പകൽ റിക്രൂട്ടിങ് ജോലി, രാത്രിയിൽ യുഎസ് മോഡൽ; കബളിപ്പിച്ചത് 700 പെൺകുട്ടികളെ, അറസ്റ്റ്
Mail This Article
ന്യൂഡൽഹി∙ പകൽ സമയം ഉത്തർപ്രദേശിലെ നോയിഡയിലുള്ള ഒരു സ്വകാര്യ കമ്പനിയിലെ റിക്രൂട്ടിങ് ജോലി. രാത്രിയിൽ യുഎസിൽ പ്രവർത്തിക്കുന്ന മോഡൽ ഇന്ത്യയിൽ ആത്മീയ അന്വേഷണത്തിനായി എത്തിയെന്ന പേരിലുള്ള പ്രവർത്തനങ്ങളും! ഇങ്ങനെ 700 പെൺകുട്ടികളെ കബളിപ്പിച്ച കേസിൽ ഇരുപത്തിമൂന്നുകാരനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. പകലത്തെ ജോലി അയാൾക്കു സുരക്ഷിതത്വം നൽകുകയും രാത്രിയിലെ ബ്ലാക്‌മെയിലിങ്ങും മറ്റു പ്രവർത്തനങ്ങളും അനധികൃതമായി പണം കൊണ്ടുത്തരികയും ചെയ്തു. കിഴക്കൻ ഡൽഹിയിലെ ഷാകർപുർ മേഖലയിൽനിന്നാണ് തുഷാർ സിങ് ബിഷ്ട് എന്നയാളെ അറസ്റ്റ് ചെയ്തത്.
ഡൽഹി സ്വദേശിയായ തുഷാർ ബിബിഎ ബിരുദധാരിയാണ്. കഴിഞ്ഞ മൂന്നു വർഷമായി ഇയാൾ നോയിഡ കമ്പനിയിലെ ടെക്നിക്കൽ റിക്രൂട്ടറായി ജോലി ചെയ്യുകയായിരുന്നു. പിതാവ് ഡ്രൈവറും അമ്മ വീട്ടമ്മയുമാണ്. സഹോദരി ഗുരുഗ്രാമിൽ ജോലി ചെയ്യുന്നു. തുഷാറിന് സ്ഥിരവരുമാനമുണ്ടെങ്കിലും സൈബർ കുറ്റകൃത്യത്തിന്റെ ലോകത്തേക്ക് ഇറങ്ങാനായിരുന്നു താൽപര്യം. സ്ത്രീകളോടുള്ള താൽപര്യമായിരുന്നു ഇതിനു പിന്നിൽ.
ആപ്പ് വഴി ലഭ്യമാകുന്ന ഒരു വെർച്വൽ രാജ്യാന്തര മൊബൈൽ നമ്പർ ഉപയോഗിച്ചായിരുന്നു തുഷാറിന്റെ പ്രവർത്തനങ്ങൾ. പ്രമുഖ ഡേറ്റിങ്, സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളായ ബംബിൾ, സ്നാപ്ചാറ്റ് തുടങ്ങിയവയിൽ തുഷാർ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കിയിരുന്നു. യുഎസ് ആസ്ഥാനമായ ഫ്രീലാൻസ് മോഡലാണെന്നും ഇന്ത്യയിൽ സന്ദർശനത്തിന് എത്തിയതാണെന്നുമായിരുന്നു ഈ പ്ലാറ്റ്‌ഫോമുകളിലെ അക്കൗണ്ടുകളിൽ നൽകിയിരിക്കുന്ന വിവരം. ബ്രസീലിയൻ മോഡലിന്റെ ഫോട്ടോകളും സ്റ്റോറികളും ഉപയോഗിച്ചായിരുന്നു ഈ പ്ലാറ്റ്‌ഫോമുകളിലെ പ്രവർത്തനം. 18-30 വയസ്സിനിടയിൽ പ്രായമുള്ള പെൺകുട്ടികളായിരുന്നു ഇയാളുടെ ഇരകൾ.
