ADVERTISEMENT

മെയ്യഴകൻ എന്ന തമിഴ് സിനിമയിൽ നടൻ അരവിന്ദ് സ്വാമി തന്റെ വീട്ടിലെത്തുന്ന തത്തകൾക്ക് ഭക്ഷണം നൽകുന്ന കാഴ്ചയുണ്ട്. സിനിമയ്ക്ക് വേണ്ടി പക്ഷികളെ എത്തിച്ച് ചിത്രീകരിച്ചുവെന്നാണ് ആദ്യം കരുതിയത്. യഥാർഥത്തിൽ ചെന്നൈയിലെ ഒരു വീട്ടിൽ എന്നും രാവിലെ തത്തകൾക്ക് ഭക്ഷണം നൽകുന്നുണ്ട്. സിനിമ ഹിറ്റായതോടെ എല്ലാവരും ആ സ്ഥലത്തിനു പിന്നാലെയായിരുന്നു.

ചെന്നൈ സ്വദേശിയായ സുദർശൻ സാഹയും ഭാര്യ വിദ്യയുമാണ് സ്വന്തം മക്കളെപ്പോലെ 6000 തത്തകളെ വളർത്തുന്നത്. രാവിലെ 4.30ഓടെ എഴുന്നേൽക്കുന്ന ദമ്പതികൾ 60 കിലോ അരി കുതിർക്കുകയും 6.30ഓടെ പക്ഷികൾക്ക് വിതരണം ചെയ്യുകയും ഇതിനൊപ്പം കടലയും പഴങ്ങളും നൽകുന്നുണ്ട്. കൂട്ടത്തോടെ എത്തുന്ന കിളികൾ ഭക്ഷണം കഴിച്ച് അരമണിക്കൂറിനുള്ളിൽ തിരിച്ചുപോവുകയും ചെയ്യും.

സുദർശനും ഭാര്യ വിദ്യയും (photo:X/@YogiTweet)
സുദർശനും ഭാര്യ വിദ്യയും (photo:X/@YogiTweet)

‘15 വർഷമായി പക്ഷികൾക്ക് ഭക്ഷണം നൽകിവരുന്നു. ദിവസം രണ്ടുനേരം തീറ്റ നൽകുന്നുണ്ട്. 400ഓളം ഇനത്തിൽപ്പെട്ട തത്തകള്‍ ഉണ്ടെങ്കിലും നമ്മുടെ നാട്ടിൽ കാണപ്പെടുന്നത് റോസ് റിങ് പാരറ്റ്സ് ആണ്. കൂട്ടിലടച്ച ചില തത്തകള്‍ പുറത്തിറങ്ങുമ്പോൾ ഇവിടെ വന്ന് ഭക്ഷണം കഴിച്ചുപോകാറുണ്ട്.  കിളികളുടെ കാര്യം നോക്കേണ്ടതിനാൽ കുടുംബത്തിലെ ആഘോഷങ്ങളിൽ പങ്കെടുക്കുകയെന്നത് പ്രയാസകരമാണ്. നിശ്ചിത സമയത്തിനുള്ളിൽ മാത്രം പോയിവരാൻ പറ്റുന്ന ചടങ്ങുകൾക്ക് മാത്രം പോകും. സ്വന്തം മകളുടെ വിവാഹത്തിനുപോലും വൈകിയാണ് ചടങ്ങിനെത്തിയത്. രാവിലെ 6നായിരുന്നു മുഹൂർത്തം. – സുദർശൻ പറഞ്ഞു.

വീടും പരിസരവും കുരുവികളാൽ നിറഞ്ഞതായിരുന്നു. വീട് പുതുക്കി പണിയുമ്പോൾ എല്ലാവരും സ്ഥലം വിട്ടു. എന്നാൽ പണി തീർന്നപ്പോൾ ടെറസിലേക്ക് ചില തത്തകൾ എത്തി. അവയ്ക്ക് ഭക്ഷണം കടുത്തുതുടങ്ങിയതോടെ മറ്റ് തത്തകളും എത്തി. അങ്ങനെ പക്ഷികളുടെ എണ്ണം കൂടി. ഈ ഇനത്തിൽപ്പെട്ട പക്ഷികൾക്ക് വംശനാശം സംഭവിക്കരുതെന്ന് ആഗ്രഹമുണ്ടെന്ന് സുദർശൻ പറഞ്ഞു.

അരവിന്ദ് സ്വാമിക്കൊപ്പം സുദർശൻ (photo:X/@YogiTweet)
അരവിന്ദ് സ്വാമിക്കൊപ്പം സുദർശൻ (photo:X/@YogiTweet)

‘ഞാനൊരു ബിസിനസുകാരനാണ്. ഞങ്ങൾ ആഢംബര ജീവിതം നയിക്കുന്നില്ല. ഇവരെ സംരക്ഷിക്കാനായി ഞങ്ങളുടെ ആവശ്യങ്ങൾ കുറച്ചു. തത്തകൾക്ക് പുറമെ പ്രാവ്, കിളികൾ എന്നിവരും ഇവിടെ എത്തുന്നുണ്ട്. കിളികൾക്കായി അരിയും നിലക്കടല, ചോളം എന്നിവ നൽകുന്നു. കൂടാതെ ഓരോ സീസണിലും ലഭിക്കുന്ന പഴവർഗങ്ങളും കൊടുക്കുന്നു. പ്രാവുകൾക്ക് ഗോതമ്പാണ് നൽകുന്നത്.

വിഡിയോയിലൂടെ ഇവിടത്തെ കാര്യങ്ങൾ പ്രചരിച്ചതോടെ കാഴ്ചക്കാർ വന്നുതുടങ്ങി. യുഎസിൽ നിന്നും ജപ്പാനിൽ നിന്നും ആളുകൾ എത്തിത്തുടങ്ങി. കൂടുതൽ പ്രചാരണം ലഭിച്ചതോടെ പ്രദേശവാസികളിൽ ചിലർ ഞങ്ങളെ തെറ്റിദ്ധരിച്ചു. പണത്തിനുവേണ്ടിയാണ് തങ്ങളെ കിളികൾക്ക് ഭക്ഷണം നൽകുന്നതെന്ന് പറഞ്ഞു. എന്നാൽ പിന്നീട് അവർക്ക് സത്യം മനസ്സിലാകുകയും അവരുടെ വീട്ടിലെ ആവശ്യമില്ലാത്ത അരിയും മറ്റ് ധാന്യങ്ങളും പക്ഷികൾക്ക് നൽകാനും തയാറായി’– സുദർശൻ വ്യക്തമാക്കി.

മെയ്യഴകനു പുറമെ, ആർ.ജെ. ബാലാജി അഭിനയിച്ച ‘സിംഗപ്പൂർ സലൂൺ’ എന്ന സിനിമയിലും തത്തകളുടെ സംരക്ഷണം പ്രമേയമായിട്ടുണ്ട്. കിളികൾക്ക് ഭക്ഷണം നൽകുന്നതും മരങ്ങളെ വെട്ടിനശിപ്പിക്കരുതെന്നും ചിത്രത്തിൽ പറയുന്നുണ്ട്.

English Summary:

Thousands of Parrots Fed Daily: The Heartwarming Story Behind the Viral Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com