ഗേൾസ് ഹോസ്റ്റലിനു സമീപം 17 അടി നീളമുള്ള പെരുമ്പാമ്പ്; ബഹളംവച്ചപ്പോൾ ജിമ്മിലേക്ക് കയറി
Mail This Article
അസം സർവകലാശാലയുടെ സിൽചാറിലെ ക്യാംപസിൽ പെൺകുട്ടികളുടെ ഹോസ്റ്റലിനു സമീപം 17 അടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടെത്തി. 100 കിലോ തൂക്കമുള്ള പാമ്പിനെ ഏഴുപേർ ചേർന്നാണ് പിടികൂടിയത്. സർവകലാശാലയിലെ വിദ്യാർഥിനികളാണ് പാമ്പിനെ കണ്ടെത്തിയത്.
പെൺകുട്ടികളുടെ ഹോസ്റ്റൽ നമ്പർ ഒന്നിനു സമീപമാണ് പാമ്പിനെ കണ്ടെത്തിയത്. പെൺകുട്ടികൾ ബഹളം വച്ചതോടെ പാമ്പ് ക്യാംപസിലുള്ള ജിമ്മിലേക്ക് കയറി. കൂടുതൽ വിദ്യാർഥികൾ സ്ഥലത്തെത്തുകയും ഇവർ വനംവകുപ്പിനെ വിവരം അറിയിക്കുകയും ചെയ്തു. ഏകദേശം 100 കിലോയുള്ള പാമ്പിനെ പ്രയാസപ്പെട്ടാണ് ഉദ്യോഗസ്ഥർ പിടികൂടിയത്.
ബരാക് താഴ്‌വരയുടെ ചരിത്രത്തിൽ തന്നെ മനുഷ്യവാസ മേഖലയിൽ നിന്നും രക്ഷപ്പെടുത്തുന്ന ഏറ്റവും വലിയ ബർമീസ് പെരുമ്പാമ്പ് ഇതാണെന്ന് പാമ്പുപിടിത്തത്തിന് നേതൃത്വം നൽകിയ ബിഷാൽ സോണർ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ പാമ്പിനങ്ങളിൽ മൂന്നാമത് ബർമീസാണ്, ഇത് ഇന്ത്യൻ പെരുമ്പാമ്പ് എന്ന പേരിലും അറിയപ്പെടുന്നു. 19 അടിവരെ നീളം വയ്ക്കുന്ന ഇവയ്ക്ക് 180 മുതൽ 200 കിലോവരെ ഭാരമുണ്ടാകും