പെരിയ ഇരട്ടക്കൊല: 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം; കുഞ്ഞിരാമൻ ഉൾപ്പെടെ 4 സിപിഎം നേതാക്കൾക്ക് 5 വർഷം തടവ്
Mail This Article
കൊച്ചി ∙ കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കല്യോട്ടെ കൃപേഷ്, ശരത്‌ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും. മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ ഉൾപ്പെടെ നാലു സിപിഎം നേതാക്കൾക്ക് അഞ്ചു വർഷം തടവും ശിക്ഷ വിധിച്ചു. ഒന്നു മുതൽ എട്ടുവരെ പ്രതികളായ എ.പീതാംബരൻ (സിപിഎം പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി.ജോർജ്, കെ.എം.സുരേഷ്, കെ.അനിൽകുമാർ (അബു), ഗിജിൻ, ആർ. ശ്രീരാഗ് (കുട്ടു), എ. അശ്വിൻ (അപ്പു), സുബീഷ് (മണി), പത്താംപ്രതി ടി. രഞ്ജിത്ത്(അപ്പു), 15–ാം പ്രതി എ.സുരേന്ദ്രൻ (വിഷ്ണു സുര) എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം. ഇവർക്കെതിരെ കൊലക്കുറ്റം അടക്കമുള്ള ഗുരുതര വകുപ്പുകളാണു ചുമത്തിയിരുന്നത്. എറണാകുളം സിബിഐ പ്രത്യേക കോടതിയാണു ശിക്ഷ വിധിച്ചത്.
കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവരാണ് 1 മുതൽ 8 വരെ പ്രതികൾ. ഗൂഢാലോചന കേസ് കൂടി തെളിഞ്ഞതിനാലാണ് 10, 15 പ്രതികൾക്കും സിബിഐ പ്രത്യേക കോടതി ജഡ്ജി എൻ.ശേഷാദ്രിനാഥൻ ഇരട്ട ജീവപര്യന്തം വിധിച്ചത്. 14–ാം പ്രതി കെ. മണികണ്ഠൻ, 20–ാം പ്രതി മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ, 21–ാം പ്രതി രാഘവൻ വെളുത്തോളി (രാഘവൻ നായർ), 22–ാം പ്രതി കെ.വി.ഭാസ്കരൻ എന്നിവർക്ക് 5 വർഷം തടവും 10000 രൂപ പിഴയും. തെളിവു നശിപ്പിക്കലും പ്രതികളെ സഹായിക്കലുമാണ് ഇവർക്കെതിരായ കുറ്റങ്ങൾ. കൊലക്കുറ്റം തെളിഞ്ഞ പ്രതിയെ ബലംപ്രയോഗിച്ചു മോചിപ്പിച്ചു എന്നതാണു കുഞ്ഞിരാമൻ അടക്കം 4 പേർക്ക് 5 വർഷത്തെ തടവുശിക്ഷ വിധിക്കാൻ കാരണം.
വിചാരണ നേരിട്ട എല്ലാവരും സിപിഎം പ്രവർത്തകരും പ്രാദേശിക നേതാക്കളുമാണ്. പ്രതികൾക്കു വധശിക്ഷ നൽകണമെന്നാണു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. എന്നാൽ അപൂർവങ്ങളിൽ അപൂർവമായ കേസ് അല്ല ഇതെന്നും രാഷ്ട്രീയ പ്രശ്നത്തിന്റെ ഭാഗമായി പ്രാദേശികമായുണ്ടായ കൊലപാതകമാണു നടന്നതെന്നും പ്രതിഭാഗം വാദിച്ചു. 2019 ഫെബ്രുവരി 17ന് രാത്രി 7.45നായിരുന്നു പെരിയ കല്യോട്ടുവച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത് ലാൽ (24) എന്നിവർ കൊല്ലപ്പെട്ടത്. പെരുങ്കളിയാട്ടത്തിന്‍റെ സംഘാടകസമിതി യോഗത്തിനുശേഷം ബൈക്കിൽ വീട്ടിലേക്കു മടങ്ങുന്ന സമയത്തു ജീപ്പിലെത്തിയ അക്രമികൾ ഇവരെ ഇടിച്ചിട്ട ശേഷം വെട്ടിക്കൊല്ലുകയായിരുന്നു.
കൊലപാതകത്തിനു ശേഷം അന്വേഷണവും വിചാരണയും കഴിയാൻ 6 വർഷത്തോളമെടുത്തു. ലോക്കൽ പൊലീസിന്റെ അന്വേഷണത്തിനു ശേഷം ക്രൈംബ്രാഞ്ച് 14 പേരെ പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചെങ്കിലും അന്വേഷണം അട്ടിമറിക്കുന്നു എന്ന ആരോപണം കുടുംബങ്ങൾ ഉന്നയിക്കുകയും ഹൈക്കോടതി സിബിഐ അന്വേഷണം അനുവദിക്കുകയും ചെയ്തു. സംസ്ഥാന സർക്കാർ ഇതിനെതിരെ സുപ്രീം കോടതി വരെ പോയെങ്കിലും ഹൈക്കോടതി തീരുമാനം ശരിവയ്ക്കുകയായിരുന്നു. സിബിഐ അന്വേഷണത്തിനുശേഷം കുറ്റപത്രം സമർപ്പിച്ചപ്പോൾ പ്രതികൾ 14നു പകരം 24 ആയി. സിബിഐ കോടതി ഇതിൽ 14 പേര്‍ കുറ്റക്കാരാണെന്നു കണ്ടെത്തി. 10 പേരെ വെറുതെ വിട്ടു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയ 14 പേരിൽ 10 പേര്‍ ശിക്ഷ കിട്ടിയവരിൽ ഉൾപ്പെടും. സിബിഐ അധികമായി ഉൾപ്പെടുത്തിയ പ്രതികളിൽ 4 പേരെയുമാണു പ്രത്യേക കോടതി കുറ്റക്കാരെന്നു കണ്ടെത്തിയത്.