ADVERTISEMENT

റഷ്യയിലെ സൈബീരിയൻ മേഖല വംശനാശം സംഭവിച്ച ജീവികളുടെ അത്യപൂർവശേഖരമുള്ള മേഖലയാണ്. പുരാതന കാലത്ത് ജീവിച്ചിരുന്ന കടുവകളും, ചെന്നായ്ക്കളും മുതൽ മാമത്തുകൾ വരെയുള്ള ജീവികളുടെ കേട് വരാത്ത ശരീരങ്ങൾ ഇപ്പോഴും സൈബീരിയയിലെ പെർമാഫ്രോസ്റ്റ് മേഖലയിൽ നിന്ന് ലഭിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ ഇത്തരത്തിലുള്ള മൂന്ന് ജീവികളുടെ ശരീരങ്ങളാണ് പെർമാഫ്രോസ്റ്റിൽ നിന്ന് വീണ്ടെടുത്തത്. ഇതിൽ ഒടുവിലത്തേതാണ് അൻപതിനായിരം വർഷത്തോളം പഴക്കമുള്ള കുഞ്ഞൻ മാമത്തിന്റെ ശരീരം.

ഭൂമിയിലെ മറ്റ് മേഖലകളിൽ നിന്ന് ലഭിക്കുന്നത് ജീവികളുടെ ഫോസിലുകളാണെങ്കിൽ ഫെർമാഫ്രോസ്റ്റിനെ വ്യത്യസ്തമാക്കുന്നത് ഇവിടുത്തെ കാലാവസ്ഥയാണ്. ഫോസിലുകൾ ലഭിച്ചാൽ അതിന്റെ അസ്ഥികളും മറ്റ് അവശിഷ്ടങ്ങളും പഠനവിധേയമാക്കിയ ശേഷമാകും ജീവിയുടെ രൂപം മനസ്സിലാക്കാനാകുക. എന്നാൽ പെർമാഫ്രോസ്റ്റിൽ ശരീരങ്ങൾ തണുപ്പിൽ മരവിച്ച് ദ്രവിക്കാതെ തന്നെ തുടരും. അതിനാൽ തന്നെ മരിച്ച സമയത്തെ രൂപത്തിൽ നിന്ന് വലിയ മാറ്റങ്ങൾ ഇല്ലാതെയാണ് ഈ മേഖലയിലെ ജീവികളുടെ ശേഷിപ്പുകൾ ലഭിക്കുക.

(Photo:X/@Local12)
(Photo:X/@Local12)

യാന എന്ന മാമത്ത്

യാന എന്നത് സൈബീരിയയിലെ ഒരു നദിയാണ്. റഷ്യയുടെ മധ്യഭാഗത്ത് നിന്നും കിഴക്ക് ഭാഗത്തു നിന്നും ഒഴുകിയെത്തുന്ന വിവിധ നദികൾ സംഗമിച്ചാണ് യാന നദി രൂപം കൊള്ളുന്നത്. തുടർന്ന് വടക്കോട്ട് ഒഴുകുന്ന നദി സൈബീരിയൻ കടലിൽ അവസാനിക്കുന്നു. പൂർണമായും സൈബീരിയയിലെ പെർമാഫ്രോസ്റ്റിലൂടെ ഒഴുകുന്ന ഈ നദിയുടെ തീരത്ത് നിന്നാണ് ഈ കുഞ്ഞ് മാമത്തിന്റെ ശരീരം കണ്ടത്തിയത്. സൈബീരിയയിൽ നിന്ന് കണ്ടെത്തിയവയിൽ ഏറ്റവും സംരക്ഷിതമായ രീതിയിൽ ലഭിച്ച ശരീരം കൂടിയാണിത്. യാനയുടെ ശരീരം കണ്ടെത്തിയ നദീതടം മാമത്തുകളുടെ ശരീരങ്ങൾ മുൻപും ലഭിച്ചിട്ടുള്ള പ്രദേശം കൂടിയാണ്.

