മൻമോഹനു ഭാരതരത്നം നൽകണം: പ്രമേയം പാസാക്കി തെലങ്കാന
Mail This Article
ഹൈദരാബാദ് ∙ അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നം നല്‍കണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തം. ഇക്കാര്യം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടാനാണ് തീരുമാനം. തെലങ്കാന സര്‍ക്കാരിന്റെ പ്രമേയത്തെ പിന്തുണയ്ക്കുന്നതായി രാജ്യസഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് പ്രമോദ് തിവാരി പറഞ്ഞു. പ്രമേയം അംഗീകരിക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ഥിക്കുന്നതായും തിവാരി പറഞ്ഞു.
മന്‍മോഹന്‍ സിങ്ങിനു ഭാരതരത്‌നം നല്‍കണമെന്ന പ്രമേയത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ബിആര്‍എസ് (ഭാരത് രാഷ്ട്ര സമിതി) അനുകൂലിച്ചിരുന്നു. അദ്ദേഹത്തിന് ആദരമര്‍പ്പിക്കാന്‍ നിയമസഭാ മന്ദിരത്തില്‍ മന്‍മോഹന്‍ സിങ്ങിന്റെ പ്രതിമ സ്ഥാപിക്കാനുള്ള തീരുമാനത്തിലും ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചാണു നിന്നത്. എന്നാല്‍ തെലങ്കാന നിയമസഭ പ്രമേയത്തെ ബിജെപി എതിർത്തു. തെലുങ്ക് മണ്ണിന്റെ മകനായ മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ പ്രതിമയാണ് സര്‍ക്കാര്‍ ആദ്യം സ്ഥാപിക്കേണ്ടതെന്നാണ് ബിജെപിയുടെ ആവശ്യം.