ADVERTISEMENT

ടിബറ്റൻ പീഠഭൂമിയുടെ കിഴക്കൻ മേഖലയിൽ പുതിയ അണക്കെട്ട് നിർമിക്കാൻ ഒരുങ്ങുകയാണ് ചൈന. നിർമാണം പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ടായി ഇത് മാറുമെന്നാണ് കണക്കുകൂട്ടൽ. യാർലുങ് സാങ്‌ബോ നദിയുടെ താഴ്‌വരയിലാണ് അണക്കെട്ട് നിർമിക്കപ്പെടുന്നത്. വർഷം തോറും 300 ബില്യൺ കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള ശേഷി ഈ അണക്കെട്ടിന് ഉണ്ട്. അണക്കെട്ടിന്റെ നിർമാണത്തോടെ ലോക ഭൂപടത്തിൽ ചൈനയുടെ പ്രാധാന്യം വർധിക്കുമെങ്കിലും ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇത് അത്ര നല്ലൊരു വാർത്തയല്ല.

ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായ ത്രീ ഗോർജസ് ഡാം സ്ഥിതിചെയ്യുന്നത് ചൈനയിലാണ്. ഈ അണക്കെട്ടിന്റെ മൂന്നിരട്ടി അധികം ശേഷിയിലാണ് പുതിയ അണക്കെട്ട് നിർമിക്കുന്നത്. അണക്കെട്ട് പൂർത്തിയാകുന്നതോടെ ചൈനയുടെ കാർബൺ പീക്കിങ്, കാർബൺ ന്യൂട്രാലിറ്റി ലക്ഷ്യങ്ങൾ കൈവരിക്കാനാകുമെന്നും അനുബന്ധ വ്യവസായങ്ങൾക്ക് പ്രോത്സാഹനമാകുമെന്നും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നുമാണ് പ്രതീക്ഷ. 

(Photo:X/@FlyOverChina)
(Photo:X/@FlyOverChina)

ലോകത്തിലെ ഏറ്റവും വലിയ ഇൻഫ്രാ സ്ട്രക്ചർ പ്രൊജക്ടായി വിശേഷിപ്പിക്കപ്പെടുന്ന പദ്ധതി പൂർത്തിയാകുന്നതിന് 137 ബില്യൺ യുഎസ് ഡോളർ ചെലവാണ് പ്രതീക്ഷിക്കുന്നത്. ത്രീ ഗോർജസ് ഡാമിന്റെ നിർമാണ ചെലവാകട്ടെ 34.83 ബില്യൺ ഡോളറായിരുന്നു. അണക്കെട്ടിന്റെ നിർമാണത്തിനായി 1.4 ദശലക്ഷം ജനങ്ങളെ മാറ്റി പാർപ്പിച്ചതടക്കമുള്ള ചെലവാണിത്. എന്നാൽ പുതിയ അണക്കെട്ടിന്റെ നിർമാണത്തിനായി എത്രത്തോളം ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരുമെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. ജൈവ സമ്പന്നത നിറഞ്ഞ പ്രദേശത്തിന്റെ ആവാസവ്യവസ്ഥയെ ഇത് എത്രത്തോളം ബാധിക്കും എന്നതും ചർച്ചാവിഷയമാണ്. പരിസ്ഥിതിക്കോ ജലവിതരണത്തിനോ ഇത്തരം അണക്കെട്ടുകൾ അധിക ബാധ്യത വരുത്തി വയ്ക്കില്ലെന്ന നിലപാടിലാണ് ചൈനീസ് ഭരണകൂടം.

എന്നാൽ അണക്കെട്ടിന്റെ നിർമാണം സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതോടെ ഇന്ത്യയും ബംഗ്ലാദേശും ആശങ്കകൾ ഉയർത്തിക്കഴിഞ്ഞു. പദ്ധതി പ്രാദേശിക പരിസ്ഥിതിയെ മാത്രമല്ല നദിയുടെ ഒഴുക്കും ഗതിയും മാറ്റാൻ സാധ്യതയുണ്ടെന്നതാണ് ആശങ്കകൾക്ക് അടിസ്ഥാനം. യാർലുങ് സാങ്‌ബോ ടിബറ്റ് വിട്ട് തെക്കോട്ട് ഒഴുകി അരുണാചൽപ്രദേശ്, അസം എന്നീ ഇന്ത്യൻ സംസ്ഥാനങ്ങളിലും ഒടുവിൽ ബംഗ്ലാദേശിലും എത്തുമ്പോൾ ബ്രഹ്മപുത്രാ നദിയായി മാറുന്നുണ്ട്. അണക്കെട്ടിന്റെ നിർമാണവുമായി ബന്ധപ്പെട്ട സുതാര്യതയില്ലായ്മ ആഘാതത്തിന്റെ വ്യാപ്തി സംബന്ധിച്ച ആശങ്കകൾക്ക് ആക്കം കൂട്ടുന്നു.  

(Photo:X/@Rahman2626)
(Photo:X/@Rahman2626)

ഇന്ത്യയിലും ബംഗ്ലാദേശിലും അപ്രതീക്ഷിതമായ വെള്ളപ്പൊക്കങ്ങൾ ഉണ്ടാവാനുള്ള സാധ്യത അണക്കെട്ട് തുറന്നു വയ്ക്കുമെന്നും കരുതുന്നുണ്ട്. ഇതിനുപുറമേ ഒന്നിലധികം ഇന്ത്യൻ സംസ്ഥാനങ്ങളിലും ബംഗ്ലാദേശിലുമുള്ള ജലവിതരണ സംവിധാനങ്ങളെ ബാധിച്ചേക്കാം. ഇങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ ജലവിതരണത്തിനായി ഇന്ത്യ ചൈനയെ ആശ്രയിക്കേണ്ട അവസ്ഥയിലേക്ക് മാറാം.  ഇത് ഇരു രാജ്യങ്ങളും തമ്മിൽ ജലത്തെ ചൊല്ലിയുള്ള വലിയ തർക്കങ്ങൾക്ക് കാരണമായേക്കും. ജലപ്രവാഹം പൂർണമായും ചൈനയ്ക്ക് നിയന്ത്രിക്കാനാവും എന്നതും ചിന്തിക്കേണ്ട വിഷയമാണ്. ഇവയെല്ലാം കൂടി ചേരുമ്പോൾ ഇന്ത്യയും ചൈനയും തമ്മിലുള്ള ഭൗമരാഷ്ട്രീയ പിരിമുറുക്കം അണക്കെട്ടിന്റെ നിർമാണത്തോടെ വർധിക്കുമെന്നാണ് കരുതപ്പെടുന്നത്.

English Summary:

World's Largest Hydroelectric Dam: China's Gigantic Project on the Yarlung Tsangpo River

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com