കരാറുകാരന്റെ പുരയിടത്തിലെ സെപ്റ്റിക് ടാങ്കിൽനിന്ന് മൃതദേഹം; മാധ്യമപ്രവർത്തകൻ മുകേഷിന്റെ മരണത്തിൽ ദുരൂഹത
Mail This Article
ബിജാപുർ (ഛത്തീസ്ഗഡ്) ∙ റോഡ് നിർമാണ അഴിമതിയുമായി ബന്ധപ്പെട്ട വിവാദവിവരങ്ങൾ പുറത്തുകൊണ്ടുവന്നതാണ് ഫ്രീലാൻസ് മാധ്യമപ്രവർത്തകൻ മുകേഷ് ചന്ദ്രാകറുടെ (33) മരണത്തിലേക്ക് നയിച്ചതെന്ന് സൂചന. പ്രദേശത്തെ പ്രമുഖ കരാറുകാരന്റെ പുരയിടത്തിലെ സെപ്റ്റിക് ടാങ്കിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. റോഡ് നിർമാണവുമായി ബന്ധപ്പെട്ട അഴിമതി മുകേഷ് ഈയിടെ പുറത്തുകൊണ്ടുവന്നിരുന്നു. ഇതാണ് മരണത്തിൽ കോൺട്രാക്ടർമാരുടെ പങ്ക് സംശയിക്കാൻ കാരണം.
കൊലപാതകത്തിനു കേസെടുത്തതായി പൊലീസ് അറിയിച്ചു. ബസ്തർ ജംക്‌ഷൻ എന്ന യുട്യൂബ് ചാനലിലൂടെ പേരെടുത്ത മുകേഷിനെ ജനുവരി ഒന്നിനാണ് കാണാതായത്. മുകേഷിനെ അവസാനമായി ഫോണിൽ വിളിച്ചത് ഒരു കോൺട്രാക്ടറാണ്. ഇക്കാര്യം സുഹൃത്തിനെ മുകേഷ് അറിയിച്ചിരുന്നു. പിന്നീട് ഫോണിൽ ബന്ധപ്പെടാനായില്ല.
തുടർന്നു സഹോദരൻ യുകേഷ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ബസ്തർ മേഖലയിലെ മാവോയിസ്റ്റ് സംഘർഷങ്ങൾ സംബന്ധിച്ചുള്ള മുകേഷിന്റെ റിപ്പോർട്ടുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.