5000 പേരുടെ കൂട്ടമരണം; 40 വർഷത്തിനു ശേഷം വിഷമാലിന്യങ്ങൾ നീക്കം ചെയ്തു, ഇനി നിർമാർജനം
Mail This Article
നാൽപത് വർഷം മുൻപ് രാജ്യത്തെ നടുക്കിയ ദുരന്തമാണ് ഭോപ്പാൽ വിഷവാതക ദുരന്തം. യൂണിയൻ കാർബൈഡ് ഫാക്ടറിയില്‍ നിന്ന് വിഷവാതകം ചോർന്നതാണ് ദുരന്തത്തിന് കാരണമായത്. ഇപ്പോൾ പ്രദേശത്തെ വിഷമാലിന്യങ്ങൾ 12 കണ്ടെയ്നർ ലോറികളിലാക്കി പിതാംപുരിയിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം സൂക്ഷിക്കുകയും തുടർന്ന് അവിടത്തെ രാംകി എൻവിറോ എൻജിനീയേഴ്സിന്റെ കീഴിലുള്ള പ്രത്യേക പ്ലാന്റിൽ വച്ച് കത്തിച്ച് നിർമാർജനം ചെയ്യുമെന്നും അധികൃതർ അറിയിച്ചു.
337 മെട്രിക് ടൺ മാലിന്യമാണ് യൂണിയൻ കാർബൈഡ് കമ്പനിയുടെ ഫാക്ടറിയിൽ നിന്ന് നീക്കം ചെയ്തത്. വെള്ളം, തീപിടിത്തം എന്നിവയെ പ്രതിരോധിക്കുന്ന തരത്തിലുള്ള പ്രത്യേക കണ്ടെയ്നറുകളാണ് ഇതിനായി ഉപയോഗിച്ചത്. ഹൈഡെൻസിറ്റി പോളിഎത്തിലീനിൽ (എച്ച്ഡിപിഇ) നിർമിച്ച വലിയ ബാഗുകളിൽ മാലിന്യം നിറച്ച് കണ്ടെയ്നറുകളിലാക്കുകയായിരുന്നു. ഓരോ കണ്ടെയ്നറുകളിലും 30 ടൺ മാലിന്യം വീതമാണ് കയറ്റിയത്. മാലിന്യങ്ങൾ കൂടിക്കിടന്ന് രാസപ്രവർത്തനം നടക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്.
മാലിന്യം നീക്കം ചെയ്യുന്നതിനു മുൻപ് ഫാക്ടറിയുടെ 200 മീറ്റർ ചുറ്റളവ് നിരോധിതമേഖലയായി പ്രഖ്യാപിച്ചു. 200 തൊഴിലാളികളെയാണ് മാലിന്യം നീക്കംചെയ്യാൻ നിയോഗിച്ചത്. ഇവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ അരമണിക്കൂർ വീതമുള്ള ഷിഫ്റ്റിൽ ജോലി നൽകി. പിപിഇ കിറ്റുകൾ ഉൾപ്പെടെ എല്ലാ മുൻകരുതലുകളും എടുത്തു. ആംബുലൻസ്, അഗ്നിശമനസേന, പൊലീസ് എന്നിവയുടെ അകമ്പടിയോടെയായിരുന്നു മാലിന്യം കൊണ്ടുപോയത്.
2015ൽ പരീക്ഷണാടിസ്ഥാനത്തിൽ ഇവിടെ മാലിന്യം കത്തിച്ച് നിർമാർജനം ചെയ്തിരുന്നു. ഇത് വിജയകരമായതോടെ പൂർണതോതില്‍ മാലിന്യനിർമാർജനം നടത്താൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു. ഭോപ്പാലിൽ നിന്നുള്ള മാലിന്യം എത്തിക്കുന്നതിനെതിരെ പിതാംപുരിലെ ജനങ്ങൾക്കിടയിൽ പ്രതിഷേധമുയർന്നിരുന്നു. മാലിന്യം പൂർണമായും നിർമാർജനം ചെയ്യാൻ 153 ദിവസമെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു