‘മുതുക്ക്’ പടർന്നുപന്തലിക്കുമ്പോൾ മനോഹരം; പക്ഷേ അന്തകൻ! വെട്ടിക്കളഞ്ഞാലും തീയിട്ടാലും നശിക്കില്ല
Mail This Article
കുന്നിൻ ചെരുവുകളിലും മറ്റും പച്ചപ്പരവതാനി വിരിച്ചതുപോലെ വള്ളികൾ കണ്ടിട്ടില്ലേ? കാണാൻ ഭംഗിയാണെങ്കിലും ഒരു പ്രദേശത്തെ ജൈവസമ്പത്തിനെ ഒന്നാകെ നശിപ്പിക്കാൻ കെൽപ്പുള്ള വില്ലനാണിത്. മുതുക്ക് എന്നാണ് ഈ വള്ളിയെ വിളിക്കുന്നത്. പ്യുരേരിയ വർഗത്തിൽപ്പെട്ട ഈ ചെടി ദിവസം ഒരടിയോളം വളരുന്നുണ്ട്.
1876ല്‍ അമേരിക്കയിൽ എത്തിയതാണ് മുതുക്ക്. അലങ്കാര സസ്യമായും കാലികൾക്കുള്ള ഭക്ഷണമായും മണ്ണൊലിപ്പ് തടയാനും ഇത് ഉപയോഗിച്ചു. എന്നാൽ ഈ വള്ളിച്ചെടികൾ നാടൻ സസ്യങ്ങളെ നശിപ്പിക്കാൻ തുടങ്ങിയതോടെ കളയായി പ്രഖ്യാപിക്കേണ്ടി വന്നു.
മരങ്ങളിൽ പടർന്നുകയറുന്ന വള്ളി മരത്തെയൊട്ടാകെ മൂടുന്നതിനാൽ പിന്നീട് ആ മരത്തിന് വളരാനാകാതെ നശിക്കും. മുതുക്ക് പടർന്നുപിടിച്ചാൽ നശിപ്പിക്കാൻ എളുപ്പമല്ല. വെട്ടിക്കളഞ്ഞാലോ തീയിട്ടാലോ ഇത് നശിക്കില്ല. മണ്ണുകിളച്ച് കിഴങ്ങുകൾ എടുത്ത് നശിപ്പിക്കുക മാത്രമാണ് ഏക വഴി. കാടുകളിൽ പടർന്നുപിടിച്ചാൽ നശിപ്പിക്കുക എളുപ്പമല്ല.
ഗോത്ര ജനതയ്ക്കിടയിൽ ‘മുതുക്ക്’ പ്രിയങ്കരം
ആദിവാസി ഗോത്ര ജനതയ്ക്കിടയിൽ ‘മുതുക്ക്’ ഏറെ പ്രിയങ്കരമായ ഭക്ഷ്യ വിഭവമാണ്. കുഞ്ഞു നീലപ്പൂവുള്ള, ചെറിയ ഇലകളുള്ള ചെടി. ശരീരം തടിവയ്ക്കാനും പുഷ്ടികൂടാനുമൊക്കെ മുതുക്കിന്റെ കിഴങ്ങ് കഴിക്കാറുണ്ട്. പാൽമുതുക്കും കരിമുതുക്കും ഏറെ ജനകീയവുമാണ്. മുതുക്കുകിഴങ്ങ് ചവനപ്രാശ്യത്തിലെ പ്രധാന കൂട്ടുകളിലൊന്നുമാണ്.മുതുക്കുകിഴങ്ങിന്റെ രുചി ഏറെ നൂറ്റാണ്ടുകൾക്കുമുൻപേ ഗോത്രജനത തിരിച്ചറിഞ്ഞിരുന്നു. തങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗവുമാക്കിയിരുന്നു. എന്നാൽ നാട്ടിലുള്ളവർ മരുന്നുണ്ടാക്കാൻ കാടുകയറി മുതുക്കുവള്ളി തട്ടിയെടുത്തതോടെ ഗോത്രജനതയ്ക്ക് ഇതു കിട്ടാക്കനിയായി തുടങ്ങി.
ചോലവെന്നി ചോലനായ്‌ക്കർ വിഭാഗം മുതുക്കിൻ കിഴങ്ങിനെ മാംസാഹാരത്തിനു തുല്യമായാണ് കാണുന്നത്. എന്നാൽ മുതുക്കിൻകിഴങ്ങ് പച്ചയ്‌ക്കു വേവിച്ചാൽ വിഷമായി മാറുമെന്ന് ഗോത്രജനത പറയുന്നു. കിഴങ്ങ് മുറിച്ചുകഷ്ണമാക്കി 12 മണിക്കൂർ വെളളത്തിൽ മുക്കിവയ്ക്കും. ഇതു വേവിച്ച് വെളളമൂറ്റിയെടുത്ത് വീണ്ടും വേവിച്ചാണ് കഴിക്കുന്നത്. പീച്ചിയിലെ മലയർ വിൽപനയ്‌ക്കായി മുതുക്കിൻ കിഴങ്ങ് ശേഖരിക്കാറുണ്ട്. പക്ഷേ ഭക്ഷണത്തിന്റെ ഭാഗമല്ല.