ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സ്‌കിന്‍ ബാങ്ക് ഒരു മാസത്തിനകം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സ്‌കിന്‍ ബാങ്കിനാവശ്യമായ സജ്ജീകരണങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും അവയവദാന പ്രക്രിയയിലൂടെ ത്വക്ക് ലഭ്യമാക്കാനായി കെ സോട്ടോയുടെ അനുമതി ആവശ്യമാണെന്നും വീണാ ജോർജ് വ്യക്തമാക്കി.

‘‘കെ സോട്ടോയുടെ അനുമതി ഉടന്‍ ലഭ്യമാക്കി മറ്റു നടപടിക്രമങ്ങള്‍ പാലിച്ച് ഒരു മാസത്തിനകം സ്കിൻ ബാങ്ക് കമ്മിഷന്‍ ചെയ്യും. കോട്ടയം മെഡിക്കല്‍ കോളജില്‍ കൂടി സ്‌കിന്‍ ബാങ്ക് സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. സ്‌കിന്‍ ബാങ്ക് സ്ഥാപിക്കാനുള്ള സ്റ്റാന്റേര്‍ഡ് ഗൈഡ്‌ലൈന്‍ രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.’’– ബേണ്‍സ് യൂണിറ്റുകളെ ശക്തിപ്പെടുത്താനായി ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

‘‘ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ത്വക്ക് ശേഖരിച്ച് പ്രിസര്‍വ് ചെയ്തുവച്ച് ആവശ്യമുള്ള രോഗികള്‍ക്കു നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വച്ചുപിടിപ്പിക്കുകയാണ് സ്‌കിന്‍ ബാങ്കിലൂടെ ചെയ്യുന്നത്. അപകടങ്ങളാലും പൊള്ളലേറ്റും ത്വക്കിനു കേടുപാട് സംഭവിച്ചവര്‍ക്കു പകരം ത്വക്ക് വച്ചു പിടിപ്പിച്ചാല്‍ അണുബാധയുണ്ടാകാതെ ഒരുപാടു പേരുടെ ജീവന്‍ രക്ഷിക്കാനാകും. കൂടാതെ രോഗിയെ വൈരൂപ്യത്തില്‍നിന്നു രക്ഷിക്കാനുമാകും. മറ്റ് അവയവങ്ങള്‍ പോലെ ത്വക്ക് ദാനം ചെയ്യാനുള്ള അവബോധം ശക്തമാക്കണം.’’ – വീണാ ജോർജ് പറഞ്ഞു.

‘‘പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണു ബേണ്‍സ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. പൊള്ളലേറ്റവര്‍ക്കു വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രധാന മെഡിക്കല്‍ കോളജുകളില്‍ ബേണ്‍സ് യൂണിറ്റുകള്‍ സജ്ജമാക്കി. ആലപ്പുഴ, കണ്ണൂര്‍, കൊല്ലം മെഡിക്കല്‍ കോളജുകളില്‍ ഈ സര്‍ക്കാരിന്റെ കാലത്താണ് പ്ലാസ്റ്റിക് സര്‍ജറി വിഭാഗം ആരംഭിച്ചത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍ മെഡിക്കല്‍ കോളജുകളില്‍ ബേണ്‍സ് യൂണിറ്റുകള്‍ വിജയകരമായി പ്രവര്‍ത്തിച്ചു വരുന്നു.

എറണാകുളം ജനറല്‍ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ ബേണ്‍സ് യൂണിറ്റുകളുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബേണ്‍സ് യൂണിറ്റ് സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. കൊല്ലം, ആലപ്പുഴ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളില്‍ കൂടി ബേണ്‍സ് യൂണിറ്റുകള്‍ ആരംഭിക്കുന്നതിനുള്ള പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. ബേണ്‍സ് യൂണിറ്റുകള്‍ സ്റ്റാന്റേഡൈസ് ചെയ്യാനുള്ള പ്രൊപ്പോസല്‍ 15 ദിവസത്തിനകം വര്‍ക്കിങ് ഗ്രൂപ്പ് ചേര്‍ന്ന് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. ഏകീകൃത ചികിത്സാ പ്രോട്ടോകോള്‍ രൂപീകരിക്കും. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ഏകോപിപ്പിക്കാനുള്ള സംവിധാനമൊരുക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍, വിവിധ മെഡിക്കല്‍ കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍, ബേണ്‍സ് യൂണിറ്റ് നോഡല്‍ ഓഫിസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

English Summary:

Kerala's First Skin Bank to Open in Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com