തൃശൂരിൽ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവം: എസ്ഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം
Mail This Article
തൃശൂർ∙ പാലയൂർ സെന്റ് തോമസ് പള്ളിയിൽ ക്രിസ്മസ് ആഘോഷം പൊലീസ് തടഞ്ഞ സംഭവത്തിൽ എസ്ഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം. ഇതു സംബന്ധിച്ച് തൃശൂർ സിപിഎം ജില്ലാ സെക്രട്ടറി എം.എം.വർഗീസ് മുഖ്യമന്ത്രിക്ക് കത്തു നൽകി. പാലയൂർ സെന്റ് തോമസ് തീർഥാടന കേന്ദ്രത്തിൽ ഡിസംബർ 23ന് ക്രിസ്മസ് കാരൾ ഗാനാലാപനം തടഞ്ഞ ചാവക്കാട് എസ്ഐ വിജിത്തിനെതിരെയാണ് നടപടി ആവശ്യപ്പെടുന്നത്.
സംഭവം വിവാദമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം എസ്ഐ വിജിത്തിനെ ചാവക്കാടുനിന്ന് പേരാമംഗലത്തേക്ക് സ്ഥലംമാറ്റിയിരുന്നു. എന്നാൽ എസ്ഐയ്ക്ക് സ്വന്തം വീടിനടുത്തേക്കാണ് സ്ഥലം മാറ്റം നൽകിയതെന്ന് ആരോപണം ഉയർന്നതിനു പിന്നാലെയാണ് ജില്ലാ സെക്രട്ടറിയുടെ നീക്കം. എസ്ഐയ്ക്കെതിരെ നടപടി വേണമെന്ന് നേരത്തെ സിപിഎമ്മിന്റെ ചാവക്കാട് പ്രാദേശിക നേതൃത്വവും ആവശ്യപ്പെട്ടിരുന്നു.
ഉച്ചഭാഷിണിക്ക് അനുമതിയില്ലെന്നു പറഞ്ഞാണ് എസ്ഐ കാരൾ ഗാനം പാടുന്നത് വിലക്കിയത്. കാരൾ നടത്തിയാൽ കേസെടുക്കുമെന്നും ക്രിസ്മസ് അലങ്കാരങ്ങൾ തൂക്കിയെറിയുമെന്നും എസ്ഐ ഭീഷണി മുഴക്കിയതായും ട്രസ്റ്റി അംഗങ്ങൾ ആരോപിച്ചിരുന്നു.