ശബരിമല: തീർഥാടകർ 4.07 ലക്ഷം വർധിച്ചു; വരുമാനത്തിൽ 82.23 കോടി രൂപയുടെ വർധന, തീർഥാടകരുടെ മഹാപ്രവാഹം തുടരുന്നു
Mail This Article
പത്തനംതിട്ട∙ ശബരിമലയിൽ തീർഥാടകരിൽ 4.07 ലക്ഷത്തിന്റെയും വരുമാനത്തിൽ 82.23 കോടി രൂപയുടെയും വർധന. മണ്ഡല കാലത്ത് 32.49 ലക്ഷം തീർഥാടകർ ദർശനം നടത്തി. കഴിഞ്ഞ വർഷം ഇത് 28.42 ലക്ഷമായിരുന്നു. സ്പോട് ബുക്കിങ് വഴി എത്തിയത് 5.66 ലക്ഷം തീർഥാടകർ (കഴിഞ്ഞ വർഷം 4.02 ലക്ഷം).
പുല്ലുമേട് കാനന പാതയിലൂടെ ഇത്തവണ 74,774 പേരെത്തി. (കഴിഞ്ഞ വർഷം 69,250). ആകെ വരുമാനം 297.06 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇത് 214.82 കോടിയായിരുന്നു. അരവണ വിൽപനയിലൂടെ 124.02 കോടി രൂപ ലഭിച്ചു. (കഴിഞ്ഞ വർഷം 101.95 കോടി). കാണിക്ക ഇനത്തിൽ 80.25 കോടി രൂപ ലഭിച്ചു. (കഴിഞ്ഞ വർഷം 66.97 കോടി).
മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി തുടർച്ചയായ ആറാം ദിവസവും ദർശന സുകൃതം തേടിയുള്ള തീർഥാടകരുടെ മഹാപ്രവാഹം തുടരുകയാണ്. രാത്രി 10 വരെയുള്ള കണക്ക് അനുസരിച്ച് ഇന്ന് 73,840 പേർ ദർശനം നടത്തി. അതിൽ 20,959 പേർ സ്പോട് ബുക്കിങ് പ്രയോജനപ്പെടുത്തി.
രാത്രി നട അടയ്ക്കാറായപ്പോഴും ശരംകുത്തി വരെ ക്യൂ ഉണ്ട്. പമ്പയിലും നിലയ്ക്കലിലും തിരക്കുണ്ടെങ്കിലും സ്ഥിതി നിയന്ത്രണവിധേയമാണ്. ഇന്നലെ മുക്കുഴി, കരിമല വഴി 18,114 പേരും പുല്ലുമേട് വഴി 4383 പേരും കാനനപാതയിലൂടെ സന്നിധാനത്തെത്തി. കരിമല വഴി ഇന്നലെ വരെ 2.03 ലക്ഷം തീർഥാടകരാണു ദർശനത്തിനായി എത്തിയത്.