ADVERTISEMENT

കൊച്ചി∙ കലൂർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിക്കിടെ വേദിയിൽ നിന്നു വീണു പരിക്കേറ്റ തൃക്കാക്കര എംഎൽഎ ഉമ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. രാവിലെ ആറേമുക്കാലിനു രണ്ടു മക്കളും ഉമ തോമസിനെ കണ്ടിരുന്നു. തുടർന്ന് മക്കള്‍ ‘അമ്മേ’ എന്നു വിളിച്ചപ്പോൾ കണ്ണ് അനക്കി ഉമ തോമസ് പ്രതികരിച്ചു. കൈകളും കാലുകളും അനക്കാൻ പറഞ്ഞപ്പോൾ അനക്കിയെന്നും കൈയിൽ മുറുക്കെ പിടിക്കാൻ പറഞ്ഞപ്പോൾ അതിനു ശ്രമിച്ചെന്നും മൂത്ത മകൻ വിഷ്ണു പറഞ്ഞു.

തലച്ചോറിന്റെ പ്രവർത്തനത്തിൽ ആശാവഹമായ പുരോഗതിയാണ് ഇതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. എന്നാൽ വിളികളോട് പ്രതികരിക്കുക മാത്രമാണ് ചെയ്യുന്നത്. സ്വന്തമായ രീതിയിൽ പ്രതികരിക്കുന്ന വിധത്തിലേക്ക് മാറേണ്ടതുണ്ടെന്നും ‍ഡോക്ടർമാർ പറഞ്ഞു. തലച്ചോറിന്റെ പ്രവർത്തനത്തിൽ മെച്ചപ്പെട്ട പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ശ്വാസകോശത്തിന്റെ പ്രവർത്തനത്തിലും നേരിയ പുരോഗതിയുണ്ട്. 

∙ വെല്ലുവിളിയായി ശ്വാസകോശത്തിലെ ചതവും രക്തവും

വെന്റിലേറ്റർ സഹായത്താലാണ് ഉമ തോമസ് ഇപ്പോഴും കഴിയുന്നത്. വരും ദിവസങ്ങളിൽ വെന്റിലേറ്ററിന്റെ സഹായം കുറച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. ഇപ്പോഴും വെല്ലുവിളിയായി നിൽക്കുന്നത് ശ്വാസകോശത്തിലെ ചതവും ഇവിടെ അടിഞ്ഞിട്ടുള്ള രക്തവുമാണ്. അർധബോധാവസ്ഥയിൽ ശ്വാസകോശത്തിൽ കയറിയതാണ് രക്തം. ഇത് ആദ്യദിവസം നീക്കം ചെയ്യാൻ ശ്രമിച്ചിരുന്നു.

കുറച്ചു ഭാഗം ഇപ്പോഴും അവിടെയുണ്ടെന്നും ഇത് ആന്റിബയോട്ടിക് മരുന്നുകളുടെ സഹായത്തോടെ തനിയെ ഇല്ലാതാവേണ്ടതുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഇതേ ചികിത്സാരീതി തന്നെ തുടർന്നു പോകാനാണ് അവരും നിർദേശിച്ചിരിക്കുന്നത് എന്നും ഡോക്ടർമാർ വ്യക്തമാക്കി.

∙ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും ഗുരുതരം

മരുന്നുകളോട് പ്രതികരിക്കുന്നുണ്ട് എങ്കിലും ഇപ്പോഴും ഗുരുതരാവസ്ഥ മാറി എന്നു പറയാറായിട്ടില്ല എന്ന് ഡോക്ടർമാർ വ്യക്തമാക്കി. വെന്റിലേറ്റർ മാറ്റി 24 മണിക്കൂറെങ്കിലും കഴിഞ്ഞാൽ മാത്രമേ ഗുരുതരാവസ്ഥ മാറി എന്നു പറയാൻ കഴിയൂ. വരും ദിവസങ്ങളിൽ വെന്റിലേറ്ററിന്റെ സഹായം കുറച്ചു കൊണ്ടുവന്ന് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനാണു ശ്രമിക്കുന്നത്.

അതിനൊപ്പം, അണുബാധ കുറച്ചു കൊണ്ടുവരുന്നതിനും പുതിയ അണുബാധയുണ്ടാകാതെ നോക്കുകയുമാണ് ചെയ്യുന്നത് എന്നും ഡോക്ടർമാർ പറഞ്ഞു. ന്യുമോണിയ വരാൻ സാധ്യതയുണ്ട് എന്നതിനാൽ അത് ഉണ്ടാവാതിരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നും ഡോക്ടര്‍മാരുടെ സംഘം വ്യക്തമാക്കി.

English Summary:

Uma Thomas health update: MLA Uma Thomas's health is improving, showing encouraging progress in brain function after a fall.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com