∙ തട്ടിപ്പ് ഇങ്ങനെ
പെൺകുട്ടികളുടെ വിശ്വാസം നേടിയെടുത്താൽ അവരുടെ ഫോൺ നമ്പർ തേടും. പിന്നീട് സ്വകാര്യ നിമിഷങ്ങൾ ആവശ്യപ്പെടും. താൽപര്യം നഷ്ടപ്പെടുമ്പോൾ പണം ആവശ്യപ്പെടും. പണം നൽകിയില്ലെങ്കിൽ ഈ ചിത്രങ്ങളും വിഡിയോകളും ഓൺലൈനിൽ പ്രചരിപ്പിക്കുമെന്നും ഡാർക് വെബിൽ വിൽക്കുമെന്നുമായിരുന്നു ഭീഷണി. ബംബിളിൽ 500ൽ പരം പെൺകുട്ടികളുമായും സ്നാപ്‌ചാറ്റിലും വാട്സാപ്പിലുമായി 200ൽ പരം പെൺകുട്ടികളുമായും ഇയാൾക്ക് ബന്ധമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ സ്വകാര്യനിമിഷങ്ങളെല്ലാം ശേഖരിച്ചുവച്ചിരുന്നതും പൊലീസ് കണ്ടെത്തി.
ഇക്കഴിഞ്ഞ ഡിസംബർ 13ന് ഡൽഹി സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർഥിനി നൽകിയ പരാതിയിലാണ് തുഷാർ അറസ്റ്റിലായത്. കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു ബംബിൾ വഴി തുഷാറുമായി പെൺകുട്ടി പരിചയത്തിലായത്. പിന്നാലെ ചിത്രങ്ങളും വിഡിയോകളും അയച്ചുകൊടുത്തു. നേരിട്ടു കാണണമെന്നു പലയാവർത്തി പെൺകുട്ടി ആവശ്യപ്പെട്ടപ്പോൾ അയാൾ ഒഴിവാക്കാൻ ശ്രമം നടത്തി. പിന്നീടാണ് സ്വകാര്യ വിഡിയോ അയച്ചുകൊടുത്ത് ബ്ലാക്‌മെയിൽ ചെയ്യാൻ ആരംഭിച്ചത്. ഭയന്നുപോയ അവർ ചെറിയ തുകകൾ കൈമാറി. എന്നാൽ സ്ഥിരമായി ഭീഷണി ആയതോടെ കുടുംബത്തെ അറിയിച്ചശേഷം പരാതി നൽകുകയായിരുന്നു.
∙ അന്വേഷണം
വെസ്റ്റ് ഡൽഹി സൈബർ പൊലീസ് സ്റ്റേഷനിൽ ഈ കേസിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചായിരുന്നു അന്വേഷണം. എസിപി അരവിന്ദ് യാദവിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. സമഗ്ര അന്വേഷണത്തിൽ തുഷാറിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇടപാടുകൾ വെളിപ്പെടുത്തുന്ന തെളിവുകൾ അടങ്ങിയ മൊബൈൽ ഫോൺ, വെർച്വൽ മൊബൈൽ നമ്പർ, വിവിധ ബാങ്കുകളിൽ നിന്നായി 13 ക്രെഡിറ്റ് കാർഡുകൾ.
ഡൽഹിയിൽനിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള പെൺകുട്ടികളുമായുള്ള 60 വാട്സാപ് ചാറ്റ് റെക്കോർഡുകൾ തുടങ്ങിയവ കണ്ടെത്തി. തുഷാറുമായി ബന്ധപ്പെടുത്തിയ രണ്ട് ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തിയിട്ടുണ്ട്. അതിൽ ഒന്നിലേക്കാണ് ഇരകളായ പെൺകുട്ടികൾ പണം അയച്ചിരുന്നത്. മറ്റേ അക്കൗണ്ടിനെക്കുറിച്ച് അന്വേഷണം നടക്കുന്നതേയുള്ളൂ.