ADVERTISEMENT

ന്യൂ ഓർലിയൻസ്∙ ജനക്കൂട്ടത്തിലേക്കു പിക്കപ്പ് ട്രക്ക് ഓടിച്ചുകയറ്റി അപകടമുണ്ടാക്കിയ ഷംസുദ്ദീൻ ജബ്ബാർ ആദ്യം കുടുംബത്തെയും സുഹൃത്തുക്കളെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് എഫ്ബിഐ. ബോർബൺ സ്ട്രീറ്റിൽ പുതുവർഷം ആഘോഷിക്കാനെത്തിയ ജനക്കൂട്ടത്തിനുനേർക്കു നടന്ന ആക്രമണത്തിൽ 14 പേരാണു കൊല്ലപ്പെട്ടത്. ആക്രമണത്തിനു മുൻപ് ഇയാൾ നിരവധി വിഡിയോകൾ റെക്കോർഡ് ചെയ്തിരുന്നുവെന്നും ഇവയിലാണു കുടുംബത്തെയും സുഹൃത്തുക്കളെയും കൊലപ്പെടുത്തുന്നതിനെക്കുറിച്ചു പറഞ്ഞിരിക്കുന്നതെന്നും എഫ്ബിഐ ഭീകരവിരുദ്ധ വിഭാഗം ഡപ്യൂട്ടി അസിസ്റ്റന്റ് ഡയറക്ടർ ക്രിസ്റ്റഫർ റായ പറഞ്ഞു. 

ഭീകര സംഘടനയായ ഐഎസിൽ ചേരാൻ പ്രേരിപ്പിച്ച സ്വപ്നങ്ങളെക്കുറിച്ചും ജബ്ബാർ വിഡിയോയിൽ പറയുന്നുണ്ട്. ആക്രമണത്തിന് മണിക്കൂറുകൾക്കും മിനിറ്റുകൾക്കും മുൻപും ഇയാൾ സമൂഹമാധ്യമമായ ഫെയ്സ്ബുക്കിൽ അഞ്ച് വിഡിയോകൾ പോസ്റ്റ് ചെയ്തിരുന്നു. ടെക്സസിൽ ജനിച്ചുവളർന്ന യുഎസ് പൗരനായ ജബ്ബാർ, അഫ്ഗാനിസ്ഥാനിൽ സൈനിക സേവനം നടത്തിയിരുന്നു. തന്റെ വിവാഹമോചനത്തെക്കുറിച്ചും കുടുംബത്തെ ഒരു ആഘോഷത്തിനെന്ന പേരിൽ വിളിച്ചുവരുത്തി കൊലപ്പെടുത്താൻ പദ്ധതിയിട്ടതിനെക്കുറിച്ചും ജബ്ബാർ ഈ വിഡിയോയിൽ പറയുന്നു. എന്നാൽ പദ്ധതി മാറ്റിയത് ‘വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള യുദ്ധം’ എന്നതിൽനിന്നു വാർത്താ തലക്കെട്ടുകൾ മാറിപ്പോകുമെന്നതിനാലാണെന്നും വിഡിയോയിൽ പറയുന്നു. ഈ വേനൽക്കാലത്തിനു മുൻപായാണ് ഐഎസിൽ ചേർന്നതെന്നും ഇയാൾ പറയുന്നു. ജബ്ബാറിന്റെ ഫെയ്സ്ബുക് പേജിൽ പ്രാദേശിക സമയം ബുധനാഴ്ച പുലർച്ചെ 1.29നും 3.02നുമായിരുന്നു വിഡിയോകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഇയാൾ പിന്നീടു കൊല്ലപ്പെട്ടു. 

∙ സൈനികനിൽനിന്ന് ഭീകരനിലേക്ക്

10 വർഷത്തിലേറെ ഇയാൾ സൈന്യത്തിൽ പ്രവർത്തിച്ചിരുന്നു. 2007 മാർച്ച് മുതൽ 2015 ജനുവരി വരെയായിരുന്നു പ്രവർത്തന കാലാവധി. സൈന്യത്തിൽ എച്ച്ആർ, ഐടി വിദഗ്ധനായിരുന്നു. 2009 ഫെബ്രുവരി മുതൽ 2010 ജനുവരി വരെ അഫ്ഗാനിസ്ഥാനിൽ പ്രവർത്തിച്ചിട്ടുണ്ട്. 2015 ജനുവരിയിൽ സജീവ സേവനത്തിൽനിന്നു മാറിയെങ്കിലും റിസർവ് യൂണിറ്റിന്റെ ഭാഗമായി 2020 ജൂലൈ വരെ പ്രവർത്തിച്ചിരുന്നു. സ്റ്റാഫ് സർജന്റ് എന്ന റാങ്കിലാണു വിരമിച്ചത്. 2010ൽ സെൻട്രൽ ടെക്സസ് കോളജിൽനിന്ന് അസോഷ്യേറ്റ് ബിരുദവും 2017ൽ ജോർജിയ സ്റ്റേറ്റ് സർവകലാശാലയിൽനിന്ന് ബിരുദവും നേടിയിട്ടുണ്ടെന്ന് ഷംസുദ്ദീന്റേതായി ഓൺലൈനിൽ ലഭ്യമായ റെസ്യൂമെയിൽ പറയുന്നു. കംപ്യൂട്ടർ സയൻസ്, ഐടി എന്നീ മേഖലകളിലാണ് ബിരുദങ്ങൾ. ബിസിനസ് ഡെവലപ്മെന്റ്, ഡേറ്റ എൻജിനീയറിങ് എന്നീ മേഖലകളിൽ ജോലി ചെയ്തിട്ടുണ്ട്.

ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോകളും ജബ്ബാറിന്റെ ഫോണുകളും ലാപ്ടോപ്പുകളും എഫ്ബിഐയും സുരക്ഷാ സേനകളും പരിശോധനയ്ക്കു വിധേയമാക്കുകയാണ്. സൈനികനായിരുന്ന ഒരാൾ എങ്ങനെയാണ് ഭീകരവാദത്തിലേക്കു പോയതെന്നതിലേക്കു സൂചന എന്തെങ്കിലും ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കുടുംബത്തിനും എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ശാന്തനായ, ദയാലുവായ ഒരാൾ എങ്ങനെയാണ് ഇത്രയും ക്രൂരനായതെന്ന ഞെട്ടലിലാണ് സഹോദരൻ അബ്ദുർ ജബ്ബാറും (24) പിതാവ് റഹീം ജബ്ബാറും (64). കഴിഞ്ഞ ഒന്നര വർഷമായി ദിവസവുമെന്ന പോലെ അബ്ദുർ ഷംസുദ്ദീനോട് സംസാരിച്ചിരുന്നു. അതുകൊണ്ടുതന്നെ വിവരം അറിഞ്ഞപ്പോൾ ആളുമാറിയത് ആയിരിക്കുമെന്നാണു കരുതിയതെന്നും അദ്ദേഹം പറഞ്ഞു. ഷംസുദ്ദീൻ ഒരിക്കൽപ്പോലും ഐഎസിനെക്കുറിച്ചു സംസാരിക്കുകയോ ഇത്തരം ചിന്താഗതികൾ വച്ചുപുലർത്തുന്നതായി തോന്നിപ്പിക്കുകയോ ചെയ്തിട്ടില്ല. 

∙ വിവാഹമോചിതൻ, രണ്ടു വട്ടം

ജബ്ബാർ രണ്ടുവട്ടം വിവാഹമോചിതനായെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. 2012ൽ വിവാഹമോചനത്തിനു പിന്നാലെ ആദ്യ ഭാര്യ കുട്ടിയുടെ ജീവനാംശത്തിനുവേണ്ടി ജബ്ബാറിനെതിരെ കേസ് കൊടുത്തിരുന്നു. കോടതി അതിന് അനുമതി കൊടുക്കുകയും ചെയ്തു. 2022ലാണ് ഈ കേസ് അവസാനിപ്പിച്ചത്. 2020ൽ രണ്ടാം ഭാര്യയും വിവാഹമോചന സമയത്ത് കോടതിയിൽനിന്ന് ജബ്ബാറിനെതിരെ റിസ്ട്രെയ്നിങ് ഓർഡർ നേടിയിരുന്നു. ഭാര്യയെയോ കുട്ടികളെയോ ഭീഷണിപ്പെടുത്തുകയോ ദേഹോപദ്രവം ഏൽപ്പിക്കുകയോ മറ്റോ ചെയ്യുന്നതിൽനിന്നു വിലക്കുന്നതാണ് റിസ്ട്രെയ്നിങ് ഓർഡർ. 

മോഷണത്തിന്റെ പേരിൽ ഒൻപതു മാസം ‘സാമൂഹിക സേവന’മെന്ന ശിക്ഷ 2002ൽ ഇയാൾക്ക് ലഭിച്ചിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിനെത്തുടർന്ന് ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെട്ടിട്ടുണ്ട്. 12 മാസം പ്രൊബേഷനിൽ കഴിയേണ്ടിവന്നു. 200 യുഎസ് ഡോളർ പിഴയും 24 മണിക്കൂർ ‘സാമൂഹിക സേവനവും’ ശിക്ഷ ലഭിച്ചു. വിവാഹമോചനക്കേസ് പെട്ടെന്ന് തീർക്കണമെന്നും ജീവിക്കാൻ കാശ് ഇല്ലെന്നും ഇയാൾ കോടതിക്ക് അയച്ച ഇമെയിലിൽ പറയുന്നുണ്ട്. സ്വന്തമായി തുടങ്ങിയ വ്യാപാരവും നഷ്ടത്തിലാണെന്നും ക്രെഡിറ്റ് കാർഡിൽ മാത്രം 16,000 യുഎസ് ഡോളറിൽ അധികം കടമുണ്ടെന്നും രേഖകൾ വ്യക്തമാക്കുന്നു.

∙ വാടകയ്ക്ക് എടുത്ത ട്രക്ക്

ആക്രമണത്തിന് ഉപയോഗിച്ച ട്രക്ക് വാടകയ്ക്ക് എടുത്തതാണ്. ഡിസംബർ 30ന് വാടകയ്ക്ക് എടുത്ത ട്രക്ക് ഹൂസ്റ്റണിൽനിന്ന് ന്യൂ ഓർലിയൻസിലേക്ക് പിറ്റേ ദിവസം ഓടിച്ചുകൊണ്ടുപോകുകയായിരുന്നു. ഡിസംബർ 31ന് പുലർച്ചെ ട്രക്കിൽ ഇയാൾ സാധനങ്ങൾ കയറ്റുന്നത് അയൽക്കാരി കണ്ടിരുന്നു. അന്വേഷിച്ചപ്പോൾ ന്യൂ ഓർലിയൻസിലേക്കു പുതിയ ജോലിക്കായി പോകുകയാണെന്നായിരുന്നു മറുപടി. ജബ്ബാർ ഇത്തരമൊരു ചിന്താഗതിയിലേക്കു മാറിയെന്നതിനു യാതൊരു തെളിവും ലഭിച്ചിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

English Summary:

New Orleans attacker discussed plans to kill his family and join ISIS in chilling recordings. Here’s what we know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com