ADVERTISEMENT

കോവിഡ്‌ മഹാമാരിക്ക്‌ കൃത്യം അഞ്ച്‌ വര്‍ഷത്തിന്‌ ശേഷം മറ്റൊരു വൈറസ്‌ രോഗപടര്‍ച്ചയുമായി ചൈന വാര്‍ത്തകളില്‍ നിറയുകയാണ്‌. ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ്‌(എച്ച്‌എംപിവി) എന്ന ശ്വാസകോശ സംവിധാനത്തെ ബാധിക്കുന്ന വൈറസാണ്‌ ലോകത്തെ ആശയങ്കയിലാഴ്‌ത്തിയിരിക്കുന്നത്‌. ശൈത്യകാലത്തും വസന്തകാലത്തിന്റെ തുടക്കത്തിലുമാണ്‌ ഈ വൈറസ്‌ പനി കൂടുതല്‍ വ്യാപകമാകാറുള്ളത്‌.

ലക്ഷണങ്ങള്‍
സാധാരണ ജലദോഷപനിക്ക്‌ സമാനമായ ലക്ഷണങ്ങളാണ്‌ എച്ച്‌എംപിവി ബാധിച്ചവര്‍ക്ക്‌ ഉണ്ടാവുക. ചുമ, പനി, മൂക്കടപ്പ്‌, തൊണ്ടവേദന, ശ്വാസംമുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങളാണ്‌ ഇപ്പോള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്‌. വൈറസ്‌ ഉള്ളിലെത്തി മൂന്ന്‌ മുതല്‍ ആറ്‌ ദിവസങ്ങള്‍ക്കുള്ളില്‍ ഈ ലക്ഷണങ്ങള്‍ പ്രകടമാകാം. ഒരു വ്യക്തിയില്‍ നിന്ന്‌ മറ്റൊരു വ്യക്തിയിലേക്ക്‌ ചുമ, തുമ്മല്‍, അടുത്ത ഇടപെഴകല്‍ എന്നിവ വഴി വൈറസ്‌ പടരാം.

ആര്‍ക്കൊക്കെയാണ്‌ അപകടസാധ്യത കൂടുതല്‍
14 വയസ്സിന്‌ താഴെയുള്ള കുട്ടികള്‍, പ്രായമായവര്‍, പ്രതിരോധശക്തി കുറഞ്ഞവര്‍ എന്നിവര്‍ക്കെല്ലാം എച്ച്‌എംപിവി മൂലമുള്ള അപകടസാധ്യതയുണ്ട്‌.

fever-Kerkez-istockphoto
Representative image. Photo Credit:Kerkez/istockphoto.com

രോഗസങ്കീര്‍ണ്ണത
സാധാരണ ജലദോഷമായി ആരംഭിച്ച്‌ ബ്രോങ്കൈറ്റിസ്‌, ന്യൂമോണിയ, ബ്രോങ്കിയോലൈറ്റിസ്‌, ആസ്‌മ, ക്രോണിക്‌ ഒബ്‌സ്‌ട്രക്ടീവ്‌ പള്‍മനറി ഡിസീസ്‌ പോലുള്ള രോഗസങ്കീര്‍ണ്ണതകളിലേക്ക്‌ എച്ച്‌എംപിവി നയിക്കാം.

രോഗനിയന്ത്രണമാര്‍ഗ്ഗങ്ങള്‍
കോവിഡ്‌ കാലഘട്ടത്തില്‍ പിന്തുടര്‍ന്നത്‌ പോലെ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച്‌ കുറഞ്ഞത്‌ 20 സെക്കന്‍ഡ്‌ കഴുകുന്നത്‌ രോഗപടര്‍ച്ച തടയാന്‍ സഹായിക്കും. മാസ്‌ക്‌ ധരിക്കുന്നതും ചുമയ്‌ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും മൂടുന്നതും വൈറസ്‌ പടരാതിരിക്കാന്‍ സഹായിക്കും. കഴുകാത്ത കൈകള്‍ കൊണ്ട്‌ കണ്ണ്‌, മൂക്ക്‌, വായ എന്നിവ തൊടുന്നതും ഒഴിവാക്കണം. വൈറസ്‌ ബാധിതര്‍ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം.

നിലവില്‍ പ്രത്യേകമായ വാക്‌സീനോ ആന്റിവൈറല്‍ തെറാപ്പിയോ എച്ച്‌എംപിവിക്ക്‌ ലഭ്യമല്ല. ലക്ഷണങ്ങള്‍ക്ക്‌ ചികിത്സ തേടാവുന്നതാണ്‌. 2001ല്‍ കണ്ട്‌ പിടിക്കപ്പെട്ട ഈ വൈറസ്‌ ന്യൂമോവിറിഡേ കുടുംബത്തില്‍ ഉള്‍പ്പെടുന്നതാണ്‌. 2011-12ല്‍ അമേരിക്ക, കാനഡ, യൂറോപ്പ്‌ എന്നിവിടങ്ങളില്‍ എച്ച്‌എംപിവി വൈറസ്‌ കേസുകള്‍ സ്ഥിരീകരിച്ചിരുന്നു.

English Summary:

New Respiratory Virus from China: Is HMPV More Dangerous Than the Common Cold? Find Out Here!HMPV Virus: Everything You Need to Know About the New Respiratory Illness Spreading in China.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com