‘വീണയെ സംരക്ഷിക്കാന്‍ ധനമന്ത്രിയെക്കൊണ്ട് കള്ളം പറയിച്ചു; ചില പോരാട്ടങ്ങളില്‍ ദൈവം കൂടെ നില്‍ക്കും’
Mail This Article
തിരുവനന്തപുരം∙ മാസപ്പടി വിവാദത്തില്‍ വീണാ വിജയനെ സംരക്ഷിക്കാന്‍ സിപിഎം ധനമന്ത്രിയെക്കൊണ്ടു കള്ളം പറയിച്ചെന്നു മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വീണയ്ക്ക് സര്‍വീസ് ടാക്‌സ് റജിസ്‌ട്രേഷന്‍ ഉണ്ടായിരുന്നില്ലെന്നു മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ബെംഗളൂരു കമ്മിഷണറേറ്റ് ടാക്‌സില്‍ നിന്നു കിട്ടിയ വിവരാവകാശ രേഖ ചൂണ്ടിക്കാട്ടിയാണ് മാത്യു ഇക്കാര്യം വ്യക്തമാക്കിയത്. 1.72 കോടി രൂപയ്ക്ക് നികുതി അടച്ചോ എന്ന ചോദ്യത്തിന്, ‘നിയമപ്രകാരം സംസ്ഥാനത്തിനു കിട്ടേണ്ട നികുതി കിട്ടി’ എന്നായിരുന്നു മന്ത്രി പറഞ്ഞത്. 2017 മുതലുള്ള ജിഎസ്ടിയുടെ കാര്യമാണ് മന്ത്രി പറഞ്ഞത്.
1.72 കോടിക്ക് ജിഎസ്ടി അടച്ചെന്നും അതിനാൽ അഴിമതി അല്ലെന്നുമായിരുന്നു സിപിഎമ്മിന്റെ വാദം. അക്കാര്യത്തില്‍ പരിശോധന ആവശ്യപ്പെട്ടു ധനമന്ത്രിക്കു താന്‍ കത്തു നല്‍കിയിരുന്നുവെന്നും മാത്യു പറഞ്ഞു. സിഎംആര്‍എലില്‍ നിന്ന് എക്‌സാലോജിക്ക് കമ്പനിയിലേക്കു പോയത് അഴിമതിപ്പണം ആണെന്നാണ് എസ്എഫ്‌ഐഒ കോടതിയില്‍ അറിയിച്ചത്. ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം വേണം എന്നായിരുന്നു താന്‍ ആവശ്യപ്പെട്ടതെന്നും കുഴല്‍നാടന്‍ പറഞ്ഞു.
1.72 കോടി രൂപയില്‍, ജിഎസ്ടി അടയ്ക്കും മുൻപ് എത്ര രൂപ വീണയ്ക്ക് ലഭിച്ചെന്നത് അന്വേഷിക്കണം. 1.72 കോടി രൂപയ്ക്ക് മുഴുവനായി നികുതി അടച്ചെന്ന് ആരും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയും സിപിഎമ്മും മറുപടി പറയണം. ചില പോരാട്ടങ്ങളില്‍ ദൈവം കൂടെ നില്‍ക്കും. മാസപ്പടി കേസ് മുന്നോട്ടു കൊണ്ടുപോകാന്‍ പാര്‍ട്ടി അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.