‘ശിവൻകുട്ടിയെ വിദ്യാഭ്യാസ മന്ത്രിയാക്കിയവരെ മുക്കാലിൽ കെട്ടി അടിക്കണം; പരീക്ഷയുടെ പവിത്രത നഷ്ടപ്പെട്ടു’
Mail This Article
കോഴിക്കോട്∙ ചോദ്യക്കടലാസല്ലേ ചോർന്നുള്ളൂ ഉത്തരക്കടലാസ് ചോർന്നില്ലല്ലോ എന്നു ചോദിക്കുന്ന വി.ശിവൻകുട്ടിയെ വിദ്യാഭ്യാസ മന്ത്രിയാക്കിയവരെ മുക്കാലിൽ കെട്ടി അടിക്കണമെന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചോദ്യക്കടലാസ് ചോർച്ചയിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡിസിസിയുടെ നേതൃത്വത്തിൽ ഡിഡിഇ ഓഫിസിനു മുന്നിൽ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരീക്ഷാ സമ്പ്രദായം ശക്തമാണെങ്കിലേ വിദ്യാഭ്യാസത്തിന് അർഥമുണ്ടാകൂ. എന്നാൽ പരീക്ഷയുടെ പവിത്രത നഷ്ടപ്പെട്ടു. മധ്യപ്രദേശ് മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ചോദ്യക്കടലാസ് ചോർച്ചയുമായി ബന്ധപ്പെട്ടു വിവാദമുണ്ടായി. മറ്റൊരു കാലത്തും ഉണ്ടാകാത്ത നിലയിൽ ചോദ്യക്കടലാസ് ചോർന്നതു സംസ്ഥാനത്തു വലിയ ഞെട്ടലുണ്ടാക്കി. പരീക്ഷ സത്യസന്ധമായും സുതാര്യമായും നടത്തേണ്ട ഉത്തരവാദിത്തം സർക്കാരിനാണ്. ചോദ്യക്കടലാസ് ചോർച്ചയ്ക്കു പിന്നിൽ നിഗൂഢ സംഘം നിക്ഷിപ്ത താൽപര്യത്തോടെ പ്രവർത്തിക്കുന്നു. ചോദ്യക്കടലാസ് കുട്ടികൾക്കു കിട്ടുന്നതിന് മുൻപ് മറ്റുള്ളവർക്കു കിട്ടുന്നു.
ഏതെങ്കിലും കേസ് അന്വേഷണം വൈകിപ്പിക്കണമെങ്കിൽ ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചാൽ മതി. ക്രൈംബ്രാഞ്ചിൽ ഉദ്യോഗസ്ഥരോ അന്വേഷണത്തിനാവശ്യമായ സൗകര്യങ്ങളോ ഇല്ല. ചോദ്യക്കടലാസ് ചോർച്ചയിൽ നടപടി ഉണ്ടായില്ലെങ്കിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ ചോദ്യങ്ങളും ചോർത്തും. അതിനാൽ എത്ര പ്രബലർ ആയാലും ഇവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഈ സർക്കാരിൽനിന്ന് അതു പ്രതീക്ഷിക്കുന്നില്ല. പിഎസ്‌സി പരീക്ഷ എഴുതാത്തവന് ഒന്നാം റാങ്ക് നൽകിയ സർക്കാരാണിതെന്നും ചെന്നിത്തല ആരോപിച്ചു.
∙ മുഖ്യമന്ത്രി സ്ഥാനത്തേക്കുറിച്ച് ചർച്ച ചെയ്യേണ്ട സമയമല്ല
മുഖ്യമന്ത്രിസ്ഥാനത്തെക്കുറിച്ചു ചർച്ച ചെയ്യേണ്ട സമയമല്ല ഇതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ച അനവസരത്തിലുള്ളതാണ്. തദ്ദേശ തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ ചർച്ചയാവേണ്ടത്. മുഖ്യമന്ത്രി സ്ഥാനം ഹൈക്കമാൻഡ് തീരുമാനിക്കും. സമസ്തയുടെ പരിപാടിയിൽ പങ്കെടുക്കുന്നത് ചർച്ചയാക്കേണ്ടതില്ല. എല്ലാ മത, സാമുദായിക സംഘടനകളുമായി കോൺഗ്രസിനു നല്ല ബന്ധമാണുള്ളത്.
ജമാഅത്തെ ഇസ്‌ലാമി ആസ്ഥാനത്തു പോയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ജമാഅത്തെ ഇസ്‌ലാമി വർഗീയ സംഘടനയാണോയെന്ന് സർട്ടിഫിക്കറ്റ് കൊടുക്കേണ്ട ആളല്ല താൻ. ക്ഷേത്രത്തിൽ ഷർട്ട് ധരിച്ചു കയറുന്ന വിഷയത്തിൽ അഭിപ്രായം പറയാനില്ല. അതാത് മത, സാമുദായിക സംഘടനകൾ ചർച്ച ചെയ്തു തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.