ചൈനയിൽ വൈറസ് വ്യാപനം; ആരോഗ്യ അടിയന്തരാവസ്ഥ? സ്ഥിരീകരിക്കാതെ ഭരണകൂടം
Mail This Article
ബെയ്ജിങ്∙ ലോക രാജ്യങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിച്ച് ചൈനയിൽ ഹ്യൂമൻ മെറ്റന്യൂമോ വൈറസ് (എച്ച്എംപിവി) വൈറസ് പടരുന്നു. ലോകത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കോവിഡ് മഹാമാരിക്ക് അഞ്ച് വർഷമാകുമ്പോഴാണ് ചൈനയിൽ വീണ്ടും മറ്റൊരു വൈറസ് പകർച്ചയുണ്ടാകുന്നത്. ചൈനീസ് ഭരണകൂടം ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. ചില മേഖലകളിൽ ചൈന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്നും വിവരമുണ്ട്. കോവിഡ് ബാധ രൂക്ഷമായ സാഹചര്യത്തിലും അത് രാജ്യാന്തര സമൂഹത്തെ അറിയിക്കാത്തതിന്റെ പേരിൽ പഴി കേട്ട രാജ്യമാണ് ചൈനയെന്നാണ് ആക്ഷേപം.
ചുമ, ജലദോഷം, പനി, തുമ്മൽ എന്നിവയാണ് എച്ച്എംപിവിയുടെ ലക്ഷണങ്ങൾ. 2001 മുതൽ ഈ വൈറസ് പല രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇത്ര വ്യാപകമായിട്ടില്ല. എച്ച്എംപിവിക്ക് പ്രത്യേക മരുന്നോ വാക്സീനോ ലഭ്യമല്ല. ലക്ഷണങ്ങൾ അനുസരിച്ചുള്ള ചികിത്സ മാത്രമാണ് നൽകുക. കുട്ടികളെയും പ്രായമുള്ളവരെയുമാണ് വൈറസ് കാര്യമായി ബാധിച്ചത്. ചൈനയിൽനിന്ന് വിവരങ്ങൾ ലഭിക്കാത്തതിനാൽ ലോകാരോഗ്യ സംഘടനാ ഇതുവരെ ജാഗ്രതാ നിർദേശമൊന്നും പുറപ്പെടുവിച്ചിട്ടില്ല.
ചൈനയിൽ കാര്യമായ പ്രശ്നങ്ങളൊന്നുമില്ലെന്നും സർക്കാർ യാതൊരു അറിയിപ്പും നൽകിയിട്ടില്ലെന്നും ചൈനയിൽ സ്ഥിരതാമസക്കാരനായ ഒരു മലയാളി മനോരമ ഓൺലൈനിനോട് പറഞ്ഞു. പഴയതുപോലെ സർക്കാരിന് യാതൊന്നും മറച്ചുവയ്ക്കാൻ പറ്റില്ല. ഈ സമയത്ത് ഇവിടെ കുട്ടികളിൽ പനിയും ന്യുമോണിയയുമൊക്കെ സാധാരണമാണെന്നാണ് ഡോക്ടർമാരോട് സംസാരിച്ചപ്പോൾ അവർ പറയുന്നത്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അവർ പറയുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ഇപ്പോൾ ആശങ്കയുടെ കാര്യമില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ചൈനയിൽ രോഗം പടരുന്നുവെന്ന റിപ്പോർട്ടുകൾ ഇന്ത്യ സൂക്ഷമമായി നിരീക്ഷിക്കുകയാണ്.