കേജ്രിവാളിനെതിരെ മുൻ എംപി മത്സരിക്കും; ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി
Mail This Article
ന്യൂഡൽഹി∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക ബിജെപി പുറത്തുവിട്ടു. ആകെയുള്ള 70ൽ 29 സ്ഥാനാർഥികളുടെ പേരാണ് പാർട്ടി പുറത്തുവിട്ടിരിക്കുന്നത്. മുൻ എംപി പർവേഷ് സാഹിബ് സിങ് വർമയാണ് എഎപി കൺവീനർ അരവിന്ദ് കേജ്‌രിവാളിന്റെ എതിരാളി. ന്യൂഡൽഹി മണ്ഡലത്തിൽനിന്നാണ് കേജ്‌രിവാൾ ജനവിധി തേടുക. അതേസമയം, ആംആദ്മി പാർട്ടി (എഎപി) മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയിരുന്നു. ഫെബ്രുവരിയിലാണ് തിരഞ്ഞെടുപ്പ്.
ഒരിക്കൽ കേജ്‌രിവാളിന്റെ വിശ്വസ്തനായിരുന്ന, പിന്നീട് എഎപി വിട്ട് ബിജെപിയിൽ ചേർന്ന, മുൻഗതാഗത മന്ത്രി കൈലാഷ് ഗെലോട്ട് ബിജ്വാസൻ മണ്ഡലത്തിൽനിന്ന് ജനവിധി തേടും. മുഖ്യമന്ത്രി അതിഷിക്കെതിരെ കൽകജി മണ്ഡലത്തിൽനിന്ന് ബിജെപി നേതാവ് രമേഷ് ബിദുരി മത്സരിക്കും. സൗത്ത് ഡൽഹിയിൽനിന്നുള്ള എംപിയായിരുന്ന അദ്ദേഹത്തിന് ഇത്തവണ ലോക്സഭയിലേക്ക് ബിജെപി സീറ്റ് നൽകിയിരുന്നില്ല. അൽക്ക ലാംബയെയാണ് കോൺഗ്രസ് ഇവിടെ നിർത്തിയിരിക്കുന്നത്.
കോൺഗ്രസ് നേതാവും ഷീല ദീക്ഷിത് സർക്കാരിൽ മന്ത്രിയുമായിരുന്ന അരവിന്ദർ സിങ് ലവ്‌ലി ഈസ്റ്റ് ഡൽഹിയിലെ ഗാന്ധിനഗർ സീറ്റിൽനിന്ന് ബിജെപിക്കായി ജനവിധി തേടും. കഴിഞ്ഞ വർഷം അദ്ദേഹം കോൺഗ്രസ് വിട്ടിരുന്നു. ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്‌ദേവ ഇത്തവണ മത്സരിച്ചേക്കില്ലെന്നാണ് വിവരം.