കുസൃതിക്ക് പരിധിയില്ലേ...; ഉറങ്ങുന്ന അച്ഛന്റെ വാൽ കടിച്ചുപറിക്കാൻ നോക്കി കുട്ടിസിംഹം
Mail This Article
വന്യജീവി സഫാരിക്കിറങ്ങുന്നവർ കൃത്യസമയത്ത് പോയില്ലെങ്കിൽ പ്രതീക്ഷിച്ച കാഴ്ചകളൊന്നും കണ്ടെന്നുവരില്ല. എന്നാൽ സൗത്ത് ആഫ്രിക്കയിലെ സതാരയിലുള്ള ക്രൂഗർ നാഷനൽ പാർക്കിലെ സഫാരി ഗൈഡ് ക്രിസ്റ്റഫർ ടോംസിക്ക് പകരംവയ്ക്കാനാകാത്ത മറ്റൊരു കാഴ്ച സമ്മാനിച്ചു. കുടുംബത്തോടെ റോഡിൽ വിശ്രമിക്കുന്ന സിംഹങ്ങളുടെ വിഡിയോയാണ് അദ്ദേഹം പകർത്തിയത്.
ടെന്റിന് പുറത്തിറങ്ങിയ വൈറ്റ് ലയൺ കാസ്‌പറും രണ്ട് കുട്ടി സിംഹങ്ങളും അമ്മ സിംഹവും റോഡിൽ വിശ്രമിക്കുകയാണ്. ഉറക്കത്തിലേക്ക് വഴുതിവീണ അച്ഛൻ സിംഹത്തിന്റെ വാൽ ഇളകുന്നതും നോക്കി കുട്ടി സിംഹം നിൽക്കുന്നുണ്ട്. വാൽ ചലിക്കുന്നതിനനുസരിച്ച് കുഞ്ഞൻ സിംഹം കളിച്ചുകൊണ്ടിരുന്നെങ്കിലും പെട്ടെന്ന് വാലിൽ ഒരു കടിയും കൊടുത്തു. കടികിട്ടിയതോടെ അലറിക്കൊണ്ട് കാസ്പർ എഴുന്നേറ്റ് തിരിഞ്ഞുനോക്കി. ഈ സമയം കൊണ്ട് കുഞ്ഞൻ സിംഹം ഓടി അമ്മയ്ക്കരികിലെത്തി. മകന്റെ കുസൃതി ക്ഷമിച്ചുകൊണ്ട് കാസ്പർ വീണ്ടും ഉറങ്ങാൻ കിടന്നു. സംഭവത്തിന്റെ രസകരമായ വിഡിയോ നിരവധിപ്പേരാണ് കണ്ടത്.