനത്തെ സംബന്ധിച്ചു വിവാദങ്ങളും കോടതി നടപടികളും തന്നെയാണ് ഇന്നത്തെ പ്രധാനവാർത്ത. 12,000 നർത്തകരുൾപ്പെടെ 20,000ത്തിലേറെപ്പേർ തടിച്ചുകൂടിയ, ഗിന്നസ് റെക്കോർഡ് തിരുത്താൻ പോകുന്നുവെന്ന് പ്രഖ്യാപിച്ച കൊച്ചിയിലെ പരിപാടിയിൽ അടിമുടി ദുരൂഹതയാണ് തെളിയുന്നത്. സുരക്ഷാവീഴ്ചയും സംഘാടനത്തിലെ പിഴവും ചട്ടലംഘനങ്ങളുമൊക്കെ ആരോപിക്കപ്പെടുന്ന പരിപാടിയെ കുറിച്ച് ജില്ലയുടെ ചുമതലയുള്ള മന്ത്രിക്ക് പോലും അറിവുണ്ടായിരുന്നില്ല.
അതേസമയം കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിയിലെ സുരക്ഷാവീഴ്ചയിൽ സംഘാടകർക്കെതിരെ ഇന്ന് ജാമ്യമില്ലാ കുറ്റം കൂടി ചുമത്തിയതോടെ കീഴടങ്ങാൻ കോടതി നിർദേശം നൽകി. ജനുവരി രണ്ടിന് ഉച്ചയ്ക്കു ശേഷം രണ്ടിന് അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ കീഴടങ്ങാനാണ് ഹൈക്കോടതി നിർദേശിച്ചത്.
പുതുവത്സര ആഘോഷങ്ങൾ ലോകമെമ്പാടും ആരംഭിച്ചിരിക്കുകയാണ്. പസഫിക് ദ്വീപിലെ കുഞ്ഞൻ ദ്വീപായ കിരിബാത്തിയിലാണ് പുതുവത്സരം ആദ്യം എത്തിയത്. 2025നെ വരവേൽക്കാൻ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ആളുകൾ കാത്തിരിക്കുകയാണ്. പുതുവത്സര ആശംസകളുമായി നിരവധി ലോകനേതാക്കളും രംഗത്തെത്തി.
മണിപ്പുർ കലാപത്തിൽ ജനങ്ങളോട് മാപ്പു ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ എൻ. ബീരേൻ സിങ്. 2025ൽ സാധാരണനില പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും ഒട്ടേറെപേർക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടുവെന്നും ബിരേൻ സിങ് ഇന്ന് പറഞ്ഞു. പലരും വീടു വിട്ടിറങ്ങി. 2025ൽ മണിപ്പുർ സാധാരണ നിലയിൽ എത്തുമെന്നും തനിക്ക് പശ്ചാത്താപം തോന്നുന്നുവെന്നും ബിരേൻ സിങ് പറഞ്ഞു.
ചോദ്യക്കടലാസ് ചോർച്ചയിൽ എംഎസ് സൊലൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബിന്റെ ജാമ്യഹർജിയിൽ വാദം കേൾക്കുന്നത് ജനുവരി മൂന്നിലേക്ക് മാറ്റി. കോഴിക്കോട് സെക്കൻഡ് അഡീഷനൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് ഷുഹൈബിന് വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചിരുന്നു.