കൂട്ടുകാർ ഒത്തുകൂടുമ്പോൾ ഉണ്ടാകുന്ന കാര്യം മാത്രം: പ്രതിഭയുടെ മകനുൾപ്പെട്ട കേസിൽ മന്ത്രി സജി
Mail This Article
കായംകുളം ∙ യു.പ്രതിഭ എംഎൽഎയുടെ മകൻ ഉൾപ്പെട്ട സംഘം കഞ്ചാവ് കൈവശം വച്ചതിനു കേസെടുത്തതു വലിയ രാഷ്ട്രീയ വിവാദമാക്കേണ്ട വിഷയമല്ലെന്നു മന്ത്രി സജി ചെറിയാൻ. കഞ്ചാവിന്റെ അളവ് ആദ്യം പറഞ്ഞതിൽനിന്നു പിന്നീട് പലവട്ടം കുറഞ്ഞതായി കാണുന്നു. ഇതു കൂട്ടുകാർ ഒത്തുകൂടുമ്പോഴുണ്ടാകുന്ന കാര്യമായി കണ്ടാൽ മതി. പലരും പലതരം പുകവലിക്കുന്നുണ്ട്. ഉന്നതർ വരെ അതിലുണ്ട്. ഇതിന്റെ പേരിൽ പ്രതിഭയെ രാഷ്ട്രീയമായും വർഗീയ ചേരിയുണ്ടാക്കിയും വേട്ടയാടാനുള്ള ശ്രമം ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
യു.പ്രതിഭയുടെ മകൻ ഉൾപ്പെടെ 9 പേരെയാണു കഞ്ചാവുമായി കുട്ടനാട് എക്സൈസ് സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. തകഴി പുലിമുഖം ജെട്ടിക്ക് സമീപം ഒരു സംഘം യുവാക്കൾ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി സന്ദേശം കിട്ടിയതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് അറസ്റ്റ് ചെയ്തതെന്നു എക്സൈസ് അറിയിച്ചു.
കനിവ്, സച്ചിൻ, മിഥുൻ, ജെറിൻ, ജോസഫ്, ബെൻസ്, സജിത്, അഭിഷേക്, സോജൻ എന്നിവരെയാണു സിഐ ആർ.ജയരാജും സംഘവും അറസ്റ്റ് ചെയ്തത്. 30 ഗ്രാം കഞ്ചാവ് കൈവശം വച്ചതിനും കഞ്ചാവ് വലിച്ചതിനുമാണു കേസെടുത്തത്. പ്രതിഭയുടെ മകനെതിരെ കഞ്ചാവ് വലിച്ചതിനുള്ള എൻടിപിഎസ് 27 വകുപ്പു മാത്രമാണു ചുമത്തിയത്. അറസ്റ്റ് ചെയ്ത പ്രതികളെ ജാമ്യത്തിൽ വിട്ടു.