കശ്മീര്‍ വിറയ്ക്കുന്നു; ദാല്‍ തടാകം തണുത്തുറഞ്ഞു: ഇനി 40 ദിവസം ‘ചില്ല-ഇ-കലൻ’
Mail This Article
ജമ്മു കശ്മീരില്‍, ശൈത്യകാല സീസണിലെ ഏറ്റവും തണുപ്പുള്ള കാലഘട്ടമായ ചില്ല-ഇ-കലന് തുടക്കമായി. ശ്രീനഗറിൽ കുറഞ്ഞ താപനില –7 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 7 ഡിഗ്രി സെൽഷ്യസുമാണ്. വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ദാൽ തടാകത്തിന്റെ ഉപരിതലം തണുത്തുറഞ്ഞു. തോണിയിൽ യാത്ര ചെയ്യുന്നവർ പങ്കായം കൊണ്ട് ഐസ് ഉടച്ചുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. നഗരത്തിലേക്കും താഴ്‌വര മേഖലകളിലേക്കുമുള്ള കനാലുകളും തണുത്തുറഞ്ഞിട്ടുണ്ട്.
ശ്രീനഗറിന്റെ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് 1934 ഡിസംബർ 13നാണ്. അന്ന് –12.8 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. തണുപ്പിന്റെ തീവ്രത കണക്കിലെടുത്ത് നഗരത്തിൽ മഞ്ഞുവീഴ്ച ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. സർക്കാർ നൽകുന്ന മുന്നറിയിപ്പുകളും സുരക്ഷിത നടപടികളും സ്വീകരിക്കണമെന്ന് ചിലർ വ്യക്തമാക്കി. പഹൽഗാം –5.2 ഡിഗ്രി സെൽഷ്യസ്, ഗുൽമാർഗ് –6.0, കോക്കർനാഗ് –3.7 എന്നിങ്ങനെയാണ് കുറഞ്ഞ താപനില
കടുത്ത തണുപ്പ് അനുഭവപ്പെടുന്ന ചില്ല-ഇ-കലന്‍ എന്ന് വിളിക്കുന്ന കാലഘട്ടം ജനുവരി 31 വരെ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതിനുശേഷമുള്ള 20 ദിവസം ‘ചില്ല–ഇ–ഖുർദ്’ കാലഘട്ടമായിരിക്കും. അടുത്ത പത്തുദിവസം ചില്ല–ഇ ബച്ചായും ആയിരിക്കും. ഇതുകഴിഞ്ഞാൽ ജമ്മു കശ്മീർ കൊടുംതണുപ്പിൽ നിന്ന് പുറത്തുവരും.