ADVERTISEMENT

കൊച്ചി ∙ പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതിയും സിപിഎം നേതാവുമായ എ.പീതാംബരനെ കാണാൻ ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ മുഖ്യപ്രതി എം.കെ.സുനിൽകുമാർ (കൊടി സുനി) കോടതി വരാന്തയിൽ കാത്തുനിന്നു. ഇന്നലെ ഫസൽ വധക്കേസിലെ വിചാരണ നടപടികളുടെ ഭാഗമായി സിബിഐ കോടതിയിലെത്തിയതാണു കൊടി സുനി.

അപ്പോഴാണു പെരിയ കേസിലെ പ്രതികൾക്കുള്ള ശിക്ഷയിൽ വാദം നടക്കുന്നത്. വാദം പൂർത്തിയാക്കി 11.30നു പ്രതികളെ പുറത്തിറക്കിയപ്പോൾ സുനി നേരിട്ടെത്തി പീതാംബരനു കൈകൊടുത്ത് ഏറെ നേരം സംസാരിച്ചു. 12.15നു പ്രതികളെ കോടതിയിലേക്കു തിരികെ വിളിച്ചാണു പീതാംബരൻ അടക്കമുള്ള പ്രതികൾക്കു ജീവപര്യന്തം ശിക്ഷ വിധിച്ചത്.

പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കല്യോട്ടെ കൃപേഷ് (19), ശരത്‍ലാൽ (23) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിപിഎം പ്രവർത്തകരും അനുഭാവികളുമായ 10 പ്രതികൾക്കു ജീവപര്യന്തം തടവുശിക്ഷയും 2 ലക്ഷം രൂപ വീതം പിഴയുമാണ് സിബിഐ പ്രത്യേക കോടതി വിധിച്ചത്.

സിപിഎം മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ എന്നിവർ ഉൾപ്പെടെ മറ്റു 4 പ്രതികൾക്ക് 5 വർഷം തടവാണു ശിക്ഷ. 2019 ഫെബ്രുവരി 17നു നടന്ന ഇരട്ടക്കൊലപാതകം രാഷ്ട്രീയ വൈരാഗ്യത്തെത്തുടർന്നു സിപിഎം പ്രവർത്തകരാണു നടത്തിയതെന്നു കോടതി കണ്ടെത്തി.

English Summary:

Periya Murder Case Verdict: Kodi Suni Meets A Peethambaran at Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com