ഒടുവിൽ ആശ്വാസം; പുതുവർഷ ദിനത്തിൽ എൽപിജി വില കുറച്ച് എണ്ണക്കമ്പനികൾ, നേട്ടം ഹോട്ടലുകൾക്ക്
Mail This Article
പുതുവർഷ പിറവിദിനത്തിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ (19 കിലോഗ്രാം) വില കുറച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾ. 14.5 രൂപയാണ് കുറച്ചത്. ഇതോടെ കൊച്ചിയിൽ വില 1,812 രൂപയായി. കോഴിക്കോട്ട് 1,844.5 രൂപ. തിരുവനന്തപുരത്ത് 1,833 രൂപ. ഓഗസ്റ്റ് മുതൽ ഡിസംബർ വരെ തുടർച്ചയായി 5 മാസങ്ങളിൽ വില കൂട്ടിയശേഷമാണ് ഇന്ന് വിലകുറച്ചത്.
രാജ്യാന്തര വിലയ്ക്ക് ആനുപാതികമായി ഓരോ മാസവും ഒന്നാം തീയതിയാണ് എണ്ണക്കമ്പനികൾ എൽപിജി സിലിണ്ടർ വില പരിഷ്കരണം. ഹോട്ടലുകൾക്കും തട്ടുകടകൾക്കും മറ്റ് വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നവർക്കും വിലക്കുറവ് നേരിയ ആശ്വാസമാകും.
കഴിഞ്ഞമാസങ്ങളിൽ വില കുത്തനെ കൂടിയതോടെ പ്രതിമാസം 3,000 മുതൽ 5,000 രൂപവരെ അധികച്ചെലവ് ഹോട്ടലുകൾ നേരിട്ടിരുന്നു. അതേസമയം, വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ (14.2 കിലോഗ്രാം) വിലയിൽ ഇക്കുറിയും മാറ്റമില്ല. കൊച്ചിയിൽ വില 810 രൂപ. കോഴിക്കോട്ട് 811.5 രൂപ, തിരുവനന്തപുരത്ത് 812 രൂപ.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business