യാനയുടെ ശരീരം കണ്ടെത്തുമ്പോൾ നൂറ് കിലോയിലധികം ഭാരമുണ്ടായിരുന്നു. നാലടിയിലേറെ ഉയരവും ഏഴടിയോളം നീളവും യാനയ്ക്ക് ഉണ്ടായിരുന്നു. ഇതിൽ നിന്നും മരിക്കുന്ന സമയത്ത് യാനയ്ക്ക് ഒരു വയസ് മാത്രം പ്രായമാണ് ഉണ്ടായിരുന്നതെന്നും ഗവേഷകർ കണക്ക് കൂട്ടുന്നു. സമാനമായ രീതിയിൽ സംരക്ഷിക്കപ്പെട്ട ആറ് മാമത്തുകളെ മാത്രമാണ് ഇതുവരെ ലോകത്ത് കണ്ടെത്തിയിട്ടുള്ളത്. ഇതിൽ അഞ്ചും കണ്ടെത്തിയത് റഷ്യയിലെ സൈബീരിയൻ മേഖലയിൽ നിന്ന് തന്നെയാണ്. ഒന്ന് ലഭിച്ചത് വടക്കൻ കാനഡയിൽ നിന്നും. 

(Photo:X/@WashTimes)
(Photo:X/@WashTimes)

ചതുപ്പിൽ കുടുങ്ങിയ കുട്ടി മാമത്ത്

കൃത്യസമയത്ത് കൃത്യസ്ഥലത്ത് എത്തിച്ചേർന്നതിലൂടെയാണ് യാനയുടെ ശരീരം സുരക്ഷിതമായി വീണ്ടെടുക്കാൻ കഴിഞ്ഞതെന്ന് ഗവേഷകർ വിശദീകരിക്കുന്നു. കണ്ടെത്തിയ സമയത്ത് യാനയുടെ ശരീരം തണുപ്പിന്റെ മരവിപ്പിൽ നിന്ന് പുറത്ത് കടക്കാൻ തുടങ്ങിയിരുന്നു. അതായത് അൽപം കൂടി താമസിച്ചിരുന്നുവെങ്കിൽ ശരീരം അഴുകാൻ തുടങ്ങിയിരുന്നേനേ എന്നർഥം. ശരീരത്തിന്റെ ഭാഗങ്ങൾ അടർന്ന് പോകാതിരിക്കാൻ യാനയെ കണ്ടെത്തിയ കിടങ്ങിൽ നിന്ന് നേരിട്ട് സ്ട്രക്ചറിലേക്ക് മാറ്റിയാണ് ഗവേഷണ കേന്ദ്രത്തിലേക്ക് എത്തിച്ചത്. റഷ്യൻ ഗവേഷകരാണ് യാനയെ കണ്ടെത്തിയതും ഇപ്പോൾ പഠനവിധേയമാക്കുന്നതും. ഇപ്പോൾ യാനയുടെ മരണകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അവർ.

ശരീരം കൂടുതൽ പുറത്തേക്ക് വന്നിരുന്നുവെങ്കിൽ പ്രാദേശികമായുള്ള ജീവികൾ തന്നെ ഈ ശരീരത്തിന്റെ അംശങ്ങൾ തിന്നാൻ തുടങ്ങിയേനെയെന്ന് ഗവേഷകർ പറയുന്നു. കണ്ടെത്തിയ സമയത്ത് തന്നെ യാനയുടെ കാലിന്റെ ഭാഗങ്ങൾ പക്ഷികൾ കുറച്ചൊക്കെ കൊത്തിയെടുത്തിരുന്നു. നിലവിൽ റഷ്യയിലെ നോർത്ത് ഈസ്റ്റേൺ ഫെഡറൽ സർവകാശാലയിലാണ് യാനയുടെ ശരീരമുള്ളത്. കൂട്ടത്തിനൊപ്പം സഞ്ചരിക്കവെ യാന നദിക്കരിയിലെ ചതുപ്പിൽ അകപ്പെട്ടിരിക്കാമെന്നും ഇതാണ് മരണകാരണമെന്നുമാണ് ഇപ്പോഴുള്ള നിഗമനം.

പെർമാഫ്രോസ്റ്റ്

പെര്‍മാഫ്രോസ്റ്റ് എന്നത് ആര്‍ട്ടിക്കിലും തൊട്ടടുത്ത് കിടക്കുന്ന മേഖലകളിലും കാണപ്പെടുന്ന സവിശേഷ ഭൂപ്രകൃതിയാണ്. ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി മരവിച്ച് കിടക്കുന്ന ഭൂവിഭാഗം. മഞ്ഞും മണ്ണും കൂടിക്കുഴഞ്ഞ് കിടക്കുന്ന ഈ മേഖലകള്‍ കാനഡ മുതല്‍ സൈബീരിയ വരെയുള്ള വടക്കന്‍ ധ്രുവത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലാണ് കാണാനാകുക. എന്നാല്‍ ആഗോളതാപനില വർധിക്കുന്നതോടെ ഈ ഭൂമേഖലയും മാറുകയാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഈ മാറ്റങ്ങള്‍ അനുദിനം കൂടുതല്‍ വ്യക്തമായി വരികയാണ്. ആഗോളതാപനത്തെ തുടര്‍ന്ന് മഞ്ഞ് ഉരുകുന്നതോടെ മേഖലയിലെ മണ്‍തിട്ടകള്‍ ദുര്‍ബലമായി ഇടിയുന്നതാണ് ഈ മേഖലയുടെ നിലനില്‍പ്പിനെ തന്നെ ഭീഷണിയിലാക്കുന്നത്.

ഇങ്ങനെ മഞ്ഞുരുകുന്നതിലൂടെ ആയിരക്കണക്കിന് വർഷങ്ങളായി മറഞ്ഞ് കിടന്നിരുന്നു ജീവികളുടെ അവശിഷ്ടങ്ങൾ പുറത്തേക്ക് വരുന്നതും, അത് ഗവേഷകർക്ക് ലഭ്യമാകുന്നതും. ഇങ്ങനെ ലഭ്യമാകുന്ന ശരീരങ്ങളിലെ ഡിഎൻഎ ഉപയോഗിച്ച് ഗുഹാസിംഹങ്ങളും, മാമത്തുകളും പോലുള്ള മൺമറഞ്ഞ് പോയ ജീവികളെ തിരികെ കൊണ്ടുവരാനുള്ള ശ്രമവും ഗവേഷകർ നടത്തുന്നുണ്ട്. 

പെര്‍മാഫ്രോസ്റ്റുകള്‍ ഉരുകുന്നതിലൂടെ ചത്തടിഞ്ഞ മൃഗങ്ങളുടെയും മറ്റും അവശിഷ്ടങ്ങളില്‍ നിന്ന് പുറത്തേയ്ക്ക് വരുന്ന മീഥൈന്‍ ഉള്‍പ്പടെയുള്ള വാതകങ്ങള്‍ ആഗോളതാപനത്തിന് ആക്കം കൂട്ടുന്നുണ്ട്. ഇത്തരം വാതകങ്ങള്‍ക്കൊപ്പം തന്നെ ഈ മേഖലയില്‍ മറഞ്ഞ് കിടന്നിരുന്ന വൈറസുകളും, ബാക്ടീരിയകളും പോലുള്ള അതി സൂക്ഷ്മ ജീവികളും പുറത്തേക്ക് വരികയാണ്. ഇവ ഭൂമിയിലെ വിവിധ ജീവജാലങ്ങളെ എങ്ങനെ ബാധിക്കുമെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.

English Summary:

50,000-Year-Old Baby Mammoth Unearthed in Siberia: Yana's Amazing Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com