അഞ്ചൽ കേസിൽ സിബിഐക്ക് പിടിവള്ളിയായത് ‘മൂന്നാമൻ’? പോണ്ടിച്ചേരിയിലെ വിഷ്ണു തന്നെയാണ് ദിവിൽ കുമാർ !
Mail This Article
കൊച്ചി ∙ അഞ്ചലില്‍ യുവതിയേയും ഇരട്ടക്കുട്ടികളേയും കൊലപ്പെടുത്തിയ കേസിലെ പ്രതികളിലേക്ക് 18 വർഷത്തിനു ശേഷം സിബിഐ എത്തിയത് ‘മൂന്നാമനി’ൽ നിന്ന് ചോർന്ന രഹസ്യത്തിൽ നിന്നെന്നു സൂചന. ഇരട്ടക്കൊല കേസിലെ പ്രതികളും മുൻ സൈനികരുമായ ദിവിൽ കുമാർ, രാജേഷ് എന്നിവരെ സിബിഐ ചെന്നൈ യൂണിറ്റിലെ അംഗങ്ങൾ പോണ്ടിച്ചേരിയിൽനിന്നു പിടികൂടുകയായിരുന്നു. ഇരുവരുടെയും യഥാർഥ വ്യക്തിത്വത്തെ കുറിച്ച് അറിയാവുന്ന ആളുകളിൽനിന്നു തന്നെയാണ് വിവരങ്ങൾ തങ്ങളിലേക്ക് എത്തിയതെന്നാണു കേസ് അന്വേഷിച്ച സിബിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. പ്രതികളെ കസ്റ്റഡിയിൽ ലഭിച്ച് ചോദ്യം ചെയ്താൽ മാത്രമേ ഒളിവു ജീവിതത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്നും സിബിഐ വൃത്തങ്ങൾ പറയുന്നു.
കൊലപാതകം നടത്തി ഒളിവിൽ പോകുന്ന കാലം മുതൽ ദിവിൽ കുമാർ എവിടെയുണ്ടെന്ന കാര്യത്തിൽ വീട്ടുകാർക്ക് ധാരണയുണ്ടായിരുന്നെന്നാണു കരുതുന്നതെന്ന് സിബിഐ വൃത്തങ്ങൾ പറയുന്നു. വീട്ടുകാരുമായി പ്രതി ആശയവിനിമയവും നടത്തിയിരുന്നെന്നും സൂചനകളുണ്ട്. കേസന്വേഷണം എങ്ങും എത്തിയിരുന്നില്ലെങ്കിലും ഇരുവരെയും കുറിച്ചുള്ള അന്വേഷണം സിബിഐ അവസാനിപ്പിച്ചിരുന്നില്ല. അത്തരമൊരു സാഹചര്യത്തിൽ നിന്നാണു പോണ്ടിച്ചേരിയിൽ കുടുംബസ്ഥനായി കഴിയുന്ന വിഷ്ണുവിനെ കുറിച്ചുള്ള വിവരം സിബിഐ സംഘത്തിന് ലഭിക്കുന്നത്.
ഈ വിഷ്ണു തന്നെയാണ് ദിവിൽ കുമാർ എന്ന് സംശയം ഉയർന്നതോടെ സിബിഐ സംഘം നിരീക്ഷണം ആരംഭിച്ചു. ഒരാഴ്ചയോളം നിരീക്ഷിച്ച ശേഷമാണ് ദിവില്‍ കുമാറിനെ ചോദ്യം ചെയ്യാൻ ശ്രമിച്ചത്. എന്നാൽ താൻ ദിവിൽ കുമാറാണെന്ന് ഒരു വിധത്തിലും സമ്മതിക്കാൻ ഇയാൾ തയാറായില്ല. എന്നാൽ സമ്മർദ്ദങ്ങളും ചോദ്യം ചെയ്യലും ഏറിയതോടെ തങ്ങളുടെ യഥാർഥ വ്യക്തിത്വം ഇരുവര്‍ക്കും വെളിപ്പെടുത്തേണ്ടി വരികയായിരുന്നു. പുതുച്ചേരിയിൽ നടത്തിയിരുന്ന ഇന്റീരിയർ ഡിസൈനിങ് സ്ഥാപനത്തെക്കുറിച്ചും എങ്ങനെയാണ് പുതുച്ചേരിയിൽ എത്തപ്പെട്ടത് എന്നതിനെക്കുറിച്ചുമെല്ലാമുള്ള വിവരങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമാകും എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
ഇവർ കൂട്ടിച്ചേർക്കുന്ന മറ്റൊരു കാര്യം, ഇരുവരും പോണ്ടിച്ചേരിയിൽ ഉണ്ട് എന്നതറിയാവുന്ന കുറച്ചു പേരെങ്കിലും ഉണ്ടായിരുന്നു എന്നാണ്. അതുകൊണ്ടാണ് ഇപ്പോഴെങ്കിലും പ്രതികളിലേക്ക് എത്താൻ സാധിച്ചത് എന്നും. വിഷ്ണു തന്നെയാണ് ദിവിൽ കുമാർ എന്നത് തെളിയിക്കാനുള്ള പരിശോധനകൾ ഇനി നടത്തേണ്ടതുണ്ട്.