‘മാലിന്യം തള്ളിയ ആശുപത്രികൾക്കും ഹോട്ടലുകൾക്കും എതിരെ നടപടിയെടുത്തോ?’: കേരളത്തിനു വിമർശനം
Mail This Article
ചെന്നൈ ∙ തിരുനെൽവേലിയിൽ ആശുപത്രി മാലിന്യം തള്ളിയ കേസിൽ കേരളത്തിനു വീണ്ടും ദേശീയ ഹരിത ട്രൈബ്യൂണലിന്റെ രൂക്ഷ വിമർശനം. കേരളം ആശുപത്രികള്‍ക്കെതിരെ എന്തുകൊണ്ടു നടപടി എടുക്കുന്നില്ലെന്നും കേരളത്തിലെ മെഡിക്കല്‍ മാലിന്യം തമിഴ്നാട്ടിലെ അതിര്‍ത്തികളില്‍ തള്ളുന്നത് എന്തിനെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍ ദക്ഷിണ മേഖല ബെഞ്ച് ചോദിച്ചു. ബന്ധപ്പെട്ട ആശുപത്രികള്‍ക്കും ഹോട്ടലിനും വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് നോട്ടിസ് അയച്ചതായി കേരളം അറിയിച്ചു.
അതിര്‍ത്തി കടന്ന് മാലിന്യം വരുന്നതു തടയാന്‍ സ്പെഷല്‍ മോണിറ്ററിങ് സംഘത്തെ നിയോഗിക്കാന്‍ ട്രൈബ്യൂണല്‍ തമിഴ്നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 20ന് കേരളത്തോട് മറുപടി നല്‍കാനും നിർദേശിച്ചിട്ടുണ്ട്. ആര്‍സിസി, ക്രെഡന്‍സ് എന്നീ ആശുപത്രികളിലെ മാലിന്യമാണു തിരുനെല്‍വേലിയില്‍ തള്ളിയത്. രോഗികളുടെ വിവരങ്ങള്‍ ഉള്‍പ്പെടെ ഇതിലുണ്ടായിരുന്നു. സ്വമേധയ കേസെടുത്ത ട്രൈബ്യൂണലിന്റെ ഉത്തരവിനെ തുടർന്നു കേരളം തന്നെ മാലിന്യങ്ങൾ നീക്കം ചെയ്തിരുന്നു.