പതിനെട്ടാംപടി കയറ്റുന്നതിനു വേഗമില്ല; 16 വരെ വെർച്വൽ ക്യു ബുക്കിങ് തീർന്നു
Mail This Article
ശബരിമല∙ മകരവിളക്ക് ഉത്സവത്തിന്റെ ഇനിയുള്ള ദിവസങ്ങളിൽ ശബരിമല ദർശനത്തിനു സ്പോട് ബുക്കിങ് കൂടുതലായി ആശ്രയിക്കേണ്ടിവരും. 16 വരെയുള്ള വെർച്വൽ ക്യു ബുക്കിങ് തീർന്നതാണു കാരണം. പ്രതിദിനം 70,000 പേർക്കാണ് വെർച്വൽ ക്യു ബുക്ക് ചെയ്യാവുന്നത്. 16 വരെയുള്ള എല്ലാ ദിവസങ്ങളിലെയും വെർച്വൽ ക്യു ബുക്കിങ് തീർന്നു.
പ്രതിദിനം 10,000 പേർക്ക് സ്പോട് ബുക്കിങ് എന്നായിരുന്നു ദേവസ്വം ബോർഡ് ഉദ്ദേശിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ 22,500ന് മുകളിലാണ് സ്പോട് ബുക്കിങ്. പ്രതിദിനം ലക്ഷത്തിനു മുകളിൽ തീർഥാടകർ ദർശനം നടത്തുന്നുണ്ട്. വലിയ തിരക്കിന് ഇന്നും കുറവില്ല. പതിനെട്ടാംപടി കയറാൻ കുറഞ്ഞത് 8 മണിക്കൂർ എങ്കിലും കാത്തു നിൽക്കണമെന്നതാണ് അവസ്ഥ.
തീർഥാടകരുടെ പ്രവാഹമാണെങ്കിലും പതിനെട്ടാംപടി കയറ്റുന്നതിന്റെ വേഗം കൂടിയിട്ടില്ല. ഇപ്പോൾ മിനിറ്റിൽ 65 പേരെ വരെ പതിനെട്ടാം പടി കയറ്റിവിടുന്നുണ്ട്. എന്നാൽ പലപ്പോഴും ഇത് 50ൽ താഴെയായി കുറയുകയാണ്. സ്ത്രീകൾ, കുട്ടികൾ, അംഗപരിമിതർ എന്നിവർ എത്തുമ്പോഴാണ് 50 ൽ താഴേക്ക് പോകുന്നതെന്നാണു പൊലീസ് പറയുന്നത്. മണ്ഡലകാലത്ത് മിനിറ്റിൽ 75 മുതൽ 85 പേർ വരെ കയറിയ സ്ഥാനത്താണ് ഇപ്പോൾ എണ്ണം കുറയുന്നത്. ഇതു പതിനെട്ടാംപടി കയറാനുള്ള നിരയുടെ നീളം കൂടാൻ ഇടയാക്കുന്നു. മണ്ഡല കാലത്തെ അത്രയും കൃത്യതയോടെ കാര്യങ്ങൾ നടത്താൻ പൊലീസിന് ആയിട്ടില്ല.
ഇന്ത്യൻ റിസർവ് ബറ്റാലിയൻ ആണ് ഇപ്പോൾ പതിനെട്ടാംപടി ഡ്യൂട്ടിയിലുള്ളത്. ഇവരുടെ തന്നെ വേറെ ബാച്ചായിരുന്നു മണ്ഡലകാലത്ത്. പതിനെട്ടാം പടി കയറ്റുന്നതിന്റെ വേഗം കൂട്ടാൻ 60 അംഗ പൊലീസ് പരിശീലകരെയും ഇന്നലെ എത്തിച്ചു. ഐആർബി പൊലീസുകാർക്ക് ഒപ്പം പരിശീലകരും ഇനിയുണ്ടാകും.