ADVERTISEMENT

കോട്ടയം∙ കൊല്ലം അഞ്ചലിൽ യുവതിയെയും 17 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളെയും മുൻ സൈനികർ കൊലപ്പെടുത്തിയ കേസിൽ 18 വർഷം മുൻപുള്ള സംഭവം ഓർത്തെടുത്ത് അയൽവാസിയും കോൺഗ്രസ് നേതാവുമായ ജ്യോതികുമാർ ചാമക്കാല. ‘‘കൊല്ലപ്പെട്ട രഞ്‌ജിനിയും അയൽക്കാരനായ ദിവിൽ കുമാറും പ്രണയത്തിലായിരുന്നു. ദിവിൽ പട്ടാളത്തിലായിരുന്നു. അവിവാഹിതയായ രഞ്ജിനിയെ ഗർഭിണിയാക്കിയ ശേഷം ദിവിൽ കുമാർ നാടുവിട്ടു. ഇതു വലിയ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു. ദിവിൽ കുമാർ പിതൃത്വം അംഗീകരിക്കാൻ തയാറായിരുന്നില്ല. പിന്നീട് രഞ്ജിനിയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് ദിവിലിന്റെ സുഹൃത്തായ രാജേഷ് അവിടെ അവരെ സഹായിക്കാനെത്തി. കുടുംബത്തിന്റെ വിശ്വാസം രാജേഷ് നേടിയെടുത്തു. ആശുപത്രിയിൽ ചെലവ് അടക്കം എല്ലാ കാര്യങ്ങളും അയാളാണു നോക്കിയിരുന്നത്. മറ്റ് ആരുടെയും മുന്നിൽ പ്രത്യക്ഷപ്പെടാതെയാണ് അയാൾ നടന്നിരുന്നത്. 

രഞ്ജിനി ഇരട്ടക്കുട്ടികളെ പ്രസവിച്ച ശേഷം ഡിസ്ചാർജ് ആയി വീട്ടിൽ വന്നു. സംഭവം നടന്ന ദിവസം രാജേഷ് വീട്ടിലെത്തി. ഈ സമയം രഞ്ജിനിയുടെ അമ്മ പഞ്ചായത്ത് ഓഫിസിൽ പോവുകയായിരുന്നു. രാജേഷ് വന്നതുകൊണ്ട് സംസാരിച്ചുനിന്ന അവരെ അയാൾ നിർബന്ധിച്ചു ജോലിക്കു പറഞ്ഞയച്ചു. അതിനുശേഷമാണു രഞ്ജിനിയെയും കുട്ടികളെയും കൊന്നത്’’ – ജ്യോതികുമാർ ചാമക്കാല ഓർത്തെടുത്തു.

‘‘ദിവിൽ കുമാർ പട്ടാളത്തിലേക്കു തിരികെ മടങ്ങുന്നുവെന്നു പറഞ്ഞാണു നാട്ടിൽനിന്നു പോയത്. പക്ഷേ, അവിടെ എത്തിയിരുന്നില്ല. രാജേഷും പിന്നീട് അങ്ങോട്ടേക്കു പോയില്ല. കൊലപാതകങ്ങൾക്കുശേഷം രഞ്ജിനിയുടെ അമ്മയുടെ മനോനില തെറ്റി.തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിശേഷം ശാന്തി കവാടത്തിൽ ഞാൻ മുൻകൈയ്യെടുത്താണ് സംസ്കാരം നടത്തിയത്. ഞാനും എന്റെ കുറച്ചു സുഹൃത്തുക്കളും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. പ്രതികൾ പട്ടാളക്കാരായതു കൊണ്ടു തന്നെ നമുക്കു പല പരിമിതികളും ഉണ്ടായിരുന്നു. അന്ന് ഞാൻ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. അന്വേഷണം ക്രൈംബ്രാഞ്ചിനു വിടണമെന്ന് ആവശ്യപ്പെട്ടു നിവേദനവുമായി ഞാൻ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയെ പോയി കണ്ടു. ആ കുട്ടികളുടെ പടം കണ്ട് ഉമ്മൻ ചാണ്ടി ഞെട്ടി. ഈ കൊച്ചു പിള്ളേരെയാണോ കൊന്നത് എന്നു പറഞ്ഞാണ് അദ്ദേഹം ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.

രഞ്ജിനിയുടെ അമ്മ ആ കുഞ്ഞുങ്ങളെ വലിയ കരുതലോടെയാണു നോക്കിയിരുന്നത്. കുളിപ്പിച്ച് ഒരുക്കി അവർക്കു കണ്ണെഴുതി നൽകി പൊട്ടു കുത്തിച്ച് അഞ്ചലിലേക്കു പോകാൻ നിന്നപ്പോഴാണ് രാജേഷ് ആ വീട്ടിലേക്കു വന്നത്. വേറെ വരുമാന മാർഗമൊന്നും ഇല്ലാത്തതിനാൽ രഞ്ജിനിക്ക് ഒരു തയ്യൽ മെഷീൻ വാങ്ങി കൊടുത്തിരുന്നു. അതിൽ ജോലി ചെയ്താണ് രഞ്ജിനി വീട്ടിനുള്ളിൽ ഇരുന്നത്. ഈ രാജേഷ് ആരാണെന്നോ അയാളുടെ മേൽവിലാസമോ ഒന്നും ഇവർക്ക് അറിയില്ലായിരുന്നു.

എന്റെ വീട്ടിനടുത്തായിരുന്നു ഈ സംഭവമുണ്ടായത്. ഈ കുട്ടികളുടെ അച്ഛനായ, കൊലപാതകം ആസൂത്രണം ചെയ്ത ദിവിൽ കുമാർ എനിക്ക് അറിയാവുന്ന ആളായിരുന്നു. അതിന്റെ പേരിൽ നാട്ടിലൊക്കെ ഒരുപാടു നഷ്ടം എനിക്കുണ്ടായിട്ടുണ്ട്. രഞ്ജിനിയുടെ അമ്മ  അവസാനം എന്നെ വിളിച്ചപ്പോൾ പറഞ്ഞത് വെഞ്ഞാറമൂട്ടിലേക്കു താമസം മാറിയെന്നായിരുന്നു. ഈ അടുത്തകാലം വരെയും ഉമ്മൻ ചാണ്ടിക്ക് അവർ  കൊടുത്ത നിവേദനം എന്റെ കൈയ്യിലുണ്ടായിരുന്നു. വീട് മാറിയപ്പോഴാണ് അതു നഷ്ടപ്പെട്ടത്’’ – ജ്യോതികുമാർ ചാമക്കാല പറഞ്ഞു.

2006 ഫെബ്രുവരിയിലായിരുന്നു നാടിനെ ഞെട്ടിച്ച അഞ്ചൽ കൊലപാതകം നടന്നത്. അഞ്ചൽ അലയമൺ രജനി വിലാസത്തിൽ രഞ്‌ജിനിയും അയൽവാസിയായ ദിവിൽ കുമാറുമായി അടുപ്പത്തിലായിരുന്നു. അവിവാഹിതയായ രഞ്‌ജിനി ഗർഭിണിയായതിനെ തുടർന്ന് വനിതാ കമ്മിഷനിൽ പരാതി നൽകിയിരുന്നു. കമ്മിഷൻ ദിവിൽ കുമാറിനോട് ഡിഎൻഎ ടെസ്‌റ്റിന് ഹാജരാകാൻ നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു കൊലപാതകം. ആദ്യം ക്രൈംബ്രാ‍ഞ്ചും പിന്നീട് സിബിഐയും കേസ് ഏറ്റെടുത്തിരുന്നു. തൊട്ടുപിന്നാലെ ഇരുവരും ഒളിവിൽ പോയി. പത്താൻകോട്ട് യൂണിറ്റിലാണ് ഇരുവരും സൈനികരായി സേവനം അനുഷ്ഠിച്ചിരുന്നത്. പ്രതികൾ പോണ്ടിച്ചേരിയിലുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ സിബിഐ പിടികൂടിയത്. 

English Summary:

Renjini Murder Case Anchal: The shocking Anchal murders in Kollam sparked a Crime Branch investigation after former Chief Minister Oommen Chandy saw a picture of the victims. Jyothi Kumar Chamakkala Remembers the incident.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com