‘ഇറക്കത്തിൽ വേഗത്തിൽവന്ന് വളവ് തിരിഞ്ഞു; ബസിന്റെ നിയന്ത്രണം തെറ്റി: എംവിഡിയുടെ ക്ലാസിൽ പങ്കെടുത്തില്ല’
Mail This Article
തിരുവനന്തപുരം∙ കണ്ണൂര്‍ തളിപ്പറമ്പ് വളക്കൈയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് വിദ്യാർഥിനി മരിച്ച അപകടം ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗവും കാരണമാണെന്ന് പ്രാഥമിക നിഗമനം. ബസിന്റെ തകരാറോ അപാകതയോ അല്ല അപകട കാരണമെന്നും ഗതാഗത കമ്മിഷണര്‍ സി.എച്ച്.നാഗരാജു പറഞ്ഞു.
ഇറക്കത്തില്‍ ഇടുങ്ങിയ വഴിയില്‍ വളരെ വേഗം കുറച്ചാണ് ഓടിക്കേണ്ടിയിരുന്നത്. എന്നാല്‍ വേഗത്തിൽ വളവു തിരിഞ്ഞപ്പോള്‍ ബസിന്റെ നിയന്ത്രണം നഷ്ടമായി. ഇതിനു പുറമേ, അപകടമുണ്ടായ സമയത്തുതന്നെ ഡ്രൈവറുടെ വാട്‌സാപ് സ്റ്റാറ്റസ് അപ്‌ഡേറ്റ് ആയിട്ടുണ്ട്. അതോടെ, ഡ്രൈവര്‍ അപകടസമയത്ത് മൊബൈല്‍ ഫോണ്‍ നോക്കിയിരുന്നുവെന്നു സംശയമുണ്ടെന്നും ഗതാഗത കമ്മിഷണര്‍ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസ്സുകളുടെ ഫിറ്റ്‌നസ് കാലാവധി മന്ത്രിയുടെ നിര്‍ദേശം പ്രകാരം ഗതാഗത കമ്മിഷണര്‍ ഏപ്രില്‍ വരെ നീട്ടി എന്ന വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘‘അപകടമുണ്ടായ ബസിന് ഡിസംബര്‍ 19 വരെയായിരുന്നു ഫിറ്റ്‌നസ് ഉണ്ടായിരുന്നത്. അന്നു തന്നെ അവര്‍ ബസ് കൊണ്ടുവന്നു പ്രിവന്റീവ് ചെക്കിങ് നടത്തിയാണ് വിട്ടത്. സ്‌കൂളിൽ ക്ലാസ് നടക്കുന്ന സമയത്ത് വണ്ടികള്‍ 15 ദിവസത്തോളം ഓടിക്കാന്‍ കഴിയാതെ വരുമെന്നതിനാല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ഏപ്രിലില്‍ ആകാമെന്നു തീരുമാനിക്കുകയായിരുന്നു. സാങ്കേതിക നടപടിക്രമങ്ങള്‍ മാത്രമാണ് മാറ്റിവച്ചത്. പരിശോധനകള്‍ എല്ലാം നടത്തിയിരുന്നു.
വാഹനങ്ങളുടെ സുരക്ഷ സംബന്ധിച്ച പ്രിവന്റീവ് ചെക്കിങ് നടത്തിയേ മതിയാകൂ എന്ന നിലപാട് അനുസരിച്ച് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ എല്ലാ സ്‌കൂള്‍ വാഹനങ്ങളുടെയും സുരക്ഷാ പരിശോധന നടത്തിയിരുന്നു. ഇത്തരം ബസുകളുടെ ഡ്രൈവര്‍മാര്‍ക്കു ക്ലാസ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അപകടമുണ്ടാക്കിയ ബസിന്റെ ഡ്രൈവര്‍ പുതുതായി ജോലിക്കു ചേര്‍ന്നയാളാണ്. മോട്ടര്‍ വാഹന വകുപ്പിന്റെ ക്ലാസില്‍ പങ്കെടുത്തിരുന്നില്ല.’’- ഗതാഗത കമ്മിഷണര്‍ പറഞ്ഞു.
ബുധനാഴ്ച വൈകിട്ട് വളക്കൈയില്‍ ഉണ്ടായ അപകടത്തില്‍ കുറുമാത്തൂര്‍ ചിന്മയ വിദ്യാലയത്തിലെ 5ാം ക്ലാസ് വിദ്യാര്‍ഥിനി, കുറുമാത്തൂര്‍ ചൊറുക്കള നാഗത്തിനു സമീപം വയക്കാലില്‍ എം.പി.രാജേഷിന്റെ മകള്‍ നേദ്യ എസ്.രാജേഷ് (11) ആണ് മരിച്ചത്. 22 പേര്‍ക്ക് പരുക്കേറ്റു. തലകീഴായി മറിഞ്ഞ ബസിന് അടിയില്‍പ്പെട്ടാണ് നേദ്യ മരിച്ചത്. വളക്കൈ അങ്കണവാടി റോഡിലെ ഇറക്കത്തില്‍നിന്ന് 2 തവണ കരണംമറിഞ്ഞ ബസ് താഴെ സംസ്ഥാനപാതയിലേക്ക് വീഴുകയായിരുന്നു. കുത്തിറക്കത്തില്‍ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് ഡ്രൈവര്‍ പറയുന്നു. കുറുമാത്തൂര്‍ ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന ഒഡീഷ സ്വദേശി ശ്രീനാലിനിന്‍ സഹായി(7) ഗുരുതര പരുക്കുകളോടെ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കുട്ടിയുടെ തലയ്ക്കാണ് പരുക്ക്. ബസ് ഡ്രൈവര്‍ തേറളായി മുനമ്പത്ത് നിസാമുദ്ദീന്‍ (35), ബസിലുണ്ടായിരുന്ന ആയ വളക്കൈ സ്വദേശി വി.സുലോചന (57) എന്നിവരും തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.