ബഹിരാകാശത്ത് ഇന്ത്യയുടെ യന്ത്രക്കൈ പ്രവർത്തിപ്പിച്ചു; ചരിത്ര നേട്ടത്തിൽ ഐഎസ്ആർഒ – വിഡിയോ
Mail This Article
ബെംഗളൂരു∙ ബഹിരാകാശത്ത് ആദ്യമായി യന്ത്രക്കൈ പ്രവർത്തിപ്പിച്ച് ഇന്ത്യ. തിരുവനന്തപുരത്തെ ഐഎസ്ആർഒ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ് (ഐഐഎസ്‌യു) വികസിപ്പിച്ച നടക്കും യന്ത്രക്കൈയുടെ ആർആർഎം–ടിഡി (റീലൊക്കേറ്റബിൾ റോബോട്ടിക് മാനിപ്പുലേറ്റർ – ടെക്നോളജി ഡെമോൺസ്ട്രേറ്റർ) ദൃശ്യങ്ങൾ സഹിതം ഐഎസ്ആർഒ എക്സിലൂടെ അറിയിച്ചു. പിഎസ്എൽവി സി60 ദൗത്യത്തിന്റെ ഭാഗമായാണ് യന്ത്രക്കൈ ബഹിരാകാശത്തേക്ക് അയച്ചത്.
ബഹിരാകാശ നടത്തം, ഉപഗ്രഹങ്ങളുടെ അറ്റകുറ്റപ്പണി, ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കൽ തുടങ്ങിയ ജോലികളിൽ ഈ യന്ത്രക്കൈ സഹായകമാകും. പേലോഡുകളിൽ ഡെബ്രിസ് ക്യാപ്‌ചർ റോബട്ടിക് മാനിപ്പുലേറ്ററും ഉണ്ട്. ഉപഗ്രഹങ്ങൾക്ക് ഭീഷണിയായ ബഹിരാകാശ അവശിഷ്ടങ്ങൾ പിടിച്ചെടുക്കാനും നീക്കം ചെയ്യാനും സാധിക്കും വിധം ഡിസൈൻ ചെയ്‌തിരിക്കുന്ന റോബട്ട് ആണിത്.
ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം ‘ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ സ്ഥാപിക്കുമ്പോൾ ഉപയോഗിക്കുന്ന യന്ത്രക്കൈയുടെ പ്രാഥമിക രൂപമാണ് ഇത്. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു നടന്നുനീങ്ങി ആവശ്യമായ നിരീക്ഷണവും അറ്റകുറ്റപ്പണിയുമൊക്കെ നടത്താൻ പറ്റുന്ന രീതിയിലാണ് രൂപകൽപ്പന.