പിഞ്ചുകുഞ്ഞുമായി ഗൊറില്ലയുടെ അരികിൽ യുവതി; തന്റെ പൊന്നോമനയെയും പരിചയപ്പെടുത്തി ഗൊറില്ല
Mail This Article
മൃഗശാലയില്‍ കുഞ്ഞുമായി എത്തിയ യുവതിക്ക് തന്റെ കുഞ്ഞിനെ പരിചയപ്പെടുത്തി അമ്മ ഗൊറില്ല. മനുഷ്യ കുഞ്ഞിനെ കണ്ടതോടെയാണ് തന്റെ കുഞ്ഞിനെയും എല്ലാവർക്കും പരിചയപ്പെടുത്താൻ ഗൊറില്ല തയാറായത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
മൃഗശാലയിലെ ചില്ലുകൂട്ടിൽ കഴിയുന്ന ഗൊറില്ലയെ കാണാൻ പിഞ്ചുകുഞ്ഞുമായാണ് യുവതി എത്തിയത്. ഉറങ്ങിക്കിടന്ന കുഞ്ഞിനെ ഗൊറില്ലയ്ക്ക് കാണാനായി യുവതി ഗ്ലാസിനോട് ചേർത്തുവച്ചു. കുഞ്ഞിന്റെ മുഖം കണ്ടതോടെ ഗൊറില്ല മാതൃസ്നേഹം പ്രകടിപ്പിച്ചു. കുഞ്ഞിന്റെ തലയോടുചേർന്ന് തന്റെ തലവച്ച് കണ്ണടച്ച് സ്നേഹിച്ചു. അൽപസമത്തിനുശേഷം അമ്മ ഗൊറില്ല അവിടെനിന്നും വേഗത്തിൽ അകത്തേക്ക് പോയി. കൈയിൽ കുഞ്ഞു ഗൊറില്ലയുമായാണ് തിരിച്ചെത്തിയത്.
കണ്ണുതുറക്കാൻ പോലുമാകാത്ത ഗൊറില്ല കുഞ്ഞിനെ നെഞ്ചോട് ചേർത്ത് അമ്മ ഗൊറില്ല കാഴ്ചക്കാർക്ക് മുൻപിൽ ഓടിയെത്തി. കുഞ്ഞിന്റെ ഇരുകൈകളും പിടിച്ച് ഉയർത്തി കാണിക്കുകയും ചെയ്തു. ഇതാണ് തന്റെ കുഞ്ഞ് എന്ന രീതിയിൽ അമ്മ ഗൊറില്ല ആളുകൾക്ക് പരിചയപ്പെടുത്തുകയായിരുന്നു. പിന്നീട് കുഞ്ഞുഗൊറില്ലയെ മാറോടണച്ച് വയ്ക്കുകയും ചെയ്തു.
ലക്ഷക്കണക്കിന് ആളുകളാണ് രസകരമായ വിഡിയോ കണ്ടത്. എന്നാൽ ഇത് രണ്ടു സ്ഥലങ്ങളിലായി നടന്ന സംഭവമാണെന്നും ഇവ കൂട്ടിച്ചേർത്ത് മാതൃസ്നേഹത്തിന്റെ നേർക്കാഴ്ച്ചയാക്കി മാറ്റുകയായിരുന്നുവെന്നും ചിലർ വ്യക്തമാക്കി. എത്ര പഴയതാണെങ്കിലും എപ്പോഴും പുതുമ നിലനിർത്താൻ ഇത്തരം വിഡിയോകൾക്ക് സാധിക്കുന്നുണ്ട